കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ തരംഗമായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. എറണാകുളം മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കൊടൈക്കനാലിലെ ഗുണാ കേവ്‌സ് മഞ്ഞുമ്മല്‍ ബോയ്‌സിലെ പ്രധാന ലൊക്കേഷനാണ്. 1991ല്‍ റിലീസായ ഗുണാ എന്ന കമല്‍ഹാസന്‍ ചിത്രം ഷൂട്ട് ചെയ്തതിലൂടെയാണ് ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെട്ടിരുന്ന ഗുഹ ഗുണാ കേവ്‌സ് എന്ന് അറിയപ്പെട്ടു തുടങ്ങിയത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഗംഭീരവിജയത്തിനോടൊപ്പം ഗുണയും ചര്‍ച്ചാവിഷയമാകുന്നുണ്ട്. അത്രയും അപകടം പിടിച്ച സ്ഥലത്ത് 30 വര്‍ഷം മുമ്പ് എങ്ങനെ ഒരു സിനിമ ഷൂട്ട് ചെയ്തു എന്നാണ് ആളുകള്‍ ചര്‍ച്ച ചെയ്യുന്നത്.
ഇപ്പോഴിതാ, ഗുണയുടെ ചിത്രീകരണ സമയത്തെ അനുഭവങ്ങള്‍ സംവിധായകന്‍ സന്താനഭാരതി പങ്കുവെച്ചു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്നസിനിമ കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുവെന്നും രോമാഞ്ചം വന്നുവെന്നും സന്താനഭാരതി പറഞ്ഞു. അതിനോടൊപ്പം ഗുണാ എന്ന സിനിമയുടെ ഓര്‍മകളും സംവിധായകന്‍ പങ്കുവെച്ചു. 30 വര്‍ഷത്തിന് ശേഷവും തന്റെ സിനിമയെപ്പറ്റി ആളുകള്‍ സംസാരിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നുണ്ടെന്നും എന്നാല്‍ ആ സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത് സിബി മലയില്‍ ആയിരുന്നെന്നും സന്താനഭാരതി കൂട്ടിച്ചേര്‍ത്തു. സിനിമാവികടന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ആദ്യം മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടത് എന്റെ രണ്ട് അസിസ്റ്റന്റ്‌സായിരുന്നു. അവരാണ് എന്നോട് ആ സിനിമയെപ്പറ്റി പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഞാന്‍ ആ സിനിമ കാണുന്നത്. അവസാന ഭാഗങ്ങളില്‍ സന്തോഷം കൊണ്ട് കണ്ണ് നിറയുകയും കണ്മണീ എന്ന പാട്ട് കേട്ട് രോമാഞ്ചവും ഉണ്ടായി. എനിക്ക് മാത്രമല്ല, കമല്‍ സാറിനും ഇതേ അനുഭവമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം മഞ്ഞുമ്മലിന്റെ ക്രൂവിനെ വിളിച്ചത്. അവര്‍ ഗുണാ കേവിന്റെ സെറ്റിട്ടതൊക്കെ ഗംഭീരമായി തോന്നി.
ഞാനും കമലും പണ്ടുമുതലേ നല്ല സുഹൃത്തുക്കളാണ്. എന്റെ ആദ്യകാലചിത്രമായ മധുമല്‍ ശെരിക്കും കമലിനെ വെച്ച് ചെയ്യാനായിരുന്നു പ്ലാന്‍. പക്ഷേ അത് ചെറിയ ബജറ്റിലുള്ള സിനിമയായതുകൊണ്ടും, കമല്‍ അന്ന് വലിയ സ്റ്റാറായതുകൊണ്ടും ആ ശ്രമം ഉപേക്ഷിച്ചു. പ്രതാപ് പോത്തനെ വെച്ചാണ് പിന്നീട് ആ സിനിമ എടുത്തത്. എന്റെ ചിന്ത എന്തായിരുന്നെന്ന് വെച്ചാല്‍ കമലിനെവെച്ച് കൊമേഴ്‌സ്യല്‍ സിനിമ ചെയ്യാതെ ഒരു നല്ല ക്വാളിറ്റി സിനിമ ചെയ്യാണം എന്നായിരുന്നു. അദ്ദേഹത്തിനും അതുതന്നെയായിരുന്നു ആഗ്രഹം.
അതിന് ശേഷം ഞാന്‍ കുറച്ച് സിനിമകള്‍ സംവിധാനം ചെയ്ത ശേഷമാണ് ഗുണാ എന്ന സിനിമയുടെ കഥയെപ്പറ്റി കമല്‍ എന്നോട് സംസാരിക്കുന്നത്. കേട്ടപ്പോള്‍ തന്നെ എനിക്ക് ആ കഥ ഇഷ്ടമായി. പക്ഷേ ആ സമയത്ത് അത് മലയാളത്തിലെ സംവിധായകന്‍ സിബി മലയില്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു. പക്ഷേ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. അങ്ങനെയാണ് കമല്‍ എന്നെ അതിലേക്ക് വിളിക്കുന്നത്. ഞങ്ങള്‍ ഒന്നിച്ച ആദ്യ സിനിമ അങ്ങനെ രൂപപ്പെടുകയായിരുന്നു. 30 വര്‍ഷത്തിന് ശേഷവും ആ സിനിമയെപ്പറ്റി നല്ലത് പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നും,’ സന്താനഭാരതി പറഞ്ഞു.
Content Highlight: Santhana Bharathi reveals that Sibi Malayail was to direct Gunaa first