ന്യൂദല്‍ഹി: വയനാട് ധനസഹായം സംബന്ധിച്ച് രാജ്യസഭയില്‍ വാക്പ്പോര്. കേരളം ഇന്ത്യയില്‍ അല്ലേയെന്ന് ഇടത് എം.പി സന്തോഷ് കുമാര്‍ രാജ്യസഭയില്‍ ചോദിച്ചു. വയനാട്ടിലെ മേപ്പടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ രാജ്യത്തെ മറ്റിടങ്ങളില്‍ ആയിരുന്നു ഉണ്ടായതെങ്കില്‍ ഈ സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നും എം.പി ചോദ്യം ഉയര്‍ത്തി.
തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും സംസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ടുള്ള മന്ത്രിമാര്‍ ഈ വിഷയം കണ്ടില്ലെന്ന് നടിക്കുകയാണെന്നും സന്തോഷ് കുമാര്‍ എം.പി പ്രതികരിച്ചു. ഒരു സിംഗിള്‍ പാക്കേജെങ്കിലും കേരളത്തിനായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടര്‍ന്ന്, വയനാട്ടിലെ ദുരന്തത്തിന് ശേഷം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറങ്ങുകയായിരുന്നുവെന്ന് ഇടത് എം.പിമാര്‍ക്ക് മറുപടിയായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
ദുരന്തമുണ്ടായ സമയത്ത് പ്രധാനമന്ത്രി വയനാടിനായി പ്രവര്‍ത്തിച്ചിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രി ഉറങ്ങുകയായിരുന്നുവെന്നുമാണ് ജോര്‍ജ് കുര്യന്‍ പറഞ്ഞത്. താന്‍ വയനാട്ടിലെത്തിയപ്പോള്‍ ഒരു എം.പിയും ഒരു എം.എല്‍.എയും സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
ജൂലൈ 30നായിരുന്നു വയനാട് മുണ്ടക്കൈ-ചൂരല്‍മലയില്‍ ദുരന്തമുണ്ടായത്. 200ലധികം ആളുകളായിരുന്നു ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടത്. ദുരന്തത്തില്‍ അകപ്പെട്ട ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.
ദുരന്തത്തെ തുടര്‍ന്ന് കേരളം പ്രധാനമായും മൂന്നു ആവശ്യങ്ങളാണ് കേന്ദ്രത്തിന് മുന്നില്‍ വെച്ചത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണം, കടങ്ങള്‍ എഴുതിത്തള്ളണം, അടിയന്തര സഹായം വേണം എന്നിവയായിരുന്നു ആവശ്യങ്ങൾ.
പിന്നാലെ ഉരുൾപൊട്ടലുണ്ടായി 154 ദിവസം പിന്നിട്ട ശേഷം വയനാട് ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിചിരുന്നു. എന്നാല്‍ മറ്റ് ആവശ്യങ്ങളില്‍ കേന്ദ്രം മറുപടിയൊന്നും നല്‍കിയിട്ടില്ല.
അതേസമയം എന്‍.ഡി.എ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ദാരിദ്ര നിര്‍മാര്‍ജന പദ്ധതി ലക്ഷ്യം കണ്ടുവെന്നും 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ പറഞ്ഞു. സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ നേട്ടത്തിനായല്ല, എല്ലാം ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നും മോദി പറഞ്ഞു. ഗരീബി ഹഡാവോ എന്ന മുദ്രാവാക്യം ഇപ്പോള്‍ എവിടെ? കോണ്‍ഗ്രസ് നിരവധി കപട വാഗ്ദാനങ്ങള്‍ നല്‍കി. എന്നാല്‍ തങ്ങള്‍ അത് പ്രാവര്‍ത്തികമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആദായ നികുതിയില്‍ നിന്ന് രാജ്യത്തെ മധ്യവര്‍ഗത്തെ സര്‍ക്കാര്‍ ഒഴിവാക്കിയെന്നും നരേന്ദ്ര മോദി പറഞ്ഞു. 10 വര്‍ഷത്തിനിടെ തന്റെ സര്‍ക്കാര്‍ അഴിമതി കാട്ടിയെന്ന് ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ പദ്ധതികളെ യൂണിസെഫ് പോലും അംഗീകരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Content Highlight: Santhosh Kumar MP asked Kerala is not in India in rajyasabha