നാടകത്തിലൂടെ സിനിമയിലേക്കെത്തിയ താരമാണ് സന്തോഷ് കീഴാറ്റൂര്‍. 2003ല്‍ ചക്രം എന്ന ചിത്രത്തിലൂടെ സിനിമാമേഖലയിലേക്കെത്തിയെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തത് 2014ല്‍ പുറത്തിറങ്ങിയ വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.
എന്നാല്‍ അഭിനയിച്ച സിനിമകളിലെല്ലാം സന്തോഷിന്റെ കഥാപാത്രം മരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഡെത്ത് സ്റ്റാര്‍ എന്നൊരു വിളിപ്പേരും ട്രോളന്മാര്‍ താരത്തിന് നല്‍കി. ട്രോളുകളെല്ലാം കാണാറുണ്ടെന്നും ചിലത് തന്നെ ചിരിപ്പിക്കാറുണ്ടെന്നും താരം പറഞ്ഞു.
ഈയടുത്ത് കണ്ട ഒരു ട്രോള്‍ തന്നെ ഒരുപാട് ചിരിപ്പിച്ചെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. അവസാനം അഭിനയിച്ച മൂന്ന് സിനിമകളിലും ദിലീഷ് പോത്തന്‍ ചെയ്ത കഥാപാത്രം മരിക്കുന്നത് കൊണ്ട് തന്റെ സ്ഥാനം ദിലീഷ് പോത്തന്‍ ഏറ്റെടുത്തെന്ന് പറഞ്ഞുകൊണ്ടുള്ള ട്രോളാണ് കണ്ടതെന്നും സന്തോഷ് പറഞ്ഞു.
ഡെത്ത് സ്റ്റാര്‍ ടൈറ്റില്‍ തന്റെയടുത്ത് ദിലീഷിന് കിട്ടിയത് കണ്ട് സന്തോഷമായെന്നും താരം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ മത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് ഇക്കാര്യം പറഞ്ഞത്.
‘ഡെത്ത് സ്റ്റാര്‍ എന്ന പേര് വെച്ചുള്ള ട്രോളൊക്കെ കാണാറുണ്ട്. എല്ലാവര്‍ക്കും സ്റ്റാറാകണമെന്ന് ആഗ്രഹമുണ്ടാകുമല്ലോ. എനിക്ക് കിട്ടിയത് ഈ സ്റ്റാര്‍ ആയിപ്പോയി. കഴിഞ്ഞ ദിവസം ഒരു ട്രോള്‍ കണ്ട് ഒരുപാട് ചിരിച്ചു. ‘സന്തോഷ് കീഴാറ്റൂരിന്റെ സ്ഥാനം ദിലീഷ് പോത്തന്‍ ഏറ്റെടുത്തു’ എന്ന് പറഞ്ഞായിരുന്നു ആ ട്രോള്‍.
ദിലീഷ് അവസാനം ചെയ്ത മൂന്ന് സിനിമകളിലും പുള്ളി ചെയ്ത കഥാപാത്രം മരിക്കുന്നുണ്ട്. അടുത്ത ഡെത്ത് സ്റ്റാര്‍ ദിലീഷ് പോത്തന്‍ എന്ന് പലരും പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ എല്ലാ ദൈവങ്ങളെയും വിളിച്ച് നന്ദി പറഞ്ഞു. സിനിമകളിലേക്ക് വിളിക്കുമ്പോള്‍ കഥാപാത്രം മരിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും ഞാന്‍ നോക്കാറില്ല. സിനിമയുടെ ഭാഗമാവുക എന്നത് മാത്രമാണ് എന്റെ ആഗ്രഹം,’ സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.
Content Highlight: Santhosh Keezhattoor about Death Star title