സന്തോഷ് മാധവന് നെല്‍പ്പാടം ഉള്‍പ്പെടുന്ന 118 ഏക്കര്‍ വിട്ടുകൊടുത്ത് സര്‍ക്കാര്‍ ഉത്തരവ്
Daily News
സന്തോഷ് മാധവന് നെല്‍പ്പാടം ഉള്‍പ്പെടുന്ന 118 ഏക്കര്‍ വിട്ടുകൊടുത്ത് സര്‍ക്കാര്‍ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd March 2016, 11:06 am

santhosh
തിരുവനന്തപുരം: സന്തോഷ് മാധവന്റെ കമ്പനിക്ക് സര്‍ക്കാറിന്റെ ഭൂമിദാനം. നെല്‍പ്പാടം ഉള്‍പ്പെടുന്ന 118 ഏക്കര്‍ ഭൂമി സന്തോഷ് മാധവന് വിട്ടുകൊടുത്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

2009ല്‍ ജനുവരിയില്‍ മിച്ചഭൂമിയായി കണ്ട് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് ഇപ്പോള്‍ സന്തോഷ് മാധവന്റെ കമ്പനിക്ക് വിട്ടുകൊടുത്തത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പ് മാര്‍ച്ച് 2ന് നടന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാന പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ്.

വടക്കന്‍ പറവൂരിലെയും മാളയിലെയും ഭൂമിയാണ് സര്‍ക്കാര്‍ സന്തോഷ് മാധവന്റെ കമ്പനിക്ക് വിട്ടുകൊടുത്തത്. ഐ.ടി വ്യവസായത്തിനെന്ന വ്യാജേനയാണ് ഭൂമിദാനം. 30,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന 1600 കോടിയുടെ പദ്ധതിയെന്നു പറഞ്ഞാണ് സന്തോഷ് മാധവന്റെ കമ്പനി സര്‍ക്കാറിനെ സമീപിച്ചത്.

നേരത്തെ എക്കോ ഫ്രണ്ട് പാര്‍ക്കിനുവേണ്ടിയെന്നു പറഞ്ഞ് ഈ ഭൂമിക്കായി സന്തോഷ് മാധവന്റെ കമ്പനി സര്‍ക്കാറിനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കാര്യത്തില്‍ പഠനം നടത്താന്‍ തൃശൂര്‍ ജില്ലാ ഭരണകൂടത്തിന് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി. എന്നാല്‍ കമ്പനിയുടേത് പൊതുതാല്‍പര്യമല്ല, റിയല്‍ എസ്റ്റേറ്റ് താല്‍പര്യമാണെന്നു പറഞ്ഞ് ജില്ലാ ഭരണകൂടം റിപ്പോര്‍ട്ടു നല്‍കിയതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് ആവശ്യം തള്ളുകയായിരുന്നു.

എന്നാല്‍ ഇത്തവണ ജില്ലാ ഭരണകൂടത്തെപ്പോലും അറിയിക്കാതെയാണ് സര്‍ക്കാറിന്റെ ഈ നീക്കം. 90% നെല്‍വയല്‍ ആയ ഭൂമിയാണ് ഇത്തരത്തില്‍ നല്‍കിയിരിക്കുന്നത്. നെല്‍വയല്‍ കൃഷിക്കല്ലാതെ വിട്ടുനല്‍കരുതെന്ന നിയമവും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്.

ജില്ലാതല സമിതിപോലും അറിയാതെയാാണ് പിന്‍വാതിലിലൂടെ ഈ ഭൂമിദാനത്തിനു അംഗീകാരം നല്‍കിയതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ ഹരീഷ് വാസുദേവന്‍ പറയുന്നു. 90 ഏക്കര്‍ നെല്‍വയല്‍ നീര്‍ത്തടം നികത്തി ഐ.ടി പാര്‍ക്ക് കൊണ്ടുവരാനുള്ള പദ്ധതിക്കുള്ള ഭൂപരിഷ്‌കരണ നിയമത്തിലെ അനുമതിയാണ് സന്തോഷ് മാധവന് നല്‍കിയത്. സത്യസന്ധമല്ല എന്ന കാരണത്താല്‍ നേരത്തെ രണ്ടുവട്ടം ഇടതു സര്‍ക്കാരും യു.ഡി.എഫ് സര്‍ക്കാരും തള്ളിയ പദ്ധതിയാണ് മന്ത്രിസഭ ഇപ്പോള്‍ പാസിക്കിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.