| Saturday, 25th November 2023, 12:29 pm

'ഞാൻ അങ്ങനെയൊക്കെ അയച്ചോ, ഒരു കാര്യമില്ലായിരുന്നു' എന്ന് ബേസിൽ: സന്ദീപ് പ്രദീപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷോർട്ട് ഫിലിമിലൂടെ സിനിമയിലേക്കെത്തിയ പുതുമുഖ നടനാണ് സന്ദീപ് പ്രദീപ് . നിതീഷ് സഹദേവ് സംവിധാനം ചെയ്ത ഫാലിമി എന്ന ചിത്രത്തിൽ ബേസിൽ ജോസഫിന്റെ അനിയൻ കഥാപാത്രത്തെയാണ് സന്ദീപ് അവതരിപ്പിക്കുന്നത്.

താൻ ഷോർട്ട് ഫിലിം ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ബേസിലും ഷോർട്ട് ഫിലിം ചെയ്തിരുന്നെന്നും സന്ദീപ് പറയുന്നുണ്ട്. അതിന് ശേഷം ബേസിൽ കുഞ്ഞിരാമായണം ചെയ്തപ്പോൾ ഷോർട്ട് ഫിലിമിലൂടെ സിനിമയിലേക്ക് വരാൻ കഴിയുമെന്ന് മനസ്സിൽ പതിഞ്ഞിരുന്നെന്നും സന്ദീപ് പറയുന്നുണ്ട്. പണ്ട് തനിക്ക് സിനിമയിൽ കയറണമെന്ന് പറഞ്ഞ് ബേസിലിന് മെസേജ് അയച്ചിരുന്നെന്നും അതിന് മറുപടി തന്നിരുന്നെന്നും സന്ദീപ് അഭിമുഖത്തിൽ പറയുന്നുണ്ട്. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘പണ്ട് ഞാൻ ഷോർട്ട് ഫിലിം ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ബേസിലേട്ടന്റെ ഷോർട്ട് ഫിലിം ഇറങ്ങുന്നത്. അത് കഴിഞ്ഞിട്ട് കുഞ്ഞിരാമായണം ഒക്കെ ഇറങ്ങുമ്പോൾ ഷോർട്ട് ഫിലിം വഴി സിനിമയിൽ കയറാം എന്ന് എന്റെ മനസ്സിൽ പതിഞ്ഞിരുന്നു. അപ്പോൾ ഞാൻ ബേസിലേട്ടന് മെസ്സേജ് അയച്ചിട്ടുണ്ട്.

എന്റെ പേര് സന്തീപ് പ്രദീപ് എന്നാണ്, എനിക്ക് സിനിമയിൽ കയറണം എന്ന് പറഞ്ഞ് ഒരു പാരഗ്രാഫ് ബേസിലേട്ടന് അയച്ചിട്ടുണ്ട്. ശരിക്കും ബേസിലേട്ടൻ അന്നെനിക്ക് റിപ്ലൈ തന്നിട്ടുണ്ട്. ‘എടാ നീ ഹാർഡ് വർക്ക് ചെയ്താൽ മതി, എല്ലാം ശരിയാകും’ എന്നൊക്കെ പറഞ്ഞിട്ട് അന്ന് എനിക്ക് റിപ്ലെ തന്നിരുന്നു. പക്ഷേ അപ്പോൾ ഞാൻ ബേസിലേട്ടന്റെ കൂടെ ഒരു പടം ചെയ്യുമെന്ന് ഞാൻ ആലോചിച്ചിട്ടില്ല. ഞാൻ നേരിട്ട് കണ്ടപ്പോൾ അത് പറഞ്ഞിരുന്നു. ബേസിലേട്ടൻ ‘ഞാൻ അങ്ങനെയൊക്കെ അയച്ചോ, ഒരു കാര്യമില്ലായിരുന്നു’ എന്ന് തമാശ രൂപത്തിൽ എന്നോട് പറഞ്ഞിരുന്നു,’ സന്ദീപ് പ്രദീപ് പറഞ്ഞു.

നിതീഷ് സഹദേവ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഫാലിമി. ബേസിൽ ജോസഫ്, മഞ്ജു പിള്ള, ജഗദീഷ്, സന്ദീപ് പ്രദീപ്, മീനരാജ് പള്ളുരുത്തി എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായത്. ഒത്തൊരുമയില്ലാതെ സദാസമയവും കലഹിക്കുന്ന ഒരു മലയാളി കുടുംബം കാശിക്ക് പോകുന്നത് കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആ യാത്ര ഈ കുടുംബത്തിന്റെ ജീവിതം എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് ഹാസ്യത്തിന്റെ അകമ്പടിയോടെ പറഞ്ഞിരിക്കുകയാണ് ഫാലിമി.

Content Highlight: Santheep pratheep about basil joseph

We use cookies to give you the best possible experience. Learn more