| Sunday, 26th December 2021, 8:56 am

യു.പിയില്‍ സാന്താക്ലോസിന്റെ കോലം കത്തിച്ച് ഹിന്ദുത്വ പ്രവര്‍ത്തകരുടെ പ്രകടനം; ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ വ്യാപക ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ് തീവ്ര ഹിന്ദുത്വ സംഘടനകള്‍. ക്രിസ്മസ് ആഘോഷം മതപരിവര്‍ത്തനത്തിനുവേണ്ടിയാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം.

ക്രിസ്മസ് തലേന്ന് മഹാത്മാഗാന്ധി മാര്‍ഗിലെ സെന്റ് ജോണ്‍സ് കോളേജ് കവലയില്‍ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെയും രാഷ്ട്രീയ ബജ്‌റംഗ് ദളിന്റെയും പ്രവര്‍ത്തകര്‍ ഘോഷയാത്ര നടത്തുകയും സാന്താക്ലോസിന്റെ കോലം കത്തിക്കുകയും ചെയ്തു.

സാന്താക്ലോസ് മൂര്‍ദാബാദ് എന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു പ്രകടനം.

നേരത്തെ, കര്‍ണാടകയിലും ഹരിയാനയിലും ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം നടന്നിരുന്നു.

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങളാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ തടഞ്ഞത്. അക്രമി സംഘം സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

മാണ്ഡ്യയിലെ നിര്‍മല ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആന്റ് കോളജിലെത്തിയ സംഘം ക്രിസ്മസ് ആഘോഷം തടയുകയായിരുന്നു.

മാസങ്ങളായി മുസ് ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വപ്രവര്‍ത്തകരുടെ ആക്രമണം തുടരുന്ന ഗുഡ്ഗാവിലും ക്രിസ്മസ് ആഘോഷത്തിനെതിരെ ആക്രമണം നടന്നിരുന്നു.

ക്രിസ്മസ് ആഘോഷത്തിനിടെ പള്ളിയില്‍ അതിക്രമിച്ചുകയറിയായിരുന്നു ഹിന്ദുത്വ പ്രവര്‍ത്തകരുടെ ആക്രമണം. ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പള്ളിയിലേക്ക് അക്രമികള്‍ എത്തിയത്.

സ്റ്റേജില്‍ കയറിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഗായകസംഘത്തെ താഴെത്തള്ളിയിട്ട് മൈക്ക് കേടുവരുത്തി. ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Santa Claus effigies burnt in Agra on Christmas Eve

We use cookies to give you the best possible experience. Learn more