സന്തോഷ് എച്ചിക്കാനം
എന്ത് പ്രസിദ്ധീകരിക്കണം, എന്ത് പ്രസിദ്ധീകരിക്കേണ്ട എന്നൊക്കെ തീരുമാനിക്കേണ്ടത് പത്രാധിപരാണ്. പത്രാധിപര്‍ ഈ കാര്യത്തില്‍ അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ചത് ശരിയാണോ തെറ്റാണോ എന്നുള്ളതാണ് ഇവിടെ പരിശോധിക്കേണ്ട വസ്തുത. അത് ചര്‍ച്ച ചെയ്യേണ്ടത് പത്രാധിപര്‍ എടുത്തിട്ടുള്ള നിലപാടിന്റെ വെളിച്ചത്തിലാണ്. അദ്ദേഹത്തിനെ ഇതിന് പ്രേരിപ്പിച്ചതെന്താണെന്ന് അദ്ദേഹത്തിന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അത് അടിസ്ഥാനപരമായി ഒരു നിലപാടിന്റെ പ്രഖ്യാപനമാണ്. ഇവിടെയൊരു രാഷ്ട്രീയം കൊലപാതകം നടന്നിട്ടുള്ള സാഹചര്യത്തില്‍ അതിനെ നീതീകരിക്കുന്ന ആളുമായി ബന്ധപ്പെട്ട് കിടക്കുന്നയാളുടെ കവിത പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് പത്രാധിപര്‍ തീരുമാനിച്ചു. അതിനകത്ത് മറ്റുള്ളവര്‍ ശരിതെറ്റുകള്‍ പറയുന്നത് അവരവരുടെ ശരിതെറ്റുകളാണ്. പത്രത്തെ സംബന്ധിച്ചിടത്തോളം ശരിതെറ്റുകള്‍ തീരുമാനിക്കേണ്ടത് പത്രാധിപര്‍ തന്നെയാണ്.
ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തെ പ്രതിഷേധിച്ചുകൊണ്ടുള്ള സാംസ്‌കാരിക കൂട്ടായ്മയില്‍ പങ്കെടുത്ത എഴുത്തുകാരെ വിമര്‍ശിച്ച് കൊണ്ടുള്ള നിലപാടാണ് പ്രഭാവര്‍മ്മ കൈക്കൊണ്ടത്. മനുഷ്യഹത്യയ്‌ക്കെതിരെ നിലപാടെടുക്കുകയെന്നത് ഒരെഴുത്തുകാരന്റെ കര്‍ത്തവ്യമാണ്. അതിനെകുറ്റം പറഞ്ഞുകൊണ്ട് പ്രഭാവര്‍മ്മ എഴുതിയത് ഒരു അപരാധമായിട്ടാണ് എനിക്ക് തോന്നുന്നത്. അതിനോടുള്ള വിമര്‍ശനം എന്ന നിലയിലാണ് ജയചന്ദ്രന്‍നായര്‍ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയത്. അതൊരു എഡിറ്ററുടെ കര്‍ത്തവ്യം തന്നെയാണ്. എഡിറ്ററുടെ സത്യസന്ധമായ രാഷ്ട്രീയം തന്നെയാണത്.