| Tuesday, 26th March 2019, 2:23 pm

പ്രളയം കടന്നവര്‍ തന്നെയാണ് കാട് ചുടുന്നതും

എസ്. ശാന്തി

ട്ടപ്പാടിയില്‍ മല്ലീശ്വരനുള്‍പ്പടെ നിരവധി മലകള്‍ ഭയാനകമായി കത്തുകയാണ് എന്ന് പറയാനാണ് പാപ്പാള്‍ എന്നെ വിളിച്ചത്. അട്ടപ്പാടിയിലെ ഒരു ആദിവാസി വനസംരക്ഷണസമിതിയുടെ പ്രസിഡന്റാണ് പാപ്പാള്‍. കല്ല് കൂട്ടിത്തട്ടിയോ മുളകള്‍ തമ്മിലുരഞ്ഞോ ഒന്നുമല്ല കാട്ടില്‍ തീ പടരുന്നത്. എന്തൊക്കയോ ദുഷ്താല്‍പ്പര്യങ്ങള്‍ കാരണം മനുഷ്യര്‍ തന്നെ ജീവന്റെ നിലനില്‍പ്പിനെ ഇല്ലാതാക്കുകയാണ് എന്ന് പാപ്പാള്‍ക്ക് തീര്‍ച്ചയാണ്. “കല്ലു കൂട്ടിത്തട്ടി തീയുണ്ടാക്കാന്‍ നമ്മള്‍ ശിലായുഗത്തിലൊന്നുമല്ലല്ലോ, ആധുനിക ആഗോളതാപനകാലത്തല്ലേ ജീവിക്കുന്നത്. ?” എന്ന് പാപ്പാള്‍ കരഞ്ഞും ചിരിച്ചും ചോദിക്കുന്നു.

അവള്‍ വിളിച്ചുകൂട്ടിയ വനസംരക്ഷണസമിതി അംഗങ്ങളും നാട്ടുകാരും കാട് കത്തരുതെന്നും കാടിനൊപ്പം കത്തിപ്പോകുന്നത് ജീവജാലങ്ങളും കുടിവെള്ളവും നല്ല കാലാവസ്ഥയും നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയുമാണെന്നും ഉറച്ച് വിശ്വസിക്കുന്നവരാണ്. ഇത് പറഞ്ഞ് മീറ്റിംഗില്‍ ആള്‍ക്കാര്‍ കരയുന്നത് കണ്ടതിന്റെ അതിശയമാണ് പാപ്പാള്‍ പങ്കിട്ടത്.

വനംവകുപ്പുകാരോടുള്ള പക കൊണ്ടോ, വന്യജീവികളെ ഓടിച്ചു വേട്ടയാടാനോ, വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് തടയാനോ, ചില വനവിഭവങ്ങള്‍ ശേഖരിക്കാനുള്ള എളുപ്പത്തിനോ, കള്ളവാറ്റും ചന്ദനക്കള്ളകടത്തും പുറത്തറിയാതിരിക്കാനോ വെറുതെ ഒരു ഭ്രാന്തന്‍രസത്തിനോ ഒക്കെയാണ് ചില ദുഷ്ടര്‍ കാടിന് കരുതിക്കൂട്ടി തീയിടുന്നത് എന്നെല്ലാവര്‍ക്കും അറിയാം. ചൂടുകൂടുന്ന വേനല്‍ക്കാലത്ത് കാടും അന്തരീക്ഷവും വല്ലാതെ ഉണങ്ങിനില്‍ക്കുമ്പോള്‍ ഒരു ബീഡിക്കുറ്റിയോ അശ്രദ്ധമായി ഉപേക്ഷിച്ച അടുപ്പിലെ കനലോ മതി അനിയന്ത്രിതമായ കാട്ടുതീയായി മാറാന്‍.

തീ കാടിന് വിനാശമാണെന്നും ഒരിക്കല്‍ കത്തിയ കാട് ഒരുപാട് വര്‍ഷങ്ങള്‍ തീ കയറാതെ സംരക്ഷിച്ചാലെ ജലം സംഭരിക്കാനും കാലാവസ്ഥ സുഖകരമാക്കാനും പാരിസ്ഥിതിക ധര്‍മ്മങ്ങള്‍ നിറവേറ്റാനും കഴിയുന്ന പച്ചക്കാടായി പുനരുജ്ജീവിക്കൂ എന്നും എല്ലാവര്‍ക്കും അറിയാം. ശരിയായ ഈ പരിസ്ഥിതിജ്ഞാനം പാപ്പാളിനു മാത്രമല്ല, വയനാട്ടിലേയും ഇടുക്കിയിലേയും ചാലക്കുടിയിലേയും പേപ്പാറയിലേയുമെല്ലാം നാട്ടുകാര്‍ക്കും ആദിവാസികള്‍ക്കുമുണ്ട്. കാട്ടുതീ നിയന്ത്രിക്കാന്‍ വനംവകുപ്പ് ഇടുന്ന “നിയന്ത്രിത കാട് കത്തിക്കല്‍” (controlled burning) ആഗോളതാപനകാലത്ത് ഭീകരമായ അഗ്നിബാധയായി മാറുമെന്ന് അവര്‍ പറയുന്നു.

ജനപങ്കാളിത്തത്തോടെയുള്ള വനപരിരക്ഷണവും കാട്ടുതീ വരുന്ന വഴികള്‍ നേരത്തെ മനസിലാക്കി വനഭൂമികളുടെ അതിര്‍ത്തികളില്‍ തന്നെ തടയാനുള്ള മാര്‍ഗങ്ങളുമാണ് അന്വേഷിക്കേണ്ടത് എന്ന് വനസംരക്ഷണത്തില്‍ അനുഭവമുള്ള നാട്ടുകാര്‍ പറയുന്നു. ഏതാനും ക്രിമിനലുകള്‍ അടുത്ത തലമുറകള്‍ക്ക് ജീവിക്കാനുള്ള പൊതുസ്വത്തും ജീവാദയവ്യവസ്ഥകളുമായ വനങ്ങളെ ചാമ്പാലാക്കുന്നത് തടയാന്‍ നമുക്കായില്ലെങ്കില്‍ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

