[]വയനാട്: കേരള സന്ദര്‍ശനത്തിനെത്തിയ ഹരിയാനയിലെ ആത്മീയ ആചാര്യന്‍ ഗുര്‍മീത് രാം റഹീം സിങ് എന്ന സെയ്ന്റ് ഗുര്‍മീത് രാം റഹീം സിങ്ജി ഇന്‍സന് സര്‍ക്കാര്‍ ചെലവില്‍ ഇസെഡ് കാറ്റഗറി സുരക്ഷ.
ജൂണ്‍ 15ന് കേരളത്തില്‍ എത്തിയ സ്വാമിജിക്കാണ് കേരള പോലീസിന്റെ വന്‍ സേനയെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേസമയത്ത് സ്വാമിജി കേരളം സന്ദര്‍ശിച്ചിരുന്നു. []
സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 125 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് സ്വാമിജി വയാനിട്ടിലെ വൈത്തിരിയില്‍ എത്തിയിരിക്കുന്നത്.
വൈത്തിരി ചുണ്ടേല്‍ മൂവട്ടിക്കടുത്തെ റിസോര്‍ട്ടിലാണ് സ്വാമിജിയും സംഘവും തങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇവിടെ മുപ്പത്തിയൊന്നോളം റൂമുകള്‍ സ്വാമിജിക്ക് വേണ്ടി ബുക്ക് ചെയ്തിട്ടുണ്ടെന്ന് റിസോര്‍ട്ട് അധികൃതര്‍ പറഞ്ഞു.
സര്‍ക്കാറിന്റെ ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് കല്‍പറ്റ ഡി.വൈ.എസ്.പി പ്രഭാകരനാണ് സ്വാമിജിയുടെ സുരക്ഷയുടെ ചുമതല വഹിക്കുന്നത്.
ഇസെഡ് കാറ്റഗറി സുരക്ഷയുള്ള സ്വാമിയ്ക്കും പരിവാരങ്ങള്‍ക്കും വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്വാമിജി വന്നപ്പോഴും നഗരത്തില്‍ വലിയ ട്രാഫിക്ക്, സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.
ഇന്നലെ കോഴിക്കോടുള്ള ഒരു പ്രമുഖ ഷോപ്പിങ് കോംപ്ലക്‌സില്‍ ഇദ്ദേഹം സാധനങ്ങള്‍ വാങ്ങാനായി കയറി. പത്തിലേറെ വാഹനങ്ങളാണ് ഇദ്ദേഹത്തിന് അകമ്പടിയായി വന്നത്.
ബ്ലാക്ക് ക്യാറ്റ്‌സും പോലീസും ഉള്‍പ്പെടെയുള്ളവര്‍ ഷോപ്പിങ് കോംപ്ലക്‌സിന് പുറത്ത് നിന്നു. ഇത്രയും വലിയ വി.വി.ഐ.പി ആരെന്നറിയാനായി നിരവധി ആളുകളാണ് റോഡില്‍ തടിച്ചുകൂടിയത്.
റഡാര്‍ സംവിധാനമൊരുക്കിയ വാഹനങ്ങളെയും തോക്കേന്തിയ കരിമ്പൂച്ചകളുമായായിരുന്നു ഷോപ്പിങ് കോംപ്ലക്‌സിലേക്കുള്ള സ്വാമിയുടെ വരവ്. തമിഴ്- തെലുങ്ക് സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു സ്വാമിയുടെ സുരക്ഷാ സംവിധാനങ്ങള്‍.
കേരളത്തിലെ പ്രമുഖ് ഷോപ്പിങ് കോംപ്ലക്‌സുകളില്‍ കയറി പര്‍ച്ചേയ്‌സ് നടത്തുന്ന സ്വാമിജിക്കാണ് സര്‍ക്കാര്‍ ചെലവില്‍ ഇസെഡ് കാറ്റഗറി സുരക്ഷ ഒരുക്കുന്നതെന്നാണ് മറ്റൊരു കാര്യം.