മോഹൻലാൽ വക്കീൽ കഥാപാത്രത്തിൽ എത്തിയ ചിത്രമാണ് നേര്. ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ജീത്തു ജോസഫും മായാദേവിയും ചേർന്നാണ്. മായാദേവി ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.
ശരീരഭാഷ കൊണ്ടും സംഭാഷണങ്ങൾ അവതരിപ്പിക്കുന്ന രീതിക്കൊണ്ടും മോഹൻലാൽ എന്ന നടൻ സിനിമയിലുടനീളം അത്ഭുതപെടുത്തിയിട്ടുണ്ടെന്ന് ശാന്തി മായാദേവി പറഞ്ഞു. മോഹൻലാൽ അത്രയും റിയലിസ്റ്റിക് ആയിട്ടാണ് പെർഫോം ചെയ്തതെന്ന് ശാന്തി പറയുന്നുണ്ട്. മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ശരീരഭാഷ കൊണ്ടും സംഭാഷണങ്ങൾ അവതരിപ്പിക്കുന്ന രീതിക്കൊണ്ടും സിനിമയിലുടനീളം മോഹൻലാൽ എന്ന നടൻ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ലാലേട്ടൻ ഉൾപ്പെടെ ഒട്ടേറെ സീനിയർ താരങ്ങൾ ഉണ്ട്. ചിത്രത്തിൽ ഒരാളുടെ ഷോട്ട് കഴിഞ്ഞാൽ അടുത്തയാളുടെ പെർഫോമൻസ് കാണാനായി ലാലേട്ടൻ ഉൾപ്പെടെയുള്ളവർ ക്യാരവനിലേക്ക് പോകാതെ അവിടെത്തന്നെ ഇരിക്കും. പല സീനുകൾ കഴിയുമ്പോഴും ലാലേട്ടൻ ചിരിച്ചുകൊണ്ട് ചോദിക്കും ‘ഞാൻ ഒരു വക്കീലായാൽ മതിയായിരുന്നല്ലേ’ അത്രയും റിയലിസ്റ്റിക് ആയിട്ടാണ് ചിത്രത്തിലൂടെ അദ്ദേഹം പെർഫോം ചെയ്തിരിക്കുന്നത്,’ ശാന്തി മായാദേവി പറഞ്ഞു.
നേര് സിനിമ തിരക്കഥ എഴുതാനുള്ള സാഹചര്യത്തെക്കുറിച്ചും ശാന്തി മായാദേവി പറയുന്നുണ്ട്. ദൃശ്യത്തിന് ശേഷം താനും ജീത്തു ജോസഫും ഫാമിലി ഫ്രണ്ട്‌സ് ആയെന്നും പിന്നീടുള്ള ഒരു യാത്രയിലാണ് തന്നോട് നേരിന്റെ കഥ പറഞ്ഞതെന്നും ശാന്തി കൂട്ടിച്ചേർത്തു.
‘ഒരു കോട്ട്റൂം ഡ്രാമ ചെയ്യണമെന്ന് ജിത്തു സാറിന് ആഗ്രഹം ഉണ്ടായിരുന്നു. ദൃശ്യത്തിന്റെ സെറ്റിൽവെച്ച് ആ കാര്യം എന്നോട് പറഞ്ഞിരുന്നു. ദൃശ്യത്തിനുശേഷം ഞങ്ങൾ ഫാമിലി ഫ്രണ്ട്സ് ആയി. ഞങ്ങളുടെ കുടുംബങ്ങൾ ഒരുമിച്ച് യാത്ര ചെയ്യാറുണ്ടായിരുന്നു. അങ്ങനെയൊരു യാത്രക്കിടയിലാണ് നേരിന്റെ കഥാതന്തു എന്നോട് പറയുന്നത്. അവിടെ മുതൽ ഞങ്ങൾ നേരിനു പിന്നിലായി. ദൃശ്യവുമായി യാതൊരു രീതിയിലും സാമ്യപ്പെടുത്താൻ സാധിക്കാത്ത ചിത്രമാണ് നേര്,’ ശാന്തി മായാദേവി പറയുന്നു.
Content Highlight: Santhi mayadevi about mohanlal’s performance in neru movie