അനിയന്ത്രിത അഗ്നിബാധകള്‍

നമ്മുടെ നാട്ടില്‍ പൊതുവേ സ്വാഭാവികവനങ്ങളാണ് അഗ്നിക്കിരയാകുന്നത്. വനങ്ങളോടുള്ള നമ്മുടെ അകല്‍ച്ചയും കരുതലില്ലായ്മയുമാണ് ഇത് കാണിക്കുന്നത്. മൊത്തം ജനതയുടേയും നിലനില്‍പ്പിന്റെ അടിസ്ഥാനമായ കാട് സംരക്ഷിക്കാന്‍ നമ്മുടെ വനംവകുപ്പിന് ആവശ്യമായ ആള്‍ബലമോ ഫണ്ടോ രാഷ്ട്രീയപിന്തുണയോ ഒന്നുമില്ല. നേരെ മറിച്ച് വനദിനത്തില്‍ പോലും വനസംരക്ഷകരെ അവഹേളിക്കുന്ന, കടുവാ സങ്കേതത്തിന്റെ വാര്‍ഷികത്തില്‍ കാട്ടിറച്ചി കയറ്റുമതിയാണ് വേണ്ടത് എന്ന് പറയുന്ന, കാട്ടില്‍ നിന്ന് ആന നാട്ടിലേക്കിറങ്ങിയാല്‍ വനപാലകരുടെ കാല് വെട്ടുമെന്നും കാടിന് തീയിടുമെന്ന് പറയുകയും ആത്മാര്‍ത്ഥതയുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയനേതൃത്വമാണ് പാരിസ്ഥിതികമായി ഏറ്റവും ക്രിട്ടിക്കലായ പ്രദേശങ്ങളില്‍ നമുക്കുള്ളത്. കാടുകള്‍ ഏറ്റവുമധികം കത്തുന്നതും ഇത്തരം പ്രദേശങ്ങളിലാണ്.

വനപ്ലാന്റേഷനുകളും സ്വകാര്യഏലവിളത്തോട്ടങ്ങളും കത്തിനശിക്കുന്നത് ഈയിടയായി പതിവാകുന്നുണ്ട്. റബ്ബര്‍ തോട്ടത്തില്‍ തീയണയ്ക്കാന്‍ പോയ ഒരു സ്ത്രീ വെന്തുമരിച്ചതും മാലിന്യക്കൂമ്പാരങ്ങളില്‍ കത്തുന്ന തീ ആളപായമുണ്ടാക്കുന്നതും വാര്‍ത്തായാകാറുണ്ട്. ഇവയെ എല്ലാം നമ്മള്‍ കാട്ടുതീ എന്നാണ് പൊതുവെ പറയുക.

ചിത്രം/ജയേഷ് പാടിച്ചാല്‍

പക്ഷെ കാട്ടിനുള്ളിലെ മനുഷ്യാവാസകേന്ദ്രങ്ങളേയും കാടോരഗ്രാമങ്ങളേയും പട്ടണങ്ങളേയും നശിപ്പിക്കുന്ന അനിയന്ത്രിതമായി പടരുന്ന തീപിടുത്തം ഇന്ന് ലോകത്തെല്ലായിടത്തും വ്യാപകമാവുകയാണ്. വന്യവും മെരുക്കാനാകാത്തതുമായ ഇത്തരം അഗ്നിബാധകളെ wildfire എന്നാണ് വിശേഷിപ്പിക്കുന്നത്. ഈയടുത്ത കാലത്ത് 24 മണിക്കൂറിനുള്ളില്‍ 1200 ഹെക്ടര്‍ കാട് ചാമ്പലാക്കിയ, ദേശീയ അടിയന്തരാവാസ്ഥ പ്രഖ്യാപിക്കേണ്ടിവന്ന, ചിലിയില്‍ സംഭവിച്ച അഗ്നിബാധയും 2018 നവലിബറല്‍ കാലിഫോര്‍ണിയയിലെ പാരസൈഡ് പ്രവിശ്യയില്‍ പടര്‍ന്നുപിടിച്ച, 2,50,000 പേരെ വഴിയാധാരമാക്കിയ, 1,53,000 ഏക്കര്‍ കത്തിനശിച്ച, 85 പേരെ കൊന്ന, 1000 പേരെ കാണാതാക്കിയ “കാട്ടുതീ”യുമൊക്കെ വൈല്‍ഡ്ഫയറുകളാണ്.

ഇത്തരം ഭയാനക അഗ്നിബാധകള്‍, റഷ്യയിലേയും അലാസ്‌കയിലേയും ബോറിയല്‍ വനങ്ങളേയും ഇന്തോനേഷ്യന്‍- മലേഷ്യന്‍-ആമസോണ്‍ മഴക്കാടുകളേയുമെല്ലാം ചുട്ടുകരിക്കുന്നു. ഭൂമിയിലെ ഏറ്റവും വലിയ കാര്‍ബണ്‍ സ്വീകര്‍ത്താക്കളും സംഭരണികളുമായ കാടുകള്‍ കത്തിനശിക്കുമ്പോള്‍ അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡയോക്‌സൈഡ് പോലുള്ള, ചൂട് പിടിച്ചുവെക്കുന്ന ഹരിതഗൃഹവാതകങ്ങള്‍ വരികയും ആഗോളതാപനത്തിന്റെ ആക്കം കൂട്ടുകയുമാണ്. വനനശീകരണവും കാട്ടുതീയുമാണ് ഹരിതഗൃഹവാതകങ്ങളുടെ 25 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത്. ഗതാഗതവും വ്യവസാശാലകളും 14 ശതമാനവും (ഇത് 10 വര്‍ഷം മുമ്പത്തെ കണക്കാണ്.! കാട്ടുതീ അതിഭീകരവും അപായകരവുമായ അഗ്നിബാധാ ദുരന്തങ്ങളാവുന്ന ഇക്കാലത്തെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല).

യഥാര്‍ത്ഥത്തില്‍ അഗ്‌നിയല്ല നമ്മുടെ ശത്രു. മനുഷ്യനെന്ന പ്രകൃതിനശീകരണജീവി തന്നെ വരുത്തിവെക്കുന്ന നിരവധി വിനാശങ്ങളില്‍ അന്തര്‍ലീനമായ പ്രക്രിയകളുടെ ഒരു ലക്ഷണമാണ് കാട്ടുതീ. അതുകൊണ്ടുതന്നെ നമ്മുടെയുള്ളിലെ നാം ഇന്നും നേരിടാന്‍ തയ്യാറായിട്ടില്ലാത്ത കാതലായ വൈകല്യത്തേയാണ് നാം തിരുത്താന്‍ തുടങ്ങേണ്ടത്. ഇതൊരുതരം മരണക്കൊതി (death wish)യാണോ,ആത്മഹത്യാ പ്രവണതയാണോ (suicidal tendancy) കൊലപാതകവാസനയാണോ (murder instinct) അറിയില്ല. ഏതായാലുമീ മനുഷ്യപ്രകൃതം ഭൗമഗ്രഹണത്തില്‍ സൃഷ്ടിക്കുന്നത് ഒരുതരം പാരിസ്ഥിതിക കൂട്ടക്കുരുതി (ecological overkill) യാണ്.

