| Saturday, 11th November 2023, 10:51 pm

ഒ.ടി.ടിയില്‍ കാണുന്നവനെ എങ്ങനെ തിയേറ്ററിലേക്ക് കൊണ്ടുവരാമെന്ന് ലിയോ ഉണ്ടാക്കിയ ആള്‍ ചിന്തിച്ചു; വൈറലായി സന്തോഷ് ജോര്‍ജിന്റെ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിയോ സിനിമയെ പറ്റി പറയുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒ.ടി.ടിയുടെ സാധ്യത വന്നപ്പോള്‍ തിയേറ്റര്‍ വ്യവസായം തകരുമെന്ന് എല്ലാവരും വിചാരിച്ചുവെന്നും എന്നാല്‍ അടുത്തിടെ ഇറങ്ങിയ ലിയോ സര്‍വകാല റെക്കോഡ് കളക്ഷനാണ് നേടിയതെന്നും സന്തോഷ് ജോര്‍ജ് പറഞ്ഞു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തിയ കെ.എല്‍.ഐ.ബി.എഫില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്റര്‍നെറ്റിന്റേയും യൂട്യൂബിന്റേയും ഒ.ടി.ടിയുടേയും സാധ്യതകള്‍ വന്നപ്പോള്‍ തിയേറ്റര്‍ വ്യവസായം തകരുമെന്ന് വിചാരിച്ചു. പക്ഷേ കഴിഞ്ഞ ദിവസം ഇറങ്ങിയ ലിയോയുടെ കളക്ഷന്‍ എടുത്ത് നോക്കിയാല്‍ എനിക്ക് തോന്നുന്നത് അത് സര്‍വകാല റെക്കോഡാണ്. ഒ.ടി.ടിയില്‍ റിലീസ് ചെയ്തിട്ടല്ല അത് വന്നത്.

ഒ.ടി.ടിയില്‍ ഇരുന്ന് കാണുന്നവനെ തിയേറ്ററിലേക്ക് കൊണ്ടുവരാനുള്ള ഇഫക്ടുകള്‍ എങ്ങനെ കൊണ്ടുവരാമെന്ന് ലിയോ പോലെ ഒരു സിനിമ ഉണ്ടാക്കിയ ആള്‍ ചിന്തിച്ചു. എന്തൊക്കെ ആശയങ്ങള്‍ ഇതിലേക്ക് കൊണ്ടുവരാം, തിയേറ്ററില്‍ തന്നെ വന്ന് കണ്ടേ പറ്റൂ എന്ന് തോന്നിക്കുന്ന എന്ത് കൊണ്ടുവരാന്‍ പറ്റുമെന്ന് ചിന്തിച്ച് സിനിമ നിര്‍മിച്ചു, തിയേറ്ററിലേക്ക് ആളെ കൊണ്ടുവന്നു,’ സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.

കേരളത്തിന്റെ ടൂറിസം മേഖലയില്‍ സ്വകാര്യ സംരംഭകരുടെ പങ്ക് വലുതാണെന്നും അവരെ പ്രോത്സാഹിപ്പിക്കാന്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നും സന്തോഷ് പറഞ്ഞു. ഇന്നത്തെ ചെറുപ്പക്കാര്‍ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ കാരണം ആ നാടിന്റെ പ്രൊഫഷണലിസം ആണ്. ജീവിതനിലവാരം മികച്ചതാക്കാന്‍ വിദേശ രാജ്യങ്ങള്‍ക്ക് കഴിയുന്നു എന്നതാണ് യുവാക്കളെ ആകര്‍ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാരുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയാന്‍ സാധ്യതകള്‍ ഏറെയുള്ള നാടാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം റിലീസ് ദിനം മുതല്‍ സമ്മിശ്ര പ്രതികരണമാണെങ്കിലും ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ കളക്ഷനില്‍ റെക്കോഡുകളാണ് സൃഷ്ടിച്ചത്. കേരളത്തില്‍ മാത്രം 58 കോടിയാണ് ലിയോ നേടിയത്. ഇതോടെ കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കുന്ന ചിത്രമെന്ന റെക്കോഡും ലിയോ സ്വന്തമാക്കിയിരുന്നു. രജനികാന്തിന്റെ ജയിലറിന്റെ റെക്കോഡ് കേരള കളക്ഷനില്‍ മറികടന്നാണ് ലിയോ ഒന്നാം സ്ഥാനത്ത് എത്തിയത്. 540 കോടിയാണ് ആഗോളതലത്തില്‍ ലിയോ സ്വന്തമാക്കിയത്.

Content Highlight: Santhosh george kulangara about the success of leo movie

We use cookies to give you the best possible experience. Learn more