തെരുവുഗുണ്ടയോടെന്ന പോലെയാണ് ഒരു വിദേശിയോട് പെരുമാറുന്നതെങ്കില്‍ ടൂറിസത്തിന് 100 കോടി ചെലവഴിച്ചിട്ടെന്ത് കാര്യം: സന്തോഷ് ജോര്‍ജ് കുളങ്ങര
Kerala News
തെരുവുഗുണ്ടയോടെന്ന പോലെയാണ് ഒരു വിദേശിയോട് പെരുമാറുന്നതെങ്കില്‍ ടൂറിസത്തിന് 100 കോടി ചെലവഴിച്ചിട്ടെന്ത് കാര്യം: സന്തോഷ് ജോര്‍ജ് കുളങ്ങര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st January 2022, 4:30 pm

തിരുവനന്തപുരം: കോവളത്ത് സ്വീഡിഷ് പൗരനോടുള്ള കേരള പൊലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തില്‍ പ്രതികരണവുമായി സന്തോഷ് ജോര്‍ജ് കുളങ്ങര. കേരളത്തിന്റെ മദ്യ സംസ്‌കാരവും ടൂറിസ്റ്റുകളോടുള്ള മനോഭാവവും മാറണമെന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞത്.

സ്വീഡിഷ് പൗരന് പുതുവര്‍ഷത്തലേന്ന് നേരിട്ട അനുഭവങ്ങള്‍ ടൂറിസം മേഖലയെ തകര്‍ക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ കേരളത്തിനുണ്ടാക്കുന്ന നഷ്ടം വളരെ വലുതായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

തെരുവുഗുണ്ടയോട് പെരുമാറുന്ന പോലെ ഒരു വിദേശിയോട് പെരുമാറേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

”ഒരു തെരുവുഗുണ്ടയോടോ ആഭാസത്തരം കാണിക്കുന്ന ആളോടോ പെരുമാറുന്ന പോലെ തന്നെ പൊലീസ് ഒരു വിദേശിയോട് പെരുമാറേണ്ട ആവശ്യമില്ല. കാരണം അവര്‍ കുറച്ചു കൂടി സിവിലൈസ്ഡ് ആയിട്ടുള്ള ഒരു സമൂഹത്തില്‍ നിന്ന് വരുന്നവരും നമ്മുടെ ഒരു അതിഥി എന്ന് വേണമെങ്കില്‍ വിളിക്കാവുന്ന ആളുകളുമാണ്.

നമ്മുടെ വീട്ടില്‍ അംഗങ്ങളോട് പെരുമാറുന്ന പോലെ ആയിരിക്കുകയില്ലല്ലോ വീട്ടിലൊരു അതിഥി വന്നാല്‍ പെരുമാറുന്നത്,” അദ്ദേഹം ചോദിച്ചു.

മദ്യം ഇത്രയും നാണംകെട്ട രീതിയില്‍ വില്‍ക്കുന്ന സംവിധാനം കേരളത്തിലെ പോലെ വേറെ ഒരിടത്തുമില്ലെന്നും സന്തോഷ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

”കേരളത്തിലേത് പോലെ ബീവറേജസ് കോര്‍പറേഷന് മുന്നില്‍ ക്യൂ നിന്ന് വെയില്‍ കൊണ്ട് മദ്യം വാങ്ങേണ്ട ഗതികേട് ലോകത്ത് ഒരിടത്തുമുണ്ടാവില്ല. മാന്യമായിട്ട് വേണം മദ്യം വാങ്ങാന്‍ വരുന്നവര്‍ക്ക് സൗകര്യമൊരുക്കേണ്ടത്,” സന്തോഷ് ജോര്‍ജ് കുളങ്ങര പ്രതികരിച്ചു.

കേരളത്തില്‍ വെച്ചുണ്ടാവുന്ന മോശം പെരുമാറ്റം വിദേശികള്‍ അവരുടെ നാടുകളില്‍ ചര്‍ച്ച ചെയ്യുമെന്നും അത് കേരളത്തിന് തന്നെ നാണക്കേടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഈ വരുന്ന ഓരോ ടൂറിസ്റ്റും പണം നല്‍കുന്നവരാണ്. നമ്മുടെ അതിഥിയാണ്. കോടിക്കണക്കിന് രൂപയാണ് ഇവരെ ക്ഷണിക്കാന്‍ വേണ്ടി മുടക്കുന്നത്.

അങ്ങനെയൊരാള്‍ക്ക് ഒരു മോശം അഭിപ്രായമുണ്ടായാല്‍ കേരളത്തെപ്പറ്റി അവരുടെ നാട്ടില്‍ വരുന്ന ചര്‍ച്ചകളിലാണ് ആശങ്കപ്പെടേണ്ടത്,” സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.

കേരളം കോടികളാണ് ടൂറിസം പ്രമോഷന് വേണ്ടി ചെലവഴിക്കുന്നതെന്നും എന്നാല്‍ ഇത്തരം നടപടികളിലൂടെ ആ കോടികളെല്ലാം വെറുതെയായിപ്പോവുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

”ടൂറിസം വളര്‍ത്താന്‍ വേണ്ടി, ഏകദേശം നൂറുകോടിയോളം രൂപ പ്രമോഷന് വേണ്ടി മാത്രം മുടക്കുന്ന സംസ്ഥാനമാണ്. അതായത് ഒരു വര്‍ഷം ഏകദേശം 75 കോടിക്കും 100 കോടിക്കും ഇടയില്‍ മാര്‍ക്കറ്റിംഗ് ആക്റ്റിവിറ്റിക്ക് വേണ്ടി സര്‍ക്കാര്‍ മുടക്കുന്നുണ്ട്.