വരണ്ടുണങ്ങി കത്തിത്തീരുന്ന ഇന്ത്യന്‍കാടുകള്‍

2015 ലെ വന റിപ്പോര്‍ട്ടനുസരിച്ച് (state of india forest report, 2015) ഇന്ത്യയില്‍ 7 ലക്ഷം ചതുരശ്ര കി.മി കാടുകളാണുള്ളത്. ഭൂവിസ്തൃതിയുടെ 21.34 ശതമാനം വരുമിത്. പശ്ചിമഘട്ടത്തിലേയും വടക്ക്-കിഴക്കന്‍ ഹിമാലയത്തിലേയും ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലേയും നിത്യഹരിതവനങ്ങള്‍ മുതല്‍ ആര്‍ദ്ര ഇലപൊഴിയും കാടുകളും വരണ്ട ഇലപൊഴിയും കാടുകളും വീതികൂടിയ ഇലകളുള്ള മലങ്കാടുകളും പര്‍വത-മിതോഷ്ണവനങ്ങളും മുള്‍ക്കാടുകളുമെല്ലാമുണ്ട് ഇന്ത്യയില്‍. ഈ കാടുകളെല്ലാം അഗ്‌നിക്കിരയാകാറുമുണ്ട്.

ചിത്രം/ജയേഷ് പാടിച്ചാല്‍

2018 ജൂലായ് മാസത്തില്‍ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന വകുപ്പ് ഇന്ത്യന്‍ പാര്‍ലമെന്റിന് നല്‍കിയ കണക്കനുസരിച്ച ഇക്കഴിഞ്ഞ 6 വര്‍ഷത്തിനിടയ്ക്ക് ഇന്ത്യയില്‍ കാട്ടുതീ വ്യാപനം മുമ്പത്തേക്കാള്‍ 15.8 ശതമാനമാണ് വര്‍ധിച്ചത്. ഈ കാലയളവില്‍ 35,000 ല്‍ പരം അഗ്‌നിബാധകളാണ് ഇന്ത്യയിലെ കാടുകളില്‍ ഉണ്ടായത്. കേരളത്തിലെ പശ്ചിമഘട്ടവനങ്ങളും വര്‍ഷാവര്‍ഷം കത്തുന്ന തീയില്‍ വെന്ത്, നിത്യഹരിത സ്വഭാവം നഷ്ടപ്പെട്ട് വരണ്ട ഇലപൊഴിയും കാടുകളും പുല്ലും അധിനിവേശ സസ്യങ്ങളും അടിക്കാടായ, അങ്ങിങ്ങ് തീ താങ്ങാനാവുന്ന വൃക്ഷങ്ങള്‍ ചിതറിയ സാവന്നപുല്‍മേടുകളും ഈറ്റപ്പൊന്തക്കാടുകളും വെന്ത കരിമ്പാറക്കെട്ടുകളും മാത്രമാവുകയാണ്.

2019 വേനല്‍ക്കാല കാട്ടുതീ ദുരന്തങ്ങള്‍

കണക്കാക്കാനാവാത്ത നാശം വിതച്ച 2018 ആഗസ്റ്റ് പ്രളയത്തിന് ശേഷം പലരും പ്രതീക്ഷിച്ചതുപോലെ വരണ്ടുണങ്ങുന്ന, ചൂട് അസഹനീയമാവുന്ന വേനല്‍ക്കാലത്താണ് നമ്മള്‍. മഴയ്ക്കും പ്രളയത്തിനും ഉരുള്‍പൊട്ടലുകള്‍ക്കും ശേഷം കാടുകള്‍ മെല്ലെ മുറിവുണക്കാന്‍ തുടങ്ങുകയായിരുന്നു. ഒരാഴ്ചത്തെ അതിശക്തമായ മഴയില്‍ കേരളവും കൊടഗുമെല്ലാം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആണ്ടുപോയെങ്കിലും യഥാര്‍ത്ഥത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നന്നായി പെയ്തില്ല എന്നത് നമ്മളത്ര ശ്രദ്ധിച്ചില്ല. കാലവര്‍ഷത്തിന്റെ തിരിച്ചുവരവായ വടക്ക്-കിഴക്കന്‍ തുലാവര്‍ഷം സ്വാഭാവികമായും പെയ്തേയില്ല.

കേരളത്തിലെ വയനാട് വന്യജീവിസങ്കേതത്തിനും തമിഴ്നാട്ടിലെ മുതുമല കടുവാസങ്കേതത്തിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ബന്ദിപ്പൂര്‍ കടുവാസങ്കേതത്തില്‍ പടര്‍ന്ന കാട്ടുതീയാണ് ഈ വേനല്‍ക്കാലത്തെ ഏറ്റവും തീവ്രവും വ്യാപകവുമായ അഗ്‌നിബാധ. വര്‍ഷാവര്‍ഷം കത്തുന്ന കാട്ടുതീ കാരണവും ഈ വര്‍ഷത്തെ വരള്‍ച്ച കാരണവും കുളസസ്യങ്ങളും അധിനിവേശ സസ്യജാതികളും (invasive plant species) അടിക്കാടിന്റെ പകുതിയിലധികം കയ്യടക്കിയ ബന്ദിപ്പൂര്‍ കടുവാസങ്കേതം ഏതുനിമിഷവും കത്താന്‍ പാകത്തിലുള്ള “വെടിമരുന്നുപെട്ടി”യായിട്ടുണ്ടായിരുന്നു എന്ന് വയനാട് വന്യജീവിസങ്കേതത്തിന്റെ വാര്‍ഡന്‍ എന്‍.ടി സാജന്‍ പറഞ്ഞിരുന്നു. (The Hindu മാര്‍ച്ച് 9 2019). തൊട്ടടുത്ത് കിടക്കുന്ന വയനാട് വന്യജീവി സങ്കേതത്തിന്റേയും മുതുമല കടുവാസങ്കേതത്തിന്റേയും സ്ഥിതി ഇതുതന്നെയായിരുന്നു.

ബന്ദിപ്പൂരിലെ ഗോപാലസ്വാമിബെട്ട പോലുള്ള ഉയര്‍ന്ന മലകളില്‍ തുലാവര്‍ഷമഴയും അന്തരീക്ഷ ആര്‍ദ്രതയും നനവാര്‍ന്ന മൂടല്‍മഞ്ഞും മഞ്ഞുതുള്ളികളുമെല്ലാം ചേര്‍ന്ന് ഒന്നര മാസമെങ്കിലും സുഖകരമായ ശിശിരകാലമുണ്ടാവാറുണ്ട്. എന്നാലീ വര്‍ഷത്തെ മഞ്ഞുകാലം 15-20 ദിവസം പോലും ഉണ്ടായില്ല.

