ഒരു കൊടിക്ക് കീഴില്‍ അണിനിരക്കുന്ന ഞങ്ങളെ ഭിന്നിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല: സന്തോഷ് കീഴാറ്റൂര്‍
Keezhattur Protest
ഒരു കൊടിക്ക് കീഴില്‍ അണിനിരക്കുന്ന ഞങ്ങളെ ഭിന്നിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല: സന്തോഷ് കീഴാറ്റൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th March 2018, 2:26 pm

കണ്ണൂര്‍: കീഴാറ്റൂര്‍ ഗ്രാമവാസികള്‍ക്കെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങളിലൂടെ തങ്ങളെ ഭിന്നിപ്പിക്കാനാകില്ലെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍. വയല്‍സമരക്കാരെ കൂട്ടുപിടിച്ച് കീഴാറ്റൂരിനെ കവരാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“25വര്‍ഷമായി നാടകം കളിച്ച് നടക്കുമ്പോഴും പ്രിയപ്പെട്ട നാടായി കാത്ത് സൂക്ഷിക്കുന്നത് കീഴാറ്റൂരിനെയാണ്. വലിയ പൂജകളോ ആചാരങ്ങളോ നടക്കാത്ത ഞങ്ങളുടെ നാട്ടിലേ ക്ഷേത്രത്തിലേക്കുപോലും പലതുമായി പലരും കടന്നുവരികയാണ്.”


Related News:  കീഴാറ്റൂര്‍: പ്രകൃതി സംരക്ഷകരുടെ കുപ്പായമിട്ടുള്ള സി.പി.ഐ.എം വാദങ്ങള്‍ക്ക് ഒരു ഇടതനുകൂലിയുടെ മറുപടി


ഒരുകൊടിക്ക് കീഴില്‍ അണിനിരക്കുന്ന കീഴാറ്റൂരുകാരെ ഭിന്നിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നാണ് കീഴാറ്റൂരിന് കേരളത്തോട് പറയാനുള്ളത്. സ്വന്തം നാടിനെ കാക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാന്‍ നാട്ടുകാരോടൊപ്പം തയ്യാറാകുമെന്നും സന്തോഷ് പറഞ്ഞു.

അതേസമയം ബൈപ്പാസിനെതിരെ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരം മൂന്നാംഘട്ടത്തിലേക്ക് നടത്തുകയാണ് ഇന്ന്. കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ ഇന്ന് കീഴാറ്റൂര്‍ സന്ദര്‍ശിച്ചിരുന്നു. കീഴാറ്റൂരില്‍ ബദല്‍ സംവിധാനങ്ങളാണ് വേണ്ടതെന്നും സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കരുതെന്നും സുധീരന്‍ മാധ്യങ്ങളോട് പ്രതികരിച്ചു.


Related News:  കീഴാറ്റൂരിലെ ബൈപ്പാസിനു പകരം സാധ്യമായ മറ്റുമാര്‍ഗങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്; പരിഷത്ത് ഈ നാട്ടിലെ ദൈവമാണോ എന്ന് പി.ജയരാജന്‍


കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത ഉടലെടുത്തു.

സമരത്തില്‍ കോണ്‍ഗ്രസ് ഇത് വരെ നിലപാട് എടുത്തിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാട് രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ച ചെയ്ത് മാത്രമേ പ്രഖ്യാപിക്കുകയുള്ളു സമരത്തിന് അനുകൂലമാണോ പ്രതികൂലമാണോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ വസ്തുതകള്‍ പഠിക്കുന്നതിന് വേണ്ടിയാണ് സമര സ്ഥലം സന്ദര്‍ശിച്ചതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് സി.പി.ഐയും എ.ഐ.വൈ.എഫും പിന്തുണ അറിയിച്ചിരുന്നു.

WATCH THIS VIDEO: