പിഷാരടി വഴി റാമിലേക്കും; റാം വഴി ലിയോയിലേക്കും; സിനിമയിലേക്ക് വരുന്നത് അവിചാരിതമായി: ശാന്തി മായാദേവി
Film News
പിഷാരടി വഴി റാമിലേക്കും; റാം വഴി ലിയോയിലേക്കും; സിനിമയിലേക്ക് വരുന്നത് അവിചാരിതമായി: ശാന്തി മായാദേവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th December 2023, 11:31 am

താൻ സിനിമയിലേക്ക് എത്തിയ വഴിയെക്കുറിച്ച് സംസാരിക്കുകയാണ് നടിയും അഭിഭാഷകയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി. താൻ വക്കീൽ ആകണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നെന്നും ആദ്യമൊക്കെ തന്റെ പ്രൊഫഷനോട് ചെറിയ താത്പര്യ കുറവ് ഉണ്ടായിരുന്നെന്നും ശാന്തി മായാദേവി പറഞ്ഞു.

അവിചാരിതമായാണ് സിനിമയിലേക്ക് വരുന്നതെന്നും ശാന്തി പറയുന്നുണ്ട്. നടനും സംവിധായകനുമായ രമേഷ് പിഷാരടി വഴിയാണ് സിനിമയിലേക്ക് എത്തിയതെന്നും ശാന്തി മായാദേവി കൂട്ടിച്ചേർത്തു. മലയാള മനോരമയോട് സംസാരിക്കുകയായിരുന്നു താരം.

‘എന്റെ അച്ഛൻറെ ആഗ്രഹമായിരുന്നു ഞാൻ ഒരു വക്കീലാകണം എന്നത്. ആദ്യമൊക്കെ ഈ പ്രൊഫഷനോട് ചെറിയ താത്പര്യ കുറവുണ്ടായിരുന്നെങ്കിലും, പിന്നീട് വളരെ പ്രിയപ്പെട്ടതായി മാറി. അവിചാരിതമായാണ് സിനിമയിലേക്ക് വരുന്നത് . നടനും സംവിധായകനുമായ രമേഷ് പിഷാരടി എന്റെ സുഹൃത്താണ്.

ആ സൗഹൃദത്തിന്റെ തുടർച്ചയായാണ് ഗാനഗന്ധർവൻ എന്ന ചിത്രം ചെയ്യുന്നത്. അതിലെ പ്രകടനം കണ്ടിട്ടാണ് ജീത്തു ജോസഫ് റാം എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. അവിടെ നിന്നും ദൃശ്യത്തിലേക്ക് ദൃശ്യം വഴി ലിയോയിലേക്കും,’ ശാന്തി മായാദേവി പറഞ്ഞു.

റാമിൽ താൻ ഒരു രസകരമായിട്ടുള്ള റോളാണ് ചെയ്യുന്നതെന്നും ശാന്തി മായാദേവി കൂട്ടിച്ചേർത്തു. ‘റാമിൽ വളരെ രസകരമായ റോളാണ് ചെയ്യുന്നത്. കൊവിഡിന് മുൻപുള്ള റാമല്ല കോവിഡിന് ശേഷമുള്ളത്. രണ്ടു ഭാഗങ്ങളായി ഇറങ്ങുന്ന ഒരു വലിയ സിനിമയായി റാം മാറി. എന്റർടൈൻ വിഭാഗത്തിൽ വരുന്ന ആക്ഷൻ ചിത്രമാണത്,’ ശാന്തി മായാദേവി പറയുന്നു.

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ നേരിൽ അഹാന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശാന്തി മായാദേവിയാണ്. അഭിനയത്തിന് പുറമെ ജീത്തു ജോസഫിന്റെ കൂടെ തിരക്കഥ രചിച്ചത് ശാന്തിയും കൂടിയാണ്. മോഹൻലാലിന് പുറമെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്തത് അനശ്വര രാജനാണ്. ഇവർക്ക് പുറമെ പ്രിയ മണി, ജഗദീഷ്, സിദ്ദീഖ്, ഗണേഷ് കുമാർ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഡിസംബർ 21ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: Santhi mayadevi about her entry in film