ചിത്രം/ജയേഷ് പാടിച്ചാല്‍

ഫെബ്രുവരി 22 മുതലാണ് ബന്ദിപ്പൂര്‍ കത്താന്‍ തുടങ്ങിയത്. ആരോ എവിടെയോ എന്തോ കാരണത്താല്‍ കൊളുത്തിയ തീ പടര്‍ന്നുപിടിച്ച്, നരകതുല്യമായ അഗ്‌നിബാധാദുരന്തമായിത്തീരാന്‍ ഏതാനും മണിക്കൂറുകളെ വേണ്ടിവന്നുള്ളൂ. 400 ഓളം ആദിവാസി വാച്ചര്‍മാരും 400-500 സന്നദ്ധ പ്രകൃതിസ്നേഹികളും രണ്ട് ഹെലികോപ്റ്ററുകളില്‍ 30,000 ലിറ്റര്‍ വെള്ളവുമായെത്തിയ ഡ്രോണ്‍ ഫോട്ടോഗ്രാഫര്‍മാരും എല്ലാം ചേര്‍ന്ന് 25ാം തിയതിയോടെ കാട്ടുതീ നിയന്ത്രണവിധേയമാക്കി.

ഇതേസമയം തന്നെ മുതുമലയിലും വയനാടിന്റെ പലഭാഗത്തും നിലമ്പൂരിലും അട്ടപ്പാടിയിലും കോട്ടയം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, ജില്ലകളിലെ കാടുകളിലും വനംവകുപ്പും വനസംരക്ഷണ പ്രവര്‍ത്തകരും കാട്ടുതീയണയ്ക്കാന്‍ പാടുപെടുകയായിരുന്നു.

എന്തിനാണ്, ആരാണീ തീയെല്ലാം കൊളുത്തുന്നത്.?

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമാണ് എല്ലാ അഗ്‌നിബാധകളേയും അതിഭീകര കാട്ടുതീ ദുരന്തങ്ങളാക്കി മാറ്റുന്നത്. പക്ഷെ ലോകത്തില്‍ ജ്വലിക്കുന്ന അഗ്‌നിബാധകളില്‍ 95 ശതമാനത്തില്‍ കൂടുതല്‍ പ്രതികാരം കൊണ്ടോ, അശ്രദ്ധകൊണ്ടോ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കായോ മനുഷ്യര്‍ തന്നെ ഇടുന്ന തീയാണ്. വയനാട്ടിലെ വടക്കനാട് പ്രദേശത്തും ചുറ്റും രാഷ്ട്രീയക്കാരുടെ നേതൃത്വത്തില്‍ കത്തിച്ച തീ വടക്കനാട് കൊമ്പന്‍ എന്ന ആനയോടുള്ള വിരോധം കാരണമാണ്.

ഈ കൊമ്പനാനയെ വനംവകുപ്പുകാര്‍ പിടിച്ചുതളച്ചില്ലെങ്കില്‍ നാട്ടുകാര്‍ കാട് കത്തിക്കുമെന്നും വനപരിപാലകരുടെ കാല് തല്ലിയൊടിക്കുമെന്നുമായിരുന്നു ഭീഷണി. ചൂടും ചൂടുകാറ്റുമുയരുന്ന നട്ടുച്ച മുതല്‍ 3 മണിവരെയാണ് ഈ ഭീഷണി മുഴക്കിയതിന്റെ പേരില്‍ പിറ്റേന്ന് മുതല്‍ വയനാടിന്റെ പല ഭാഗങ്ങളിലും തീ പടരാന്‍ തുടങ്ങിയത്. വയനാട് ജില്ലയില്‍ മാത്രം 840 ഹെക്ടര്‍ കാട് ഇക്കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ കത്തിയെന്നാണ് കേരള വനം-വന്യജീവി വകുപ്പിന്റെ ഔദ്യോഗിക കണക്ക്.

വയനാട് വന്യജീവിസങ്കേതത്തിലും സൗത്ത് വയനാട് വന ഡിവിഷനിലുമാണ് ഏറ്റവുമധികം കാട് കത്തിയത്. മുത്തങ്ങ, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ വന്യജീവി സങ്കേതത്തില്‍പ്പെടുന്ന പ്രദേശത്ത് 615 ഹെക്ടര്‍ കാട് കത്തി. ബാണാസുരമലയിലും ചെതലയം റേഞ്ചിലും 100 ഹെക്ടറില്‍ കൂടുതലും മാനന്തവാടി, ബേഗൂര്‍ എന്നീ റേഞ്ചുകളില്‍ 125 ഹെക്ടറും ആണ് കത്തിനശിച്ചത്.

ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സറിംഗ് സെന്ററിന്റെ റിപ്പോര്‍ട്ടനുസരിച്ച് ബന്ദിപ്പൂരില്‍ മാത്രം 15,447.27 ഏക്കര്‍ കാട് പൂര്‍ണ്ണമായും അഗ്‌നിക്കിരയായി. മുതുമലയില്‍ കത്തിയത് 123 ഏക്കര്‍ കാടാണ്. നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞന്‍ എം.ഡി മധുസൂദനന്റെ കണക്കുകൂട്ടലില്‍ ബന്ദിപ്പൂരില്‍ 17000 ഏക്കര്‍ (70 ച.കി.മീ) കാട് കാട്ടുതീയ്ക്കിരയായിട്ടുണ്ടാകും.

അമ്പരപ്പിക്കുന്ന (ആസ്ഥാന) ശാസ്ത്രവചനങ്ങള്‍

കാട്ടുതീ പോലെ വര്‍ധിക്കുന്ന അഗ്‌നിബാധദുരന്തങ്ങള്‍ ആഗോളതലത്തില്‍ സര്‍വനാശം വിതയ്ക്കുന്ന ഈ കൊടുംവേനല്‍ക്കാലത്ത് 6 ശാസ്ത്രജ്ഞര്‍ ഒരു വിചിത്ര പ്രസ്താവനയുമായി പ്രത്യക്ഷപ്പെട്ടത് പലരേയും ആശങ്കാകുലരാക്കി. പശ്ചിമഘട്ടവനങ്ങളില്‍ പടര്‍ന്ന കാട്ടുതീയേക്കാള്‍ അപായകരമായ ഒരു “തുറന്ന കത്താണ്” ഇന്ത്യയിലെ അറിയപ്പെട്ട വന്യജീവി-പരിസ്ഥിതി ശാസ്ത്രജ്ഞരായ ഇവര്‍ ഹിന്ദു പത്രത്തിന് (the hindu 2/03/2019 പേജ് 8) നല്‍കിയത്. വന്യജീവികളുടേയോ കാടിന്റേയോ പ്രശ്നങ്ങളിലൊന്നും ഇടപെട്ടിട്ടേയില്ലാത്ത ഇവരുടെ കാട്ടുതീക്കാല പ്രത്യക്ഷപ്പെടല്‍ പലരേയും അത്ഭുതപ്പെടുത്തി.

