| Thursday, 1st June 2023, 2:07 pm

എഴുതിയാല്‍ പ്രശസ്തി മാത്രമല്ല പണവും കിട്ടുമെന്ന് അമ്മയ്ക്ക് മനസിലായത് അന്നാണ് : സന്തോഷ് ഏച്ചിക്കാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യമായി ലഭിച്ച അവാര്‍ഡ് തുകകൊണ്ട് ഒരു ഡൈനിംങ് ടേബിള്‍ വാങ്ങിയപ്പോഴാണ് എഴുതിയാല്‍ പ്രശസ്തി മാത്രമല്ല പണവും കിട്ടുമെന്ന് തന്റെ അമ്മക്ക് മനസ്സിലായതെന്ന് കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം. രക്ഷപ്പെടില്ലെന്ന് പറഞ്ഞ് ബന്ധുക്കളും നാട്ടുകാരുമെല്ലാം തന്നെ തള്ളിപ്പറഞ്ഞപ്പോള്‍ അമ്മ മാത്രമാണ് കൂടെ നിന്നതെന്നും അദ്ദേഹം പറഞ്ഞു.

അമ്മ നല്ലൊരു നരേറ്ററാണെന്നും, ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ വിവരങ്ങള്‍ നല്‍കി വലിയ സംഭവമാക്കാറുണ്ടെന്നും അദ്ദേഹം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. താന്‍ കഥാകൃത്തായത് അമ്മയുടെ ഈ കഴിവിന്റെ കൂടി ഭാഗമായാണെന്ന് അമ്മയെ മനസിലാക്കിയവര്‍ പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘എഴുത്തിനെപ്പറ്റിയോ പുസ്തകങ്ങളെപ്പറ്റിയോ വലിയ അറിവൊന്നുമില്ലെങ്കിലും ദിവസവും പത്രം വായിക്കുന്ന ശീലം പണ്ടേ അമ്മയ്ക്കുണ്ട്. ഞാന്‍ എഴുത്ത് തലക്കു പിടിച്ച് നടന്ന കാലത്ത് എന്റെ ബന്ധുക്കളും നാട്ടുക്കാരുമൊക്കെ ഇവന്‍ രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ലെന്ന് പറഞ്ഞു തള്ളിയപ്പോള്‍ കൂടെ നിന്നത് അമ്മ മാത്രമാണ്. നേരം പുലരും വരെ മുറിയില്‍ ഒറ്റയ്ക്കിരുന്ന് വായിച്ചും എഴുതിയുമൊക്കെ ഞാന്‍ കഷ്ടപ്പെടുന്നത് ഏതോ നല്ല കാര്യത്തിനാണെന്ന ഒരു തോന്നല്‍ അമ്മയ്ക്കുണ്ടായിരുന്നിരിക്കണം.


രാത്രി മൂന്നുമണിയൊക്കെയാകുമ്പോള്‍ മുകളില്‍ നിന്നും അമ്മ വിളിച്ചു പറയും. മതിയെടാ ചിമ്മിണിയെണ്ണ കുറച്ചേ ബാക്കിയുള്ളൂ എന്ന്. ആദ്യമായി കിട്ടിയ അവാര്‍ഡുകൊണ്ട് ഞാനൊരു ഡൈനിങ് ടേബിള്‍ വാങ്ങിച്ചപ്പോഴാണ് എഴുതിയാല്‍ പ്രശസ്തി മാത്രമല്ല പണവും കിട്ടുമെന്ന് അമ്മയ്ക്ക് മനസിലായത്.

അമ്മ ഒരു വലിയ നരേറ്റര്‍ കൂടിയാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ചെറിയ കാര്യത്തെപ്പോലും അമ്മ വിവരിച്ച് ഒരു സംഭവമാക്കിക്കളയും. ഉദാഹരണത്തിന് വഴിയില്‍വെച്ച് മുന്‍പരിചയമുള്ള ഒരാളെ കണ്ടെന്നു കരുതുക. സംസാരിക്കാന്‍ തുടങ്ങിയാല്‍ വീട്ടില്‍ നിന്നിറങ്ങിയ സമയം മുതല്‍ പോകുന്ന നേരത്ത് വഴിയരികിലെ മരത്തിന്റെ കൊമ്പിലിരുന്ന് ചിലച്ച ഓലവാലന്‍ കിളി വരെ അതിലുണ്ടാവും. കഥ തുടങ്ങി കാര്യമറിയാന്‍ നമുക്ക് ക്ലൈമാക്സുവരെ കാത്തിരിക്കേണ്ടിവരും. നീ കഥാകൃത്തായത് വെറുതേയല്ലെന്ന് അമ്മയുടെ ഈ കഴിവിനെ മനസിലാക്കിയ പലരും എന്നോട് പറഞ്ഞിട്ടുണ്ട്‌,’ സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.

content highlights; Santhosh echikkaanam about his mother

We use cookies to give you the best possible experience. Learn more