തിയറ്റേറുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന സിനിമയാണ് നേര്. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ വമ്പന്‍തിരിച്ചുവരവാണ് നേര്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയും ജിത്തു ജോസഫും ചേര്‍ന്നാണ്. ചിത്രത്തിന്റെ എഴുത്തിന്റെ സമയത്തുണ്ടായ അനുഭവങ്ങളെക്കുറിച്ച് ശാന്തി പറയുന്നു. ‘സാറ എന്ന കഥാപാത്രത്തിന്റെ നോവ് ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. ആ സമയം മുഴുവന്‍ സാറയുടെ വിങ്ങലായിരുന്നു എന്റെ ഉള്ളില്‍. വിഷ്ണു ചെയ്ത തീം മ്യൂസിക് ആദ്യമേ കിട്ടിയിരുന്നു. അത് കേട്ടുകൊണ്ടാണ് സ്‌ക്രിപ്റ്റ് തയാറാക്കിയത്. കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെപ്പറ്റിയുളള വാര്‍ത്തകള്‍ മാത്രമേ എന്നെ വല്ലാതെ വേട്ടയാടുള്ളൂ.
സാറ എന്ന ക്യാരക്ടര്‍ ആദ്യം ബില്‍ഡ് ചെയ്യുമ്പോള്‍ ആ കഥാപാത്രമായി ആരും മനസിലുണ്ടായിരുന്നില്ല. സാറ എന്ന തട്ടമിട്ട പെണ്‍കുട്ടി, സാറയുടെ കണ്ണുകള്‍, നിഷ്‌കളങ്കമായ മുഖം, ആ കുട്ടിയുടെ വിങ്ങല്‍ ഇതൊക്കെ മാത്രമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ. ഡയലോഗുകളും എഴുതിക്കഴിഞ്ഞ ശേഷമാണ് ഇത് ആര് ചെയ്താല്‍ നന്നാവും എന്ന ചോദ്യം വന്നത്. എല്ലാവരും അനശ്വരയുടെ പേരാണ് പറഞ്ഞത്.
വേറെ ആരെയും ആ കഥാപാത്രം ചെയ്യാന്‍ സമീപിച്ചില്ല. അനശ്വരയില്‍ എല്ലാവര്‍ക്കും അത്രക്ക് വിശ്വാസമായിരുന്നു. ഉദാഹരണം സുജാതയില്‍ അഭിനയിച്ച സമയത്ത് അനശ്വരയെ എല്ലാവരും സ്വന്തം കുട്ടി എന്ന നിലയിലാണ് കണ്ടത്. അതിനു ശേഷം എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ഒരു കഥാപാത്രമായി അനശ്വര മാറിയത് നേരിലൂടെയാണ്,’ ശാന്തി മായാദേവി പറഞ്ഞു.
മോഹന്‍ലാല്‍, അനശ്വര എന്നിവരെക്കൂടാതെ ജഗദീഷ്, സിദ്ദീഖ്, പ്രിയാമണി, കെ.ബി.ഗണേഷ്‌കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നേര് നിര്‍മ്മിച്ചിരിക്കുന്നത്.
Content Highlight: Santhi Mayadevi about Neru script