“ഇന്ത്യയിലുടനീളമുള്ള കാട്ടുതീ ബാധിക്കാന്‍ സാധ്യതയുള്ള ആവാസവ്യവസ്ഥകളെക്കുറിച്ച് പഠിക്കുന്ന” ഇവര്‍ ” തീയെ തീ കൊണ്ടുതന്നെ നേരിടുന്നതിന്റെ” പ്രാധാന്യത്തെക്കുറിച്ചാണ് കത്തില്‍ പറയുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞനും ലോകപ്രശസ്ത കാട്ടാന വിദഗ്ധനുമായ സോം രാമന്‍ സുകുമാര്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സിലെ ഡോ ജയശ്രീ ദത്തും അശോകട്രസ്റ്റിലെ ഡോ. സാന്‍കീല ഹിരോത്. ഡോ. അബി തമീം വഹാക്, ഡോ. നിതിന്‍ റായ് എന്നിവരും ഷോല ട്രസ്റ്റിലെ തര്‍ഷ് തെക്കേക്കരയുമാണ് കാട്ടുതീയെക്കുറിച്ച് ലേശം വ്യത്യസ്തമായി ചിന്തിക്കേണ്ടത് അത്യാവശ്യമാണ് എന്ന് ആവശ്യപ്പെടുന്നത്.

മേല്‍പ്പറഞ്ഞ 6 ശാസ്ത്രജ്ഞന്‍മാരുടെ “ശാസ്ത്രനിഗമനങ്ങളും” അവയോരോന്നിനോടുമുള്ള എതിരഭിപ്രായങ്ങളും മനോവിഷമത്തോടെയും എളിമയോടെയും പങ്കിടാനാണിവിടെ ശ്രമിക്കുന്നത്.

ഒരു ചെറിയ തീപ്പൊരി പോലും ഭീകരവും വ്യാപകവുമായ അഗ്‌നിബാധയാവാന്‍ സാധ്യതയുള്ള ഈ കൊടുംവേനലില്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ ഈ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മേല്‍പ്പറഞ്ഞ തുറന്ന കത്തുമായി രംഗത്തെത്തിയതിന്റെ ചേതോവികാരം എന്താവാം.? കാടുകത്തരുത്, ഒരിഞ്ചു കാടുപോലും നശിപ്പിക്കാന്‍ ബാക്കിയില്ല, കരിയിലക്ക് പോലും തീയിടാതെ മണ്ണിന് പൊതയിടണം എന്നൊക്കെ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന കാട്ടുതീക്കെതിരെയുള്ള പ്രചാരണങ്ങളും പ്രതിരോധപ്രവര്‍ത്തനങ്ങളും നടത്തുകയും തീയണയ്ക്കാന്‍ വനംവകുപ്പുമായി സഹകരിക്കുകയും ചെയ്യുന്ന നാട്ടുകാരും വനസംരക്ഷണപ്രവര്‍ത്തകരും ഈ ശാസ്ത്രവചനങ്ങള്‍ കേട്ട് വല്ലാത്ത ഞെട്ടലിലാണ്. ഈ ഒമ്പത് ശാസ്ത്രീയ നിഗമനങ്ങളും അസത്യവും അബദ്ധജടിലവുമാണെന്നാണ് സാമാന്യബുദ്ധി ഉപയോഗിച്ച് മനസിലാവുന്നത്.

1) ചരിത്രം, ശാസ്ത്രം, പരിസ്ഥിതി, ആദിവാസിജ്ഞാനം എന്നിവയില്‍ നിന്ന് ഈ ശാസ്ത്രജ്ഞര്‍ മനസിലാക്കുന്നത് നൈസര്‍ഗികവനങ്ങള്‍, സംസ്പര്‍ശ്യവനങ്ങള്‍ എന്നൊക്കെ കരുതപ്പെടുന്ന വനങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യര്‍ ഇടുന്ന കാട്ടുതീയോട് അനുകൂലനം നേടിയ അഗ്‌നി പരിപാലിച്ച (fire maintained) കാടുകളാണ്. 60,000 വര്‍ഷങ്ങളായി (അതായത് മനുഷ്യന്‍ ഇന്ത്യയിലെത്തിയത് മുതല്‍) സ്ഥിരമായി അഗ്‌നിക്കിരയാകുന്ന കാടുകളാണ് നമ്മുടേത്.

* സ്ഥിരമായ കൃഷിയുടെ വ്യാപനത്തിനായാണ് മനുഷ്യര്‍ വ്യാപകമായി കാടുകത്തിച്ച് തെളിയിക്കാന്‍ തുടങ്ങിയത് എന്ന് സമ്മതിക്കാം. കൃഷിയുടെ ഉത്ഭവം തന്നെയാണ് 12000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇന്ത്യന്‍ കാടുകള്‍ 60,000 വര്‍ഷങ്ങളായി കത്തുന്ന തീയുമായി സഹപരിണാമത്തില്‍ ഉരുത്തിരിഞ്ഞ ആവാസവ്യവസ്ഥകളാണെന്ന് പറയുന്നത് ശരിയല്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ മലമ്പ്രദേശങ്ങളില്‍ വേട്ടയാടിയും വനവിഭവങ്ങള്‍ ശേഖരിച്ചും ജീവിച്ചിരുന്നു.

ആദിവാസികള്‍ കാടിന് തീയിട്ടിരുന്നവരല്ല. അവരുടെ എണ്ണമോ ജീവിതാവശ്യങ്ങളോ കാടിന്റെ വാഹകശേഷിയേക്കാള്‍ അവര്‍ വര്‍ധിപ്പിപ്പിച്ചിട്ടുമില്ല. എങ്കില്‍ ഇവിടെ കാടുകള്‍ ബാക്കിയുണ്ടാവില്ലായിരുന്നല്ലോ. പശ്ചിമഘട്ടങ്ങളിലെ ചോലനായ്ക്കരും കാടരും മലമ്പണ്ടാര ഗോത്രക്കാരും രാത്രികാലത്ത് പോലും വലിയ ആഴികൂട്ടുന്നവരല്ല.

പുനംകൃഷി ചെയ്തിരുന്ന കാണിക്കാരും കുറുംബഗോത്രക്കാരും മറ്റും അവരിന്ന് ജീവിക്കുന്ന വനഭൂമികളിലേയല്ല അടിക്കാട് കത്തിച്ച് വിതച്ചിരുന്നത്.

