|

പാഷന്‍ മറ്റൊന്നായിരുന്നു; അതിന് പിന്നാലെ പോയപ്പോള്‍ സംഭവിച്ചതാണ് യാത്ര: സന്തോഷ് ജോര്‍ജ് കുളങ്ങര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളിയെ ലോകം കാണാന്‍ പഠിപ്പിച്ചയാളാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. മലയാളി ട്രാവല്‍ വ്‌ളോഗുകളെയും വീഡിയോകളെയും കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഒരു ക്യാമറയും തൂക്കി ലോകസഞ്ചാരം ആരംഭിച്ചയാളാണ് അദ്ദേഹം.

എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ട്രാവലറായി മാറുമെന്ന് ചിന്തിച്ചിട്ട് പോലുമില്ലെന്നാണ് സന്തോഷ് ജോര്‍ജ് പറയുന്നത്. യാത്ര ഒരിക്കലും തന്റെ പാഷനായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മനസ് തുറന്നത്.

ജീവിതത്തില്‍ ഒരുപാട് ഐഡന്റിറ്റിയുള്ള ആളാണല്ലോ താങ്കള്‍ എന്ന അവതാരകയുടെ പരാമര്‍ശത്തിന് മറുപടിയായണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ജീവിതത്തില്‍ പല മേഖലകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ബേസിക്കലി ഞാനൊരു ട്രാവലറാണ്. പക്ഷെ ഞാനൊരു സാധാരണ യാത്രികനല്ല. മീഡിയക്ക് വേണ്ടി യാത്രക്കാരനായ വ്യക്തിയാണ് ഞാന്‍. കാരണം മീഡിയ ആണെന്റെ പാഷന്‍. യാത്ര അതിന്റെ ഒപ്പം സംഭവിച്ചതാണ്. ട്രാവല്‍ എല്ലാ കാലത്തും എന്റെ ഉള്ളിലുണ്ടായിരുന്നു.

പക്ഷെ പണ്ടൊന്നും അതൊരു ജോലിയാക്കി കൊണ്ട് നടക്കാമെന്ന് ചിന്തിക്കാന്‍ പറ്റുന്ന കാലത്തല്ലല്ലോ നമ്മളൊക്കെ വളരുന്നത്. അതുകൊണ്ട് പ്രൊഫഷനായും പാഷനായും ഞാന്‍ തെരഞ്ഞെടുത്തത് മീഡിയ തന്നെ ആണ്. മീഡിയയില്‍ ആണ് എത്തേണ്ടതെന്ന് എനിക്ക് അറിയാമായിരുന്നു,’ സന്തോഷ് ജോര്‍ജ് പറഞ്ഞു.

യാത്രകൊണ്ട് ജീവിക്കാന്‍ ഇന്നത്തെ കാലത്ത് പറ്റുമായിരിക്കും. പണ്ട് അങ്ങനെയല്ലല്ലോ. ഞാനൊക്കെ യാത്ര ആരംഭിക്കുന്ന സമയത്ത് അങ്ങനെയായിരുന്നില്ല. 1993ല്‍ കേരളം മുഴുവന്‍ യാത്ര ചെയ്ത് കേരള വിശേഷം എന്ന പരിപാടി ചെയ്ത് ദുരദര്‍ശന് നല്‍കിയ ആളാണ് ഞാന്‍. അന്നാണ് യാത്ര ആരംഭിക്കുന്നത്. പിന്നീട് 1997 ലാണ് ഞാനെന്റെ ആദ്യ വിദേശ യാത്ര പോകുന്നത്.’ അദ്ദേഹം പറഞ്ഞു.

Content Highlight: Santhosh george kulagara talks about his passion