| Saturday, 29th June 2024, 9:04 am

ഈ വന്നിരിക്കുന്നത് എന്റെ അച്ഛനാണെന്ന് ലാലേട്ടന്‍; അന്ന് അവര്‍ എന്നെ അടിമുടി നോക്കി: സന്തോഷ് കീഴാറ്റൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാടകത്തിലൂടെ സിനിമയില്‍ എത്തിയ താരങ്ങളില്‍ ഒരാളാണ് സന്തോഷ് കീഴാറ്റൂര്‍. 2003ല്‍ പുറത്തിറങ്ങിയ ചക്രമെന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച താരം ഇന്ന് മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ എന്ന സിനിമയില്‍ സന്തോഷ് മോഹന്‍ലാലിന്റെ ചെറുപ്പകാലത്തെ കഥാപാത്രത്തിന്റെ അച്ഛനായി അഭിനയിച്ചിരുന്നു.

വളരെ ചെറിയ പ്രായത്തില്‍ തന്നെ മോഹന്‍ലാലിന്റെ അച്ഛനാകാന്‍ പറ്റിയെന്നുള്ളത് അഭിമാനമുള്ള കാര്യമാണെന്ന് പറയുകയാണ് സന്തോഷ് കീഴാറ്റൂര്‍. ഹോട്ട് എന്‍ സോര്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ലാലേട്ടന്റെ അച്ഛനാകാന്‍ പറ്റിയെന്നുള്ളത് അഭിമാനമുള്ള കാര്യമാണ്. അതും വളരെ ചെറിയ പ്രായത്തില്‍ തന്നെ. ഞാന്‍ ട്രൗസറിട്ട് നടക്കുമ്പോള്‍ കണ്ട ആക്ടറാണ് അദ്ദേഹം. ഞാന്‍ വളര്‍ന്നപ്പോള്‍ അവരുടെ കൂടെ അഭിനയിക്കാന്‍ എനിക്ക് കഴിഞ്ഞു. ലാലേട്ടന്റെ അച്ഛനാണ് ഞാനെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ചെറുപ്പകാലം ചെയ്ത കഥാപാത്രത്തിന്റെ അച്ഛനാണെന്ന് ആളുകള്‍ക്കറിയുന്ന കാര്യമാണ്.

ഞാനാണെങ്കില്‍ ദുല്‍ഖറിന്റെ അച്ഛനായിട്ടും അഭിനയിച്ചിട്ടുണ്ട്. അപ്പോള്‍ അവന്റെയും അച്ഛനാണ്. ചിലയിടങ്ങളില്‍ പോകുമ്പോള്‍ എനിക്ക് അവിടെയുള്ളവരില്‍ നിന്ന് കിട്ടുന്ന സ്‌നേഹം വലുതാണ്. നമ്മളെ പലപ്പോഴും പരിചയപെടുത്തുന്നത് നമ്മള്‍ ചെയ്ത കഥാപാത്രത്തിന്റെ പേരിലാകും. ഞാന്‍ ഒരിക്കല്‍ ഒടിയന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയപ്പോള്‍ എല്ലാവരും പറഞ്ഞത് ‘ദാ ലാലേട്ടന്റെ അച്ഛന്‍ വന്നു’വെന്നാണ്.

Also Read: എന്റെ ഓരോ ചെറിയ മൂവ്‌മെന്റും മിസ്സാകാതെ ഷൂട്ട് ചെയ്ത ഒരൊറ്റ ക്യാമറമാന്‍ മാത്രമേയുള്ളൂ, അത് അയാളാണ്:ദര്‍ശന രാജേന്ദ്രന്‍

അതുകഴിഞ്ഞ് ഞാന്‍ അന്ന് നേരെ പോയത് ലാലേട്ടന്റെ അടുത്തേക്കായിരുന്നു. അവിടെ ലാലേട്ടന്റെ കൂടെ അദ്ദേഹത്തിന്റെ കുറേ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അദ്ദേഹം അന്ന് എന്നെ കണ്ടതും ചിരിച്ചു കൊണ്ട് ഈ വന്നിരിക്കുന്നത് എന്റെ അച്ഛനാണെന്ന് പറഞ്ഞു. അവിടെ ഉണ്ടായിരുന്നത് ഹിന്ദിയില്‍ നിന്നോ മറ്റോ വന്ന പ്രൊഡ്യൂസര്‍മാരൊക്കെ ആയിരുന്നു. അവര്‍ അത് കേട്ടതും എന്നെ അടിമുടി നോക്കി. അന്ന് ലാലേട്ടന്‍ എന്നെ അച്ഛനാണ് വന്നതെന്ന് പറഞ്ഞ് കളിയാക്കിയതായിരുന്നു,’ സന്തോഷ് കീഴാറ്റൂര്‍ പറയുന്നു.


Content Highlight: Santhosh Keezhattur Talks About Mohanlal Making Fun Of Him

We use cookies to give you the best possible experience. Learn more