| Saturday, 15th September 2018, 2:39 pm

'ശ്രീരാമനെ അപമാനിച്ചുവെന്ന്'; മീശയ്ക്ക് പിന്നാലെ കെ.വി മോഹന്‍ കുമാറിനെതിരെ ആക്രോശവുമായി സംഘപരിവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ.വി മോഹന്‍ കുമാറിനെതിരെ ആക്രോശവുമായി സംഘപരിവാര്‍.

അധ്യാപക ലോകം മാസികയിലെഴുതിയ കെ.വി മോഹന്‍കുമാറിന്റെ “രാമന്‍ ആരാധ്യപുരുഷനോ” എന്ന ലേഖനത്തെ മുന്‍നിര്‍ത്തിയാണ് സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. കെ.വി മോഹന്‍ കുമാര്‍ ശ്രീരാമനെ അപമാനിക്കുകയാണെന്ന് പറഞ്ഞാണ് സംഘപരിവാറിന്റെ ആക്രമണം.

രാഷ്ട്രീയ സംസ്‌കൃതിയുടെ പ്രതീകമായി അംഗീകരിച്ച ഭരണഘടനയിലെ മൗലിക കൃതിയില്‍ ബിംബവത്ക്കരിക്കപ്പെട്ട ശ്രീരാമനെ സ്വാര്‍ത്ഥനും ക്രൂരനും ആഭാസനുമായി ചിത്രീകരിക്കുകയാണ് മോഹന്‍കുമാര്‍ എന്നും രാഷ്ട്രീയ പശ്ചാത്തലത്തോടെ ദേശീയ മാനബിന്ദുക്കളെ തകര്‍ക്കാന്‍ നടത്തുന്ന ഗൂഢാലോചനയില്‍ ഡി.പി ഐ പങ്കാളിയാവുകയായിരുന്നെന്നുമാണ് സംഘപരിവാര്‍ ആരോപിക്കുന്നത്.

രാമന്റെ ജീവിതത്തിലെ ചില സന്ദര്‍ഭങ്ങള്‍ പരിശോധിച്ച് അദ്ദേഹത്തെ കുറിച്ച് വ്യത്യസ്തമായ വായന നടത്തുകയാണ് മോഹന്‍കുമാര്‍ ഈ ലേഖനത്തിലൂടെ ചെയ്യുന്നത്. വാത്മീകി രാമായണം വായിച്ചതിലൂടെ ഉടലെടുത്ത ചില സംശയങ്ങളാണ് അദ്ദേഹം വായനക്കാരുമായി പങ്കുവെക്കുന്നത്.

“രാമരാവണ യുദ്ധം കഴിഞ്ഞ സീതയെ വീണ്ടെടുക്കുന്ന സന്ദര്‍ഭം. നീണ്ടകാലത്തെ വിയോഗത്തിന് ശേഷം ആര്യപുത്രന്റെ അരികിലേക്ക് വന്ന സീതയെ നോക്കി രാമന്‍ പറയുന്നു. പോരില്‍ വൈരിയെ ജയിച്ച് നിന്നെ ഞാന്‍ വീണ്ടെടുത്തു. പൗരുഷം കൊണ്ട് ചെയ്യേണ്ടത് ഞാന്‍ നേടിക്കഴിഞ്ഞു. അപമാനവും ശത്രുതയും ഒരുപോലെ ഇല്ലാതായി. നിനക്ക് വേണ്ടി ചെയ്തതല്ല എന്ന് നീ അറിഞ്ഞുകൊള്‍ക. പുകള്‍പെറ്റ എന്റെ വംശത്തിനേറ്റ അപവാദം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഞാനത് ചെയ്തത്. പ്രാപ്ത ചാരിത്ര സന്ദേഹിയായി എന്റെ മുന്നില്‍ നില്‍ക്കുന്ന നീ നേതൃരോഗിക്ക് ദീപം പോലെ അപ്രിയമത്ര. അതിനാല്‍ ഹേ ജാനകീ നിനക്കിനി യഥേഷ്ടം എവിടേക്കും പോകാം. കുലത്തിന്റെ മഹിമയില്‍ അഭിമാനിക്കുന്ന രാമനില്‍ ഇനി നിന്നില്‍ തെല്ലും അഭിനിവേശം അവശേഷിക്കുന്നില്ല. ഈ നില്‍ക്കുന്ന ലക്ഷ്മണനിലോ വിഭീഷണനിലോ അല്ലെങ്കില്‍ നിനക്ക് സുഖം അനുഭവിക്കാന്‍ പ്രാപ്തരായ ആരില്‍ വേണമെങ്കിലും മനസ് ഉറപ്പിച്ചുകൊള്‍ക. നിന്റെ ആനന്ദത്തിനായി ആരുമായും നിനക്ക് സംഗമം ചെയ്യാം. രാമന് നിന്നെക്കൊണ്ടിനി കാര്യമില്ല”.

ഈ സന്ദര്‍ഭം എടുത്തുകാട്ടി ഇതാണോ മര്യാദ പുരുഷോത്തമന്‍ എന്ന ചോദ്യമാണ് കെ.വി മോഹന്‍കുമാര്‍ ഉയര്‍ത്തിയത്. ഭാര്യയെ വീണ്ടെടുത്ത് സ്വന്തമാക്കുകയായിരുന്നില്ല രാമ- രാവണ യുദ്ധത്തിന്റെ ലക്ഷ്യം. മറിച്ച് രാക്ഷസരാജാവിനെ കീഴ്‌പ്പെടുത്തി കുല മഹിമ വീണ്ടെടുക്കലായിരുന്നുവെന്ന് വാത്മീകി രാമായണത്തെ വ്യാഖ്യാനിച്ച് എഴുത്തുകാരന്‍ പറയുന്നു.

ഒരു പൂച്ചക്കുഞ്ഞിനെ ഉപേക്ഷിക്കുന്ന ലാഘവത്തോടെ രാമന്‍ ധര്‍മപത്‌നിയെ വന്യമൃഗങ്ങള്‍ വാഴുന്ന കാട്ടില്‍ ഉപേക്ഷിക്കുകയാണ് പിന്നീട്. ഭദ്രനെകൊണ്ട് നിര്‍ബന്ധിച്ച് അപവാദവാര്‍ത്ത പറയിച്ചതും ആ കാരണത്താല്‍ സീതയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതും രാമന്റെ ആസൂത്രിതമായ കുതന്ത്രമായിരുന്നുവെന്ന് വാത്മീകി തന്നെ സൂചിപ്പിക്കുന്നുണ്ട്.

വൃദ്ധനായ പിതാവിന്റെ കാമചാപല്യത്തിന്റെ പേരില്‍ രാജ്യം ഉപേക്ഷിച്ച ആദര്‍ശ പുരുഷന് ആരോ പറഞ്ഞറിഞ്ഞ അപവാദത്തിന്റെ പേരില്‍ പൂര്‍ണ ഗര്‍ഭിണിയായ ധര്‍മ പത്‌നിയെ വിജനമായ കാട്ടില്‍ ഉപേക്ഷിക്കുന്നതിന് പകരം രാജ്യഭാരം ഉപേക്ഷിക്കാമായിരുന്നില്ലേയെന്നും എഴുത്തുകാരന്‍ ചോദിക്കുന്നു.

വാത്മീകി വരിച്ചിട്ട ചിത്രങ്ങള്‍ എടുത്തുപരിശോധിക്കുക മാത്രമാണ് കെ.വി മോഹന്‍കുമാര്‍ ചെയ്തതെന്നും അങ്ങനെ നോക്