രാജസ്ഥാനില്‍ യുവതിയെ നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു; ഖാപ് പഞ്ചായത്ത് നേതാക്കള്‍ക്കെതിരെ പരാതിയുമായി സാന്‍സി സമുദായം
national news
രാജസ്ഥാനില്‍ യുവതിയെ നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു; ഖാപ് പഞ്ചായത്ത് നേതാക്കള്‍ക്കെതിരെ പരാതിയുമായി സാന്‍സി സമുദായം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd September 2020, 6:27 pm

ജയ്പൂര്‍: രാജസ്ഥാനിലെ സികാര്‍ ജില്ലയിലെ ഖാപ് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ പരാതിയുമായി സാന്‍സി സമുദായം. ഗ്രാമത്തിലെ യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവതിയെ പരസ്യമായി വിവസ്ത്രയാക്കുകയും ഗ്രാമത്തിലൂടെ നഗ്നയാക്കി നടത്തുകയും ചെയ്ത ഖാപ് പഞ്ചായത്ത് അംഗങ്ങളുടെ നടപടിയെ ചോദ്യം ചെയ്താണ് സാന്‍സി നേതാക്കള്‍ രംഗത്തെത്തിയത്.

യുവതിയ്ക്കും ആരോപണവിധേയനായ യുവതിയുടെ തന്നെ അനന്തിരവനായ പുരുഷനും 51000 രൂപ പിഴയടക്കാനാണ് ഖാപ് പഞ്ചായത്ത് ഉത്തരവിട്ടത്. അതിന് ശേഷമാണ് യുവതിയെ ഗ്രാമത്തിലൂടെ നഗ്നയാക്കി നടത്തിച്ചത്.

യുവതിയെ വിവസ്ത്രയാക്കി നടത്തിച്ച സംഭവത്തില്‍ ഖാപ് പഞ്ചായത്ത് അംഗങ്ങള്‍ ഉത്തരം നല്‍കണം. ഈ ഉത്തരവ് പുറപ്പെടുവിച്ച 10 ഖാപ് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ ഞങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതി തെറ്റുകാരിയാണെങ്കില്‍ തന്നെ ഇത്തരത്തിലാണോ ശിക്ഷ വിധിക്കേണ്ടത്? – സാന്‍സി നേതാവ് സവായ് സിംഗ് പറഞ്ഞു.

കൊവിഡ് രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ഖാപ് പഞ്ചായത്ത് നേതാക്കള്‍ ഈ ശിക്ഷ നടപ്പാക്കിയത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഖാപ് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെയുള്ള പരാതിയിന്‍മേല്‍ കേസെടുത്തിട്ടുണ്ടെന്ന് ലക്ഷ്മിഗഢ് പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര ശര്‍മ്മ അറിയിച്ചു.

ഖാപ് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ സാന്‍സി നേതാക്കള്‍ നല്‍കിയ പരാതിയിന്‍മേല്‍ അന്വേഷണം തുടങ്ങിയിരിക്കുകയാണ്. യുവതിയെ അപമാനിക്കുന്ന രീതിയില്‍ ശിക്ഷ നടപ്പാക്കിയവരെ ചോദ്യം ചെയ്യുന്നതാണ്.

കൊവിഡ് സാഹചര്യത്തില്‍ ആള്‍ക്കൂട്ടമുണ്ടായപ്പോള്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്ത നേതൃത്വത്തിന്റെ നടപടിക്കെതിരെയും അന്വേഷണം നടത്തുമെന്നും ശര്‍മ്മ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights:  sansi community aganist khap panchayath