താന്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്നും, ആ കാലത്തെ ഒരു പോപ്പുലര്‍ പ്രണയമായിരുന്നു അതെന്നും പറയുകയാണ് ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര. പ്രണയം തുടങ്ങി കല്യാണം വരെ പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐ ആം വിത്ത് ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എന്റെ ഭാര്യയും ഞാനും ഒരുമിച്ച് പഠിച്ചവരാണ്. അവിടെ നിന്നും തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. ആ രീതിയില്‍ നോക്കുമ്പോള്‍ ഞാന്‍ അറിഞ്ഞോണ്ട് ചെന്ന് ചാടിയതാണ് എന്നുപറയാം. അതൊരു വലിയ സപ്പോര്‍ട്ട് സിസ്റ്റമായിരുന്നു എനിക്ക്. എന്നാല്‍ ആദ്യകാലത്ത് വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. കാരണം ഞാന്‍ അന്നൊന്നും എവിടെയും എത്തിയിരുന്നില്ല.
സ്വപ്‌നങ്ങളുടെ പുറകെ വെറുതെ ഓടുകയായിരുന്നു. ആ സമയത്ത് അവളുടെ വീട്ടില്‍ കല്യാണം കഴിക്കാനുള്ള സമ്മര്‍ദ്ദം കൂടിവന്നു. ശരിക്കും പറഞ്ഞാല്‍ കോളേജിലെത്തിയ ആദ്യ വര്‍ഷം തന്നെ ഞാന്‍ അവളെ കണ്ടുപിടിച്ചു. പക്ഷെ ഏതാണ്ട് ഒന്ന് ഒന്നരകൊല്ലം അവള്‍ എന്നെ പിന്നാലെ നടത്തിച്ചു.
കാരണം അവരുടെ കുടുംബം വളരെ യാഥാസ്ഥിതികമായിരുന്നു. അവളുടെ വീട്ടിലൊന്നും സമ്മതിക്കില്ല എന്നും പറഞ്ഞാണ് ഒഴിഞ്ഞുമാറിയത്. പക്ഷെ ഞാന്‍ വിട്ടുകൊടുത്തില്ല. പണ്ടും അങ്ങനെ തന്നെയാണ് ഒരു കാര്യത്തിനിറങ്ങിയാല്‍ അതുംകൊണ്ടേ പോരൂ. പിന്നെ ഞങ്ങള്‍ പഠിച്ചത് ഒരേ ക്ലാസ്സിലാണ്. എനിക്ക് വേണ്ടി എന്റെ കൂട്ടുകാര്‍ സംസാരിക്കാന്‍ തുടങ്ങി.
അവസാനം എന്റെ പ്രണയം ക്ലാസ്സിന്റെ മുഴുവന്‍ വികാരമായി മാറി. പ്രൊഫസര്‍മാര്‍ വരെ ചോദിക്കും ഇന്ന് സന്തോഷിനെയും അവളെയും കണ്ടില്ലല്ലോയെന്ന്. ആ കാലത്തെ ഒരു പോപ്പുലര്‍ പ്രണയമായിരുന്നു ഞങ്ങളുടേത്. ഒരു സിനിമ ഉണ്ടാക്കാനുള്ള കഥയുണ്ട്. അപ്പോള്‍ പറഞ്ഞു വന്നത് കല്യാണത്തെക്കുറിച്ചാണ്.
അവള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഞാന്‍ ടെലിവിഷന്‍ എന്നൊക്ക പറഞ്ഞ് ഇങ്ങനെ പോകുവാണ്. അവളുടെ വീട്ടുകാര്‍ നോക്കുമ്പോള്‍ എന്തോ ഒരു പന്തികേടുണ്ട് ഇതിനകത്ത്. അങ്ങനെ പിടിച്ച പിടിയാല്‍ ഒരു ഇരുപത്തി നാല് വയസില്‍ ഞങ്ങളെ പിടിച്ച് കെട്ടിച്ചു. അന്ന് ഞാന്‍ എവിടെയും എത്തിയിട്ടല്ല. കൃത്യമായ വരുമാനം പോലുമില്ലായിരുന്നു.
ആഗ്രഹങ്ങളും സ്വപ്‌നങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യത്തെ കുറേ വര്‍ഷം അവള്‍ക്ക് കിട്ടിയ സ്വര്‍ണമൊക്കെ കൊണ്ടാണ് പിടിച്ചുനിന്നത്,’ സന്തോഷ് ജോര്‍ജ് കുളങ്ങര.
content highlight:santhosh george kulangara talks about his campus love and his marriage