അതായത് കേരളത്തെ ലോകത്തിന് പരിചയപ്പെടുത്താനും കേരളത്തിലേക്ക് ടൂറിസ്റ്റുകള്‍ വരാനും അതിന് വേണ്ടി അഭ്യര്‍ത്ഥിക്കാനും അതിന് വേണ്ടി പരസ്യം ചെയ്യാനും ട്രാവല്‍ ഫെയറുകളില്‍ പങ്കെടുക്കുന്നതിനും ഒക്കെ വേണ്ടി ഏകദേശം 100 കോടിയോളം മുടക്കുന്നുണ്ട്.

എന്തിന് വേണ്ടിയാണിതൊക്കെ മുടക്കുന്നത്? ഒരാള്‍ ഇവിടെ വരുമ്പോള്‍ ഇങ്ങനെയാണ് പൊലീസ് അല്ലെങ്കില്‍ പൊതുജനം, സമൂഹം പെരുമാറുന്നത് എങ്കില്‍, സര്‍ക്കാര്‍ സംവിധാനം പെരുമാറുന്നത് എങ്കില്‍, കാശു മുടക്കി ചെയ്യുന്ന ഈ പ്രവര്‍ത്തിയെല്ലാം വേസ്റ്റായി എന്നല്ലേ അതിനര്‍ത്ഥം?

ഇത് ഒരു വിദേശി സ്വന്തം നാട്ടിലെ മാധ്യമങ്ങളിലൂടെ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇങ്ങനെയൊരു കാര്യത്തിന്റെ വീഡിയോ സഹിതം പ്രചരിപ്പിച്ചാല്‍ നമ്മുടെ കേരളത്തിനുണ്ടാകുന്ന ഡാമേജ് വളരെ വലുതാണ്. ആ നാട്ടില്‍ കേരളം എന്ന് കേള്‍ക്കുന്നത് തന്നെ ചിലപ്പോള്‍ ഈ സംഭവത്തിന്റെ പേരിലായിരിക്കും,” അദ്ദേഹം പ്രതികരിച്ചു.

കോവളത്ത് സ്വീഡിഷ് പൗരനായ സ്റ്റീവന്‍ ആസ്ബര്‍ഗിനെ മദ്യവുമായി പോകുമ്പോള്‍ പൊലീസ് തടഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രി ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവം അന്വേഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് നിര്‍ദേശം നല്‍കി.

സംഭവത്തില്‍ കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷാജിയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ നടപടിക്കെതിരെ വിമര്‍ശനവുമുയരുന്നുണ്ട്.

വിദേശിയെ ഉപദ്രവിച്ചിട്ടില്ലെന്നും മദ്യം ഒഴുക്കിക്കളയാന്‍ പറഞ്ഞിട്ടില്ലെന്നും മദ്യം ബീച്ചിലേക്ക് കൊണ്ടുപോകരുതെന്ന് മാത്രമാണ് പറഞ്ഞതെന്നുമാണ് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചത്.

വിഷയത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണ് സംഭവിച്ചതെന്നും വിഷയത്തെ കുറിച്ച് ബന്ധപ്പെട്ട വകുപ്പ് വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

സ്റ്റീവന്‍ ആസ്ബര്‍ഗുമായി മന്ത്രി വി. ശിവന്‍കുട്ടി ടെലിഫോണില്‍ സംസാരിച്ചിരുന്നു.

സംഭവത്തില്‍ പൊലീസിനെതിരെ സ്വീഡിഷ് പൗരനായ സ്റ്റീവ് ആസ് ബര്‍ഗ് രംഗത്തെത്തിയിരുന്നു. കേരള പൊലീസില്‍ നിന്നും ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്നായിരുന്നു സ്റ്റീവ് പറഞ്ഞത്.

”മൂന്ന് കുപ്പി മദ്യം തന്റെ കൈവശമുണ്ടായിരുന്നു. ബില്ല് ഇല്ലാത്തതിനാല്‍ പൊലീസ് മദ്യം കൊണ്ടുപോകാന്‍ അനുവദിച്ചില്ല. മദ്യം എടുത്തെറിയാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ആയതുകൊണ്ട് എടുത്തെറിയാതെ മദ്യം ഒഴുക്കികളഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാനാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനില്‍ കൊണ്ടുകൊടുത്തത്,” സ്റ്റീവ് ആസ്ബര്‍ഗ് പറഞ്ഞു.

നാലുവര്‍ഷത്തോളമായി കേരളത്തില്‍ ടൂറിസം രംഗത്ത് താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ നാട്ടുകാരില്‍ നിന്നും പൊലീസില്‍ നിന്നും നിരന്തരം പ്രശ്നങ്ങളാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂ ഇയറിനായി വാങ്ങിയ മദ്യവുമായി കോവളത്തെ ഹോം സ്റ്റേയിലേക്ക് വരികയായിരുന്ന സ്റ്റീവിനെ പൊലീസ് തടയുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Santhosh George Kulangara reaction to Kerala police insulting Swedish citizen