താനൊരു ആക്ടർ ആണെന്ന് എവിടെയും അവകാശപ്പെടുന്നില്ലായെന്ന് നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി. എന്നാൽ ഇനി അഭിനയിക്കുമ്പോൾ ഹോംവർക് ചെയ്യണമെന്ന് തോന്നിയിട്ടുണ്ടെന്നും ശാന്തി മായാദേവി പറഞ്ഞു. എന്നാൽ ഇനി നല്ല കഥകൾ എഴുതണമെന്നുണ്ടെന്നും ശാന്തി കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഇനിയും നല്ല കഥകൾ എഴുതണമെന്നുണ്ട്. ഞാനൊരു ആക്ടർ ആണെന്ന് ഞാൻ എവിടെയും അവകാശപ്പെടുന്നില്ല. എനിക്കറിയാം ഞാൻ ഒരു ആക്ടർ അല്ല. ഞാൻ എഴുതിയ സിനിമയിൽ ഈ റോൾ ഞാൻ ചെയ്താൽ നന്നായിരിക്കും എന്ന് സാറ് പറഞ്ഞതുകൊണ്ടാണ് ചെയ്തത്. ഞാൻ മുൻപ് അഭിനയിച്ച സിനിമകൾ നല്ലതാണ്, പക്ഷേ എന്റെ അഭിനയം നോക്കുമ്പോൾ ചെയ്തത് നന്നായില്ല എന്ന് തോന്നും. ചിലർക്ക് അത് ഓക്കെയാണ്.
ഈ സിനിമയിൽ അഹാന എന്ന കഥാപാത്രം വളരെ കാഷ്വലായാണ് വന്നിരിക്കുന്നത്, ബാക്കിയുള്ളവർ എല്ലാം സീനിയേഴ്സ് ആണ്. ആ കഥാപാത്രത്തെ ഞങ്ങൾ കാണിക്കാൻ ശ്രമിച്ചത് വിജയ്മോഹന്റെ വീട്ടിലേക്ക് ഒന്നും പറയാതെ കേറി ചെല്ലാൻ പറ്റുന്ന ഒരാളായിട്ടാണ്. അവിടെ അഹാന വളരെ ഫോർമൽ ആയിട്ട് ചെയ്യേണ്ട കാര്യം ഒന്നുമില്ല.
ചിലത് കണ്ടപ്പോൾ എനിക്ക് ചില എക്സ്പ്രഷൻസ് ഒക്കെ പാളിയല്ലോ അതൊക്കെ നന്നാക്കാം തോന്നിയിരുന്നു. ഞാനൊരിക്കലും ഒരു ആക്ടർ എന്ന രീതിയിൽ ഒരുപാട് അഭിനയിക്കണം എന്ന് പറയുന്ന ഒരാളല്ല. കാരണം എനിക്കൊരു സ്ട്രോങ്ങ് ബാക്ക്ഗ്രൗണ്ട് ഉണ്ട്. എന്റെ വക്കീൽ പണിയിലാണ് ഓരോ ദിവസവും ബെറ്റർ ആയിരുന്നത്.
ഇപ്പോൾ എനിക്ക് തോന്നുന്നു ഇനി കുറച്ചു ഉത്തരവാദിത്തം കാണിക്കണം എന്ന്. ഞാൻ എഴുതുന്ന സിനിമ ആയതുകൊണ്ട് ഞാൻ അഭിനയിച്ചു എന്നുള്ളതല്ല. പക്ഷേ ഞാൻ അഭിനയിക്കുന്ന സിനിമകളിലാണെങ്കിൽ ഞാൻ ഒരു ഹോംവർക്ക് ചെയ്യണം അതൊന്നു വ്യക്തമാക്കണം എന്നുണ്ട്. പക്ഷേ ഒരുപാട് സിനിമകൾ ചെയ്യണമെന്ന് മനസ്സിൽ പോലും ഇല്ല,’ ശാന്തി മായാദേവി.
ദൃശ്യം 2വിൽ മോഹൻലാലിന്റെ വക്കീലായി എത്തിയ താരമാണ് ശാന്തി മായാദേവി. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തിയ നേര് എന്ന ചിത്രത്തിലെ തിരക്കഥാകൃത്തുകളിൽ ഒരാളാണ് ശാന്തി മായാദേവി. ചിത്രം ആറ് ദിവസം പിന്നിടുമ്പോഴും തിയേറ്ററിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറികൊണ്ടിരിക്കുകയാണ്
Content Highlight: Santhi mayadevi about her acting