| Friday, 18th February 2022, 8:29 pm

കോരിത്തരിപ്പ് മാറിയിട്ടില്ല, ആക്ഷന്‍ കോമഡി ഡ്രാമ സിനിമയാണ് 'ആറാട്ട്'; സന്തോഷം പങ്കുവെച്ച് താരങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകരുടെ കാത്തരിപ്പുകള്‍ക്കൊടുവില്‍ ഫെബ്രുവരി 18 ന് ‘ആറാട്ട്’ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. അവകാശവാദങ്ങളൊന്നുമില്ലാതെ വന്ന ബി. ഉണ്ണികൃഷ്ണന്റെ സിനിമ മോഹന്‍ലാലിന്റെ എനര്‍ജെറ്റിക് പെര്‍ഫോമന്‍സ് കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ആദ്യദിവസത്തെ ഷോ കണ്ടിറങ്ങിയ താരങ്ങള്‍ സിനിമയെ പ്രശംസിച്ചു.

പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമയാണെന്നും ചിത്രത്തില്‍ അഭിനയിച്ചതുകൊണ്ട് മാത്രം താനിത് പറയുകയല്ലെന്നും റോണി ഡേവിഡ് പറഞ്ഞു. ‘അഭിനയിച്ചതുകൊണ്ട് മാത്രം പറയുകയല്ല, മനസറിഞ്ഞു പറയുകയാണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടും. ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ അവസരം ലഭിച്ചത് വളരെയധികം സന്തോഷം തരുന്ന കാര്യമാണ്,’ റോണി പറഞ്ഞു.

മലയാളത്തില്‍ അതുപോലൊരു മാസ് സിനിമക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും എല്ലാവരും തിയേറ്ററില്‍ വന്ന് സിനിമ കാണണമെന്നും സ്വാസിക ആവശ്യപ്പെട്ടു.

സിനിമ ലാലേട്ടന്റെ ആറാട്ടാണെന്ന് പറഞ്ഞ മാളവിക ആദ്യമായി മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും പങ്കുവെച്ചു. ‘ഈ സിനിമയില്‍ നമുക്ക് ലാലേട്ടന്റെ ഓരോ കയ്യനക്കവും ഷൂട്ട് ചെയ്തിട്ടുണ്ട്. അതൊക്കെ നമുക്ക് എന്‍ജോയ് ചെയ്യാനുള്ളതാണ്. പഴയ ആ ലാലേട്ടനെ നമുക്ക് കാണാന്‍ പറ്റും, പഴയ ലാലേട്ടന്‍ എന്നുവച്ചാല്‍ ഇപ്പോള്‍ ഉള്ളതില്‍ നിന്ന് 20 വയസ്സ് താഴെ ഉള്ള ലാലേട്ടനെ നമുക്ക് കാണാം. അത്രയ്ക്ക് യങ്, ഫ്രീ ആയിട്ട്, അടിപൊളി ആയിട്ടുണ്ട്,’ മാളവിക പറഞ്ഞു.

സിനിമ കണ്ടതിന്റെ കോരിത്തരിപ്പ് ഇതുവരെ മാറിയിട്ടില്ല എന്നാണ് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞത്. ‘ത്രില്ലടിച്ച്, പൊട്ടിച്ചിരിച്ച് നല്ല കുടുംബപശ്ചാത്തലമുള്ള ആക്ഷന്‍ കോമഡി ഡ്രാമ സിനിമയാണ് ആറാട്ട്. നമ്മുടെ മനസില്‍ തങ്ങിനില്‍ക്കുന്ന ലാലേട്ടന്‍ കഥാപാത്രങ്ങളിലൂടെയുള്ള യാത്രയാണ് സിനിമ. ഇതുകൊണ്ട് തിയേറ്റര്‍ മുഴുവന്‍ ഉണര്‍വ് ഉണ്ടാകും,’ സന്തോഷ് പറഞ്ഞു.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്.

ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദീഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.ജി.എഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. ഇന്ത്യന്‍ സംഗീത മാന്ത്രീകന്‍ എ. ആര്‍. റഹ്മാനും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്.


Content Highlight: santhosh keezhatoor, swasika and malavika about aarattu

We use cookies to give you the best possible experience. Learn more