മലയടിവാരങ്ങളിലെ നല്ല പുനരുജ്ജീവനശേഷിയുള്ള കാടുകളില്‍ മൂന്നോ നാലോ വര്‍ഷം വലിയ മരങ്ങളെ നിലനിര്‍ത്തിക്കൊണ്ട് അടിക്കാട് ചെറുതായി തെളിയിച്ച് തീയിട്ട്, മണ്ണിളക്കാതെയാണവര്‍ പുനം കൃഷി ചെയ്തിരുന്നത്.

2) ഓരോ വര്‍ഷവും കാട്ടില്‍ കത്തുന്ന തീയുമായി പൊരുത്തപ്പെട്ട് തീയുമായുള്ള അനുകൂലനം നേടി സഹപരിണാമ പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞുവരുന്നവയാണ് കാട്ടിലെ നിരവധി സസ്യങ്ങളും വൃക്ഷങ്ങളും. പലജാതി മരങ്ങളുടേയും മണ്ണിലുറങ്ങുന്ന വിത്തുകള്‍ മുളയ്ക്കാന്‍ തീയുടെ സഹായം ആവശ്യമാണ്.

* ചില നാടന്‍ മരങ്ങളുടേയും ചില കാട്ടുവള്ളികളുടേയും വിത്തുകള്‍ വേഗം മുളയ്ക്കാന്‍ വളരെ ചെറിയ തോതിലുള്ള തീകത്തല്‍ സഹായിക്കും. തീ കത്തിച്ചില്ലെങ്കിലും അവ മുളയ്ക്കേണ്ട സമയത്ത് സ്വാഭാവികമായും മുളയ്ക്കും. നമ്മള്‍ സൃഷ്ടിച്ചവയല്ലല്ലോ കാടുകള്‍. നമുക്ക് കാട് വളര്‍ത്താനും സാധിക്കില്ല. കാട് വളരാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും വഴി തടയാതിരിക്കാനും തീര്‍ച്ചയായും നമുക്കാകും.

കാടെന്നാല്‍ തണലും നനവും അന്തരീക്ഷ ആര്‍ദ്രതയും ഈര്‍പ്പവും വേണ്ടുന്ന പന്നല്‍ച്ചെടികളും ഓര്‍ക്കിഡുകളും കാട്ടുകാശിത്തുമ്പകളും മോസ്സും കല്‍പ്പായലുകളും മരങ്ങളില്‍ വളരുന്ന എപ്പിഫൈറ്റുകളും എല്ലാമാണ്. അടിക്കാട്ടില്‍ മുട്ടയിടുന്ന പക്ഷികളും പാമ്പും തവളകളും കരയാമകളും ഷഡ്പദങ്ങളും ഉരഗങ്ങളുമെല്ലാം ചേര്‍ന്നാണ് കാടിനെ കാടാക്കുന്നത്.

ശാസ്ത്രം ഇനിയും കണ്ടുപിടിച്ചു പേരിട്ടില്ലാത്ത സസ്യങ്ങളും സൂക്ഷ്മജീവികളുമെല്ലാം ചേര്‍ന്ന് സൗരോര്‍ജത്തെ ജീവന് വേണ്ടി ജീവോര്‍ജ്ജമാക്കി മാറ്റുകയും സൂര്യതാപത്തില്‍ നിന്ന് ജീവന് സംരക്ഷണം നല്‍കുകയും ചെയ്യുന്ന ജീവാദയവ്യവസ്ഥകളാണ് കാടുകള്‍. തീയോ ചൂടോ കൊടുങ്കാറ്റോ പേമാരിയോ താങ്ങാനോ വയ്യാത്തവയാണ് നിത്യഹരിതവനങ്ങളും അവയിലെ ജീവജാലങ്ങളും. ഒരിക്കല്‍ തീ വീണ് കത്തിത്തുറന്ന കാടുകള്‍ വീണ്ടും പാരിസ്ഥിതികധര്‍മ്മങ്ങള്‍ നിറവേറ്റാന്‍ കെല്‍പ്പുള്ള ആവാസവ്യവസ്ഥകളായി മാറാന്‍ നൂറ്റാണ്ടുകള്‍ എടുത്തേക്കാം. വരും തലമുറകള്‍ക്കീ ഭൂമിയില്‍ ജീവിക്കാന്‍ തീയില്‍ നിന്നും വനനശീകരണത്തില്‍ നിന്നും കാടുകളെ നൂറ്റാണ്ടുകള്‍ സംരക്ഷിക്കാന്‍ നാം തയ്യാറായേ തീരൂ.

പരിണാമവും സഹപരിണാമവും നടക്കാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വേണം. പരിണാമശാസ്ത്രസംഹിതകള്‍ വലിയ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്. ജീവന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനം സഹകരണവും പരസ്പരാശ്രിതബന്ധങ്ങളും പരസ്പരപൂരക പാരമ്പര്യങ്ങളുമാണ്, മറിച്ച് അതിജീവനസമരങ്ങളും സംഘര്‍ഷങ്ങളും മാത്രമല്ല, എന്ന തിരിച്ചറിവിലാണ് പരിണാമശാസ്ത്രജ്ഞര്‍. കടപ്പാടും സേവനസന്നദ്ധതയുമുള്ള രഹസ്യബന്ധങ്ങളും വിസ്മയകരമായ സഹജീവനവും പരസ്പരപ്രാണ ആത്മബന്ധങ്ങളുമാണ് സഹപരിണാമത്തിന്റേയും അതിജീവനത്തിന്റേയും ആത്മാവിലുള്ളത്.

സസ്യഭുക്കുകളായ ജീവികളുടെ മേയലില്‍ നിന്ന് രക്ഷ നേടാന്‍ മുള്ളുകള്‍ വളര്‍ത്തിയ ചെടികളും പാറ്റപിടിയന്‍ പക്ഷികളില്‍ നിന്ന് രക്ഷപ്പെടാന്‍ ആള്‍മാറാട്ടം പോലുള്ള പല സൂത്രപ്പണികളും പഠിച്ചെടുത്ത പൂമ്പാറ്റകളുമൊക്കെ സഹപരിണാമത്തിന്റെ ഉദാഹരണങ്ങളാണ്. പക്ഷേ ഒന്നരലക്ഷം വര്‍ഷത്തിന്റെ മാത്രം പരിണാമചരിത്രമുള്ള ഹോമോസാപ്പിയന്‍സ് കാരണം സംജാതമായ കാട്ടുതീയോടും ആഗോളതാപനത്തോടും അനുകൂലനം നേടി, സഹപരിണാമനൈപുണ്യങ്ങള്‍ നേടാന്‍ ആവാസവ്യവസ്ഥയ്കള്‍ക്ക് കഴിയുമോ? ലോകത്തെ വലിയ മരുഭൂമികളില്‍ ഒന്നായി മാറുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മനുഷ്യനും ജീവജാലങ്ങളും കാടും തണ്ണീര്‍ത്തടങ്ങളുമെല്ലാം ഒന്നിച്ചേ നിലനില്‍ക്കൂ എന്നുറപ്പാണ്. മനുഷ്യന്റേത് മാത്രമായ സാവകാശങ്ങളും അതിജീവനവും അധാര്‍മ്മികവും അസാധ്യവുമാണ്.

