|

ആദ്യം ഈ ഗെറ്റപ്പില്‍ വന്നത് ഞാന്‍; പലരും കോപ്പിയടിച്ചതല്ലെന്ന് പറയാന്‍ പറ്റില്ല: സന്തോഷ് കെ. നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സന്തോഷ് കെ. നായര്‍. 1982ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഇത് ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.

ശേഷം നായകനായും വില്ലനായും സഹനടനായുമെല്ലാം സന്തോഷ് നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. അതില്‍ കൂടുതലും വില്ലന്‍ വേഷങ്ങള്‍ തന്നെയായിരുന്നു. സിനിമക്ക് പുറമെ രണ്ട് സീരിയലുകളിലും അഭിനയിച്ച സന്തോഷ് മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെയൊപ്പവും അഭിനയിച്ചിട്ടുണ്ട്.

കുറച്ച് വര്‍ഷങ്ങളായി വെള്ള താടിയും കറുപ്പ് മീശയുമുള്ള ഗെറ്റപ്പിലാണ് സന്തോഷിനെ കാണാറുള്ളത്. സമാനമായ ഗെറ്റപ്പില്‍ തന്നെയാണ് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുമുള്ളത്.

ഒപ്പം തെലുങ്കിലെ ബാലയ്യ ഉള്‍പ്പെടെയുള്ള ചിലരും ഇതേ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ ഗെറ്റപ്പിനെ കുറിച്ച് പറയുകയാണ് സന്തോഷ് കെ. നായര്‍. താന്‍ ഈ ഗെറ്റപ്പ് വെച്ചിട്ട് ഏഴോ എട്ടോ വര്‍ഷമായെന്നും താനാണ് ആദ്യം വെച്ചതെന്നും അദ്ദേഹം പറയുന്നു.

അതിന് ശേഷം കേരളത്തിലെ ഒരുപാട് പൊളിറ്റീഷ്യന്‍സും നടന്മാരും തെലുങ്കിലെ ചില നടന്മാരും ഈ ഗെറ്റപ്പ് ഉപയോഗിച്ചുവെന്നും സന്തോഷ് പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി നിങ്ങളുടെ ഗെറ്റപ്പാണോ കുറച്ച് കാലം കോപ്പിയടിച്ചത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സന്തോഷ്.

‘അല്ലെന്ന് പറയാന്‍ പറ്റില്ല. കാരണം ഞാന്‍ ഈ ഗെറ്റപ്പ് വെച്ചിട്ട് ഇപ്പോള്‍ ഏഴോ എട്ടോ വര്‍ഷമായി. ഞാന്‍ തന്നെയാണ് ഈ ഗെറ്റപ്പ് ആദ്യം വെച്ചത്.

അതിന് ശേഷം കേരളത്തില്‍ തന്നെ ഒരുപാട് പൊളിറ്റീഷ്യന്‍സ് ഇതുപോലെ വെച്ചു. തെലുങ്കിലെ ചില നടന്മാര്‍ ഈ ഗെറ്റപ്പ് ഉപയോഗിച്ചു. നമ്മുടെ ചില നടന്മാരും വെച്ചിട്ടുണ്ട് (ചിരി),’ സന്തോഷ് കെ. നായര്‍ പറയുന്നു.

Content Highlight: Santhosh K Nayar Talks About His Getup And Suresh Gopi

Video Stories