| Tuesday, 11th April 2023, 8:19 pm

മോഹന്‍ലാലും മമ്മൂട്ടിയും അവതരിപ്പിച്ച പോലെ വിശാലമായ ലോകത്തേക്ക് ആ നടന് എത്താന്‍ കഴിയില്ല: സന്തോഷ് എച്ചിക്കാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഗ്രൂപ്പിസമുണ്ടെന്ന് സാഹിത്യകാരനും തിരക്കഥാകൃത്തുമായ സന്തോഷ് എച്ചിക്കാനം. മാനസികമായി അടുപ്പമുള്ള ഡയറക്ടറും റൈറ്ററും നടന്മാരും ഒരുമിക്കുന്ന സിനിമകളാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും ഇതിനെ ലോബിയെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുമെന്നും സന്തോഷ് എച്ചിക്കാനം പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മലയാള സിനിമയില്‍ ഗ്രൂപ്പിസമുണ്ട്. അതിനെ പക്ഷെ രണ്ട് രീതിയില്‍ കാണാന്‍ കഴിയും. ഞാന്‍ ഒരു ഡയറക്ടര്‍ ആണെങ്കില്‍ എന്നോട് മാനസികമായി പൊരുത്തപ്പെടുന്ന ഒരു റൈറ്ററും ഉണ്ടാവുന്നു എന്ന് വിചാരിക്കുക.

ഉദാഹരണത്തിന് ശ്രീനിവാസനും പ്രിയദര്‍ശനും ഒരുപാട് സിനിമകള്‍ ചെയ്തിരിക്കുന്നു. അതുപോലെ ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും, പദ്മരാജനും ഭരതനും ഒക്കെ ഒരുമിച്ച് എത്ര സിനിമകള്‍ ചെയ്തിരിക്കുന്നു. അവര്‍ക്ക് മാനസികമായി ഒരു പൊരുത്തമുണ്ടാകും.

അവരുടെ ക്യാമറമാന്‍ അവര്‍ക്ക് ഒരു നടന്‍ തുടങ്ങി തങ്ങളുടെ കംഫേര്‍ട്ട് സ്‌പേസില്‍ നിന്നുകൊണ്ടാണ് അവര്‍ സിനിമ ചെയ്ത് കൊണ്ടിരിക്കുന്നത്.

ഇതിനെ പലരും ലോബിയെന്ന് തെറ്റിദ്ധരിക്കാം. ഇതിന്റെ ഒരു പ്രശ്‌നം ഇത്രമാത്രമേ ഉള്ളൂ, ഞാന്‍ വേറെ സ്ഥലത്തും പറഞ്ഞിട്ടുണ്ട്.

പണ്ട് മോഹന്‍ലാലും മമ്മൂട്ടിയും വ്യത്യസ്തരായ സംവിധായകരുടെയൊപ്പം സിനിമ ചെയ്തവരാണ്. അപ്പോള്‍ അവര്‍ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അവതരിപ്പിക്കുന്നത്.

എന്നാല്‍ മാത്രമെ അവര്‍ക്ക് അവരുടെ അഭിനയ ലോകത്തെ വിശാലമാക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ ഇന്ന് ഒരു സംവിധായകന്റെ കീഴില്‍ മാത്രം ഒരു നടന്‍ നില്‍ക്കുമ്പോള്‍ ആ സംവിധായകന്റെ മാനസികാവസ്ഥക്ക് അനുസരിച്ചുള്ള കഥാപാത്രങ്ങള്‍ മാത്രം ആ നടന്‍ അവതരിപ്പിക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ കരിയറിലെ വിശാലമായ ലോകത്തേക്ക് ആ നടന് എത്താന്‍ കഴിയില്ല. അത് ആ നടന്റെ പരാജയമാണ്,” സന്തോഷ് എച്ചിക്കാനം പറഞ്ഞു.

content highlight: santhosh echikkanam about malayalam cinema

We use cookies to give you the best possible experience. Learn more