3) മുതുമലക്കാടുകളിലെ പല തൈമരങ്ങളുടേയും വളര്‍ച്ചാ നിരക്ക് കാട്ടുതീയ്ക്ക് ശേഷം വര്‍ധിക്കുന്നതായി ശാസ്ത്രപഠനങ്ങള്‍ സ്ഥിരീകരിക്കുന്നു.

&

4) കാട്ടുതീയും വരള്‍ച്ചയും ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കര്‍ണാടക, എന്നീ പ്രദേശങ്ങളിലെ വരണ്ട ഇലപൊഴിയും കാടുകളുടെ വളര്‍ച്ചക്ക് അത്യാവശ്യമാണ്.

* മരങ്ങളുടേയും കാടുകളുടേയും വളര്‍ച്ചയ്ക്ക് കാട്ടുതീ ആവശ്യമാണ് എന്ന വിചിത്ര കണ്ടെത്തലില്‍ ഈ ശാസ്ത്രജ്ഞര്‍ എത്തിയത് എത്ര കാലത്തെ ഗവേഷണപരീക്ഷണങ്ങള്‍ കൊണ്ടാണെന്ന് അറിഞ്ഞാല്‍ നന്നായിരുന്നു. കാലത്തിനും നല്ല കാലാവസ്ഥയ്ക്കും ജീവപരിണാമപ്രക്രിയയ്ക്കും മാത്രം സൃഷ്ടിക്കാനും ജൈവവൈിധ്യസമ്പത്തും സുസ്ഥിരവുമാക്കാനും കഴിയുന്ന കാടുകളേയും അവയിലെ ജീവജാലങ്ങളേയും കുറിച്ച് നാം മനസിലാക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ

5) വിലപിടിച്ച തടിയ്ക്ക് മാത്രമായി കാടുകളെ കണ്ട വെള്ളക്കാരാണ് കാട്ടുതീ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാണെന്ന അബദ്ധധാരണ പ്രചരിപ്പിച്ചത്.

&

6) അധിനിവേശസസ്യങ്ങളുടെ വ്യാപനം കാട്ടുതീ തടയുന്നു

*യഥാര്‍ത്ഥത്തില്‍ തേക്ക് പോലുള്ള വിലപിടിച്ച മരങ്ങള്‍ കൂടുതല്‍ വളരാന്‍ കാടുകളെ (നിത്യഹരിത വനങ്ങളിലേയും ചെറിയ എണ്ണത്തില്‍ ഇത്തരം ഇലപൊഴിയും വൃക്ഷങ്ങളപണ്ടാവും) കത്തിക്കാനാണ് കൊളോണിയല്‍ ഉദ്യോഗസ്ഥര്‍ നമ്മെ നിര്‍ബന്ധിച്ചത്. തീ താങ്ങാന്‍ കഴിവുള്ള വിലപിടിപ്പുള്ള കാതല്‍ വൃക്ഷങ്ങള്‍ കപ്പല്‍ നിര്‍മ്മാണത്തിനും മറ്റും അവര്‍ക്കാവശ്യമായിരുന്നു. ഒരുപക്ഷെ ജലസ്രോതസ്സുകളും ജലസംഭരണമേഖലകളും കാട്ടുതീ കയറാതെ സംരക്ഷിക്കണം എന്നവര്‍ പിന്നീട് പറഞ്ഞിട്ടുണ്ടാവാം. ജലസുരക്ഷിതത്വവും പരിസ്ഥിതി സന്തുലിതാവസ്ഥയും ഇല്ലാത്ത നാട്ടില്‍ അവര്‍ക്കും ജീവിക്കാനാവില്ലല്ലോ.

7) കര്‍ണാടകയിലെ ബിലിഗിരി രംഗസ്വാമി കടുവസങ്കേതത്തില്‍ നിന്ന് സോളിഗ
വംശജരെ മാറ്റിപ്പാര്‍പ്പിച്ചതു കൊണ്ടാണ് അവിടേക്ക് കൊങ്ങിണിച്ചെടികള്‍ പോലുള്ള അധിനിവേശസസ്യങ്ങള്‍ വ്യാപിച്ചത്. സോളിഗവംശജര്‍ അടിക്കാട്ടില്‍ ഇട്ടിരുന്ന തീയില്‍ ഇവ നശിച്ചുപോകുമായിരുന്നു.

കര്‍ണാടകയിലെ കാടുകളിലും തേക്കടിയിലും വയനാട്ടിലുമൊക്കെ മാനുകള്‍ക്കും മറ്റും പച്ചപ്പുല്ല് കിട്ടാന്‍ അടിക്കാടിന് തീയിടുന്ന പരിപാടി ഇന്നുമുണ്ട്. വര്‍ഷാവര്‍ഷം കത്തികത്തി ഇന്നീ കാടുകളില്‍ ഒരു ജീവിക്കും തിന്നാന്‍ കൊള്ളാത്ത കളസസ്യങ്ങളും അധിനിവേശസസ്യങ്ങളും വിഷച്ചെടികളും മുള്‍ച്ചെടികളും മാത്രമേയുള്ളൂ. കരടിക്കും മാനിനും പക്ഷികള്‍ക്കും തേനീച്ചകള്‍ക്കും ആനയ്ക്കുമൊന്നും ആഹാരവും വെള്ളവുമൊന്നും കാടുകളിലില്ല. നില്‍ക്കകള്ളിയില്ലാത്ത വന്യജീവികളാണ് വഴിമുട്ടി നാട്ടിലേക്കിറങ്ങുന്നത്. കാണിയാരും ബോളിഗകളും കാടരും മലയരുമെല്ലാം കത്തിക്കരിഞ്ഞ കാടുകളില്‍ തടിയേതര വനവിഭവങ്ങള്‍ കിട്ടാതെ നിത്യദാരിദ്രത്തിലാണ്. കാട്ടുതീയാണ് അധിനിവേശസസ്യങ്ങളുടെ വ്യാപനം ത്വരിതപ്പെടുത്തുന്നത്.

