നാടകത്തിലൂടെ സിനിമയിലേക്കെത്തിയ താരമാണ് സന്തോഷ് കീഴാറ്റൂര്‍. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. തന്റെ നാടകത്തിന് മോഹന്‍ലാലിനെക്കൊണ്ട് ഇന്‍ട്രോ പറയിപ്പിച്ച അനുഭവം താരം പങ്കുവെക്കുകയാണ്. ഒടിയന്‍ സിനിമയുടെ ഡബ്ബിങ്ങിന്റെ സമയത്താണ് മോഹന്‍ലാലിനെക്കൊണ്ട് അത് ചെയ്യിച്ചതെന്നും, അത്രയും വലിയൊരു നടന്‍ തനിക്ക് വേണ്ടി അതൊക്കെ ചെയ്യുമെന്ന് വിചാരിച്ചില്ലെന്നും സന്തോഷ് പറഞ്ഞു.
തന്റെ ഡബ്ബിങ് കഴിഞ്ഞപ്പോളാണ് മോഹന്‍ലാല്‍ ഡബ്ബിങ്ങിന് കയറിയതെന്നും മോഹന്‍ലാലിന്റെ ഡബ്ബിങ് കാണാന്‍ വേണ്ടി കുറച്ചുനേരം അവിടെ നിന്നുവെന്നും സന്തോഷ് പറഞ്ഞു. ആ സമയത്താണ് തന്റെ നാടകത്തിന്റെ ഇന്‍ട്രോ മോഹന്‍ലാലിനെക്കൊണ്ട് പറയിപ്പിച്ചാലോ എന്ന ചിന്ത വന്നതെന്നും താരം പറഞ്ഞു.
മോഹന്‍ലാലിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചുവെന്നും എന്നാല്‍ ആ സമയത്ത് തന്റെ കൈയില്‍ സ്‌ക്രിപ്റ്റ് ഇല്ലാത്തതിനാല്‍ പെട്ടെന്ന് എഴുതിയ ഇന്‍ട്രോ അദ്ദേഹത്തെക്കൊണ്ട് പറയിച്ചെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ മത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവീ വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് ഇക്കാര്യം പറഞ്ഞത്.
‘ഒടിയന്‍ സിനിമയുടെ ഡബ്ബിങ് നടക്കുന്ന സമയം, എന്റെ ഡബ്ബിങ് കഴിഞ്ഞ് ഇറങ്ങുന്ന സമയത്താണ് ലാലേട്ടന്‍ ഡബ്ബ് ചെയ്യാന്‍ വന്നത്. രണ്ട് മണിക്കൂര്‍ ഡബ്ബ് ചെയ്ത ശേഷം അദ്ദേഹം വേറൊരു പരിപാടിക്ക് പോകും. ഞാന്‍ അതുവരെ ലാലേട്ടന്‍ ഡബ്ബ് ചെയ്യുന്നത് കണ്ടിരുന്നില്ല. അന്ന് അദ്ദേഹത്തിന്റെ ഡബ്ബിങ് കാണാന്‍ തീരുമാനിച്ചു. അത് കണ്ടുകൊണ്ടിരുന്നപ്പോള്‍ എന്റെയുള്ളില്‍ ഒരു ചിന്ത വന്നു.
എന്റെ പുതിയ നാടകത്തിന് ലാലേട്ടനെക്കൊണ്ട് ഇന്‍ട്രോ പറയിച്ചാലോ എന്നൊരു ആഗ്രഹം വന്നു. അദ്ദേഹം ഡബ്ബ് ചെയ്ത് ഇറങ്ങിയപ്പോള്‍ ഞാന്‍ ഈ കാര്യം സൂചിപ്പിച്ചു. അദ്ദേഹം ഓക്കെ പറഞ്ഞിട്ട് എന്നോട് സ്‌ക്രിപ്റ്റ് ചോദിച്ചു. അപ്പോഴാണ് എന്റെ കൈയില്‍ സ്‌ക്രിപ്റ്റില്ലെന്ന് മനസിലായത്. നാടകത്തിലെ സുരേഷേട്ടനെ വിളിച്ചപ്പോള്‍ പുള്ളി ഫോണെടുക്കുന്നില്ലായിരുന്നു.
ലാലേട്ടനെപ്പോലെ ഒരു വലിയ നടനെ വെയിറ്റ് ചെയ്യിച്ചിരുത്തിയിട്ട് ഇങ്ങനെയായി പോയല്ലോ എന്ന് ആലോചിച്ച് ടെന്‍ഷനായി. അഞ്ച് മിനിറ്റ് കൊണ്ട് ഞാന്‍ നറേഷനെഴുതി അദ്ദേഹത്തിന് കൊടുത്തു. പിന്നീട് കുറച്ചുനേരത്തേക്ക് ഞാന്‍ അദ്ദേഹത്തിന് ഗുരുവായി. എന്നോട് എല്ലാ സംശയവും ചോദിച്ച് കൃത്യമായിട്ട് ആ നറേഷന്‍ റെക്കോഡ് ചെയ്തുതന്നു,’ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.
Content Highlight: Santhosh Keezhattoor shares the experience with Mohanlal