ചെന്നൈ: തമിഴ് നടന്‍ സന്താനത്തിന്റെ സഹോദരിയുടെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂര്‍ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
സന്താനത്തിന്റെ സഹോദരിയായ ജയഭാരതിയാണ് ആഴ്ചകള്‍ക്ക് മുമ്പ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന ജയഭാരതി മകളോടൊപ്പം തിരുവാരൂര്‍ ജില്ലയിലെ സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.
ജയഭാരതി നേരത്തെ ഭര്‍ത്താവ് വിഷ്ണുപ്രകാശിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഇത് ഇദ്ദേഹത്തിന്റെ ജോലിയെ വരെ ബാധിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജയഭാരതിയെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
ആഴ്ചകള്‍ക്ക് മുമ്പാണ് സ്വകാര്യ കമ്പനിയിലെ ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ജയഭാരതി ട്രക്കിടിച്ച് മരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.
തുടര്‍ന്ന് മരണത്തിന് പിന്നില്‍ ഭര്‍ത്താവ് വിഷ്ണുപ്രകാശ് ആണെന്ന് ആരോപിച്ച് ജയഭാരതിയുടെ വീട്ടുകാരും രംഗത്തെത്തിയിരുന്നു. കേസില്‍ ശക്തമായ അന്വേഷണം വേണമെന്നും ജയഭാരതിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ വിഷ്ണുപ്രകാശിന്റെ സഹോദരി ഭര്‍ത്താവാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം മുഴുവന്‍ ഇയാളാണ് പ്ലാന്‍ ചെയ്തതെന്നും പൊലീസ് പറയുന്നു.
അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവറെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിഷ്ണുപ്രകാശിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തങ്ങള്‍ ഈ കൃത്യം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ അമേരിക്കയിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലാണ് വിഷ്ണുപ്രകാശ് ജോലി ചെയ്യുന്നത്. ഈ വിവരം അമേരിക്കയിലെ ഇന്ത്യന്‍ എംബസിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.