8) തീവ്രമായ അഗ്‌നിബാധകള്‍ കാടിന് ദോഷം ചെയ്യും. പക്ഷെ കാട്ടുതീ വിനാശകരമാകാന്‍ കാരണം തീ കത്തിപ്പടരാന്‍ കാട്ടില്‍ ധാരാളം ഉണങ്ങിയ ഇലകളും ചില്ലകളും മറ്റും ഇന്ധനമായി കിടക്കുന്നത് കൊണ്ടാണ്. ഇതിനാണ് തീക്കാലത്തിന് മുമ്പേ നിയന്ത്രിതമായ കാടുകത്തിക്കല്‍ നടത്തേണ്ടത്.

*തീ കത്താന്‍ സാധ്യതയുള്ള വനഭൂമികളിലും വന്യജീവികളെ ഒരിടത്ത് തന്നെ നിര്‍ത്താനും വിനോദസഞ്ചാരികള്‍ക്ക് വന്യജീവികളെ കാണിക്കാനുമൊക്കെ വനംവകുപ്പുകള്‍ നിയന്ത്രിതമായി തീ ഉപയോഗിച്ചിരുന്നു. ചെറിയ കംപാര്‍ട്ടുമെന്റകളായി തിരിച്ച്, കാടും കാറ്റിന്റെ ദിശയുമൊക്കെ നന്നായി അറിയുന്ന ആദിവാസികളേയും തദ്ദേശീയരേയും ചുമതലപ്പെടുത്തി അതീവ ജാഗ്രതയോടെ നടത്തിയിരുന്ന ഒരു പരിപാടിയായിരുന്നു controlled burning
. ഇന്ന് റബ്ബര്‍ തോട്ടങ്ങളും നാട്ടുമ്പുറത്തെ പറമ്പുകളും വഴിയരികിലെ ചവറുകൂനകള്‍ പോലും അപായകരമായ അഗ്‌നിയ്ക്കിരയാവുകയാണ്. കൂലിക്കെടുത്ത, കാടറിയാത്ത പണിക്കാര്‍ വനഭൂമികളില്‍ നടത്തുന്ന ഒരു വിധമെല്ലാ നിയന്ത്രിത തീയിടലും വ്യാപകവും അനിയന്ത്രിതവുമായ അഗ്‌നിബാധയാവുകയാണ് എന്നെല്ലാവര്‍ക്കും അറിയാം. ശാസ്ത്രജ്ഞര്‍ക്ക് ഇതറിയാത്തത് വനഭൂമികളില്‍ നിന്ന് വളരെ അകലെയുള്ള വാതാനുകൂല ലാബുകളിലാവാം അവരുടെ ഗവേഷണം എന്നതുകൊണ്ടാവാം.

9) ശാസ്ത്രീയവും യുക്തിപരവുമായ വനപരിപാലനരീതികള്‍ക്കായുള്ള നിയമനിര്‍മ്മാണം നടത്താന്‍ വനംവകുപ്പും നയങ്ങള്‍ രൂപീകരിക്കുന്നവരും മുന്‍കൈയെടുക്കണം. വനപരിപാലനത്തിന് അഗ്‌നി ഒരു പ്രധാന ഉപകരണമാണ് എന്ന് കേരള വനംവകുപ്പിലെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എ.കെ ധര്‍ണി ഇതേ പത്രക്കുറിപ്പില്‍ പറയുന്നു. “കാടിനെ നീണ്ട കാലം തീയില്‍ നിന്ന് സംരക്ഷിച്ചാല്‍ നാല് വര്‍ഷത്തിലൊരിക്കല്‍ തീവ്രമായ അഗ്‌നിബാധയുണ്ടാവും. അതേസമയം ഒരു ഉപകരണമെന്ന നിലയില്‍ വളരെ ബുദ്ധിപരമായ രീതിയില്‍ വേണം തീ ഉപയോഗിക്കാന്‍

*തീര്‍ച്ചയായും ശാസ്ത്രീയവും ബുദ്ധിപരവുമായ വനപരിപാലനവും അതിനായുള്ള നൂതനനയങ്ങളും നിയമങ്ങളും ആവശ്യമാണ്. പക്ഷെ “ശാസ്ത്രീയം” എന്നാല്‍ ഏത് ശാസ്ത്രം? ബുദ്ധിപരം എന്നാല്‍ ആരുടെ ബുദ്ധി? കാടിനെ ആശ്രയിച്ച് ജീവിക്കുന്നവരുടേയും വനപരിപാലകരുടേയും പ്രായോഗിക അനുഭവജ്ഞാനവും കാടാണ് സത്യമെന്നും കാടില്ലെങ്കില്‍ നാടിന് നിലനില്‍പ്പില്ല എന്നുമുള്ള ധാര്‍മ്മികബോധവുമാണ് യഥാര്‍ത്ഥ ശാസ്ത്രീയത. മനുഷ്യന്‍ ഇടുന്ന കാട്ടുതീ സ്വാഭാവിക പ്രതിഭാസമാണെന്നും കാടിനും നാടിനും നല്ലതാണെന്നുമുള്ള ധാരണകള്‍ തിരുത്തിയേ തീരൂ.

ആദ്യം അണയേണ്ടത് മനുഷ്യമനസിലെ ഹിസാത്മകവും ഭ്രാന്തവുമായ തീ തന്നെയാണ്. ഭൂമിയുമായും പ്രകൃതിയുമായും സമരസപ്പെടാനുള്ള അവസാനത്തെ അവസരങ്ങളാണ് നാമിന്ന് നേരിടുന്ന സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക-ധാര്‍മ്മിക പ്രതിസന്ധികളെല്ലാം നമുക്ക് തരുന്നത്. ഒരു കരിയില പോലും കത്തിക്കരുത്, അത് ഭൂമിയെ വേദനിപ്പിക്കുമെന്നും ഒരു ചിലന്തവല പോലും നശിപ്പിക്കരുത് അതൊരു ജീവിയുടെ വീടാണെന്നും ഒരു പൂവുപോലും പറിക്കരുത് അതൊരു വിത്താവാനുള്ളതാണെന്നും ഒരു ചീത്ത ചിന്തപോലും അരുത് അതാരെയോ വേദനിപ്പിക്കുമെന്നുമുള്ള സഹജീവിബോധമുള്ള കുട്ടികള്‍ ലോകത്തെല്ലായിടത്തും വളരുന്നുണ്ട്. അനരില്‍ നിന്നും പരിണമിച്ചുവരട്ടെ സൗമ്യരും സ്വതന്ത്രരും ശക്തരും സ്‌നേഹം നിറഞ്ഞവരുമായ പുതിയ മനുഷ്യകുലം.

എസ്. ശാന്തി

We use cookies to give you the best possible experience. Learn more