മതിലിന് പുറകിൽ നിന്ന് മമ്മൂക്കയുടെ ഷൂട്ടിങ് കണ്ട ഞാൻ അടുത്ത പടത്തിൽ അദ്ദേഹത്തിന്റെ കൂടെ: സന്ദീപ് പ്രദീപ്
Film News
മതിലിന് പുറകിൽ നിന്ന് മമ്മൂക്കയുടെ ഷൂട്ടിങ് കണ്ട ഞാൻ അടുത്ത പടത്തിൽ അദ്ദേഹത്തിന്റെ കൂടെ: സന്ദീപ് പ്രദീപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th November 2023, 1:04 pm

ഷോർട്ട് ഫിലിമിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് സന്ദീപ് പ്രദീപ്. ബേസിൽ ജോസഫ് മുഖ്യ കഥാപാത്രത്തിൽ ഇതിൽ എത്തിയ ഫാലിമിയിൽ സന്ദീപ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 18ാം പടിയാണ് സന്ദീപിന്റെ ആദ്യ ചിത്രം. മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.

18ാം പടിയുടെ ഷൂട്ടിന്റെ സമയത്ത് മമ്മൂട്ടിയുമായുള്ള അനുഭവം പങ്കുവെക്കുകയാണ് സന്ദീപ് പ്രദീപ്. തന്റെ കഥാപാത്രം ചെറുതാണെങ്കിലും തനിക്ക് അവിടുന്ന് ഒരുപാട് നല്ല എക്സ്പീരിയൻസ് കിട്ടിയെന്ന് സന്ദീപ് പറഞ്ഞു. മമ്മൂട്ടിയുടെ ഒരു ഷൂട്ടിങ് കാണാൻ പോയതും അതിന് ശേഷം 18ാം പടിയിൽ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച അനുഭവവും സന്തീപ് പങ്കുവെച്ചു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരം അനുഭവം പങ്കുവെച്ചത്.

‘ഞാൻ ആദ്യമായിട്ട് സിനിമയിലേക്ക് കയറുന്നത് പതിനെട്ടാം പടിയിലാണ്. മമ്മൂക്കയെപ്പോലെ ഒരുപാട് ലെജൻഡറി ആക്ടർസ് അതിലുണ്ട്. അവരുടെ കൂടെ അഭിനയിക്കാൻ സാധിച്ചത് വലിയ കാര്യമാണ്. എനിക്കെന്റെ കഥാപാത്രത്തേക്കാൾ പ്രാധാന്യം അതിലുള്ള എക്സ്പീരിയൻസ് ആണ്.

ഞാൻ വൈക്കംക്കാരനാണ്. വൈക്കത്ത് ഷൂട്ടിന്റെ കാര്യത്തിന് മമ്മൂക്ക വരുമ്പോൾ ഞാൻ മതിലിന്റെ ഇപ്പുറത്ത് നിന്ന് കാണുമായിരുന്നു. മമ്മൂക്ക ദൂരെ നിന്ന് ഷൂട്ട് ചെയ്യുന്നതൊക്കെ മതിലിന്റെ ഇപ്പുറത് നിന്ന് നോക്കി നിൽക്കും.18ാം പടിയുടെ ഷൂട്ടിന്റെ സമയത്ത് മതിലിന്റെ അപ്പുറത്ത് കുറെ ആളുകളുണ്ട്. ഞാനപ്പോൾ മമ്മൂക്കയുടെ കൂടെയുണ്ട്. ആ മെമ്മറി ഇങ്ങനെ ഓർത്തെടുക്കുമ്പോൾ എനിക്ക് പ്രൗഡ് ആയിട്ട് തോന്നും. അങ്ങനെ ഒരുപാട് മെമ്മറബിൾ ആയിട്ടുള്ള എക്സ്പീരിയൻസ് ആണ് 18ാം പടി എന്ന് എനിക്ക് നേടിയെടുക്കാൻ സാധിച്ചത്,’ സന്ദീപ് പ്രദീപ് പറഞ്ഞു.

18ാം പടിയുടെ ലൊക്കേഷനിൽ വെച്ച് മമ്മൂട്ടിയുമായി സംസാരിച്ചതെല്ലാം സന്ദീപ് അഭിമുഖത്തിൽ പറയുന്നുണ്ട്. തങ്ങൾ കുറേ ആളുകൾ ഉള്ളത് കൊണ്ട് മമ്മൂട്ടിക്ക് സംസാരിക്കാൻ സാധിച്ചില്ലെന്നും സന്ദീപ് പറഞ്ഞു.

’18ാം പടിയിൽ ഒരുപാട് ആളുകളുണ്ട്. എല്ലാവരോടും മമ്മൂക്കക്ക് സംസാരിക്കാൻ ഉള്ള ഒരു അവസരം ഉണ്ടായിട്ടില്ല. എന്നാൽ എല്ലാവരോടും പേരെന്താണ്, നാട് എവിടെ, അങ്ങനെ ലിമിറ്റഡ് ആയിട്ട് സംസാരിച്ചു. ഞങ്ങൾ കാസ്റ്റിലെ പിള്ളേര് മാത്രം 60 , 65 പേരുണ്ട്. അതല്ലാതെ കുറേ ടെക്നീഷ്യൻസ് ഉണ്ട്. ഇവരുടെ എല്ലാവരെയും മമ്മൂക്ക നിന്ന് ഫോട്ടോ എടുത്തിട്ടാണ് പോയത്,’ സന്ദീപ് ഓർക്കുന്നു.

Content Highlight: Santheep pratheep about Mammootty