അന്ന് പ്രൊഡ്യൂസര്‍മാരുടെ മുന്നില്‍ തന്റെ അച്ഛനാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞ് ലാലേട്ടന്‍ എന്നെ കളിയാക്കി: സന്തോഷ് കീഴാറ്റൂര്‍
Film News
അന്ന് പ്രൊഡ്യൂസര്‍മാരുടെ മുന്നില്‍ തന്റെ അച്ഛനാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞ് ലാലേട്ടന്‍ എന്നെ കളിയാക്കി: സന്തോഷ് കീഴാറ്റൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st March 2024, 3:31 pm

വളരെ ചെറിയ പ്രായത്തില്‍ തന്നെ മോഹന്‍ലാലിന്റെ അച്ഛനാകാന്‍ പറ്റിയെന്നുള്ളത് അഭിമാനമുള്ള കാര്യമാണെന്ന് സന്തോഷ് കീഴാറ്റൂര്‍. 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകനില്‍ സന്തോഷ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ അച്ഛനായി അഭിനയിച്ചിരുന്നു.

തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹോട്ട് എന്‍ സോര്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഒരു അനുഭവം പങ്കുവെക്കുകയായിരുന്നു സന്തോഷ് കീഴാറ്റൂര്‍.

താന്‍ ചില നാട്ടില്‍ പോകുമ്പോള്‍ കിട്ടുന്ന സ്നേഹം വലുതാണെന്നും പലപ്പോഴും മോഹന്‍ലാലിന്റെ അച്ഛനെന്ന് പറഞ്ഞാണ് ചിലര്‍ പരിചയപെടുത്തുന്നതെന്നും താരം പറയുന്നു. ഒരു ദിവസം ഒടിയന്റെ ലൊക്കേഷനില്‍ പോയപ്പോള്‍ മോഹന്‍ലാല്‍ തന്നെ അച്ഛനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയതിനെ കുറിച്ചും സന്തോഷ് അഭിമുഖത്തില്‍ പറഞ്ഞു.

‘വളരെ ചെറിയ പ്രായത്തില്‍ തന്നെ ലാലേട്ടന്റെ അച്ഛനാകാന്‍ പറ്റിയെന്നുള്ളത് അഭിമാനമുള്ള കാര്യമാണ്. നമ്മള്‍ ട്രൗസറിട്ട് നടക്കുമ്പോള്‍ കാണുന്ന ആക്ടെഴ്സാണ് അവര്‍. വളര്‍ന്നപ്പോള്‍ അവരുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചു.

പിന്നെ ലാലേട്ടന്റെ അച്ഛനെന്ന് പറയുമ്പോള്‍ ആളുകള്‍ക്കറിയാം അദ്ദേഹത്തിന്റെ ചെറുപ്പകാലം ചെയ്ത കഥാപാത്രത്തിന്റെ അച്ഛനാണെന്ന്. എന്നാല്‍ ആരാണെങ്കിലും പെട്ടെന്ന് പറയുക മോഹന്‍ലാലിന്റെ അച്ഛനാണെന്നാണ്.

പിന്നെ ഞാന്‍ ദുല്‍ഖറിന്റെ അച്ഛന്‍ കൂടെയാണ്. ചില നാട്ടില്‍ പോകുമ്പോള്‍ കിട്ടുന്ന സ്നേഹം വലുതാണ്. നമ്മളെ പലപ്പോഴും പരിചയപെടുത്തുന്നത് അങ്ങനെയാണ്. ഞാന്‍ ഒടിയന്‍ സിനിമയുടെ ലൊക്കേഷനില്‍ പോയതും ദാ ലാലേട്ടന്റെ അച്ഛന്‍ വന്നുവെന്നാണ് എല്ലാവരും പറഞ്ഞത്.

ഞാന്‍ അന്ന് നേരെ പോയത് ലാലേട്ടന്റെ അടുത്തേക്കായിരുന്നു. അവിടെ ലാലേട്ടന്റെ കുറേ സുഹൃത്തുക്കളുണ്ടായിരുന്നു. അദ്ദേഹം അന്ന് ചിരിച്ചു കൊണ്ട് എന്റെ അച്ഛനാണ് വന്നിരിക്കുന്നത് എന്ന് പറഞ്ഞു. ഹിന്ദിയില്‍ നിന്നോ മറ്റോ വന്ന പ്രൊഡ്യൂസര്‍മാര്‍ അത് കേട്ട് എന്നെ അടിമുടി നോക്കി. അന്ന് ലാലേട്ടന്‍ എന്റെ അച്ഛനാണ് വന്നതെന്ന് പറഞ്ഞ് കളിയാക്കിയതാണ്,’ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.


Content Highlight: Santhosh Keezhattur Talks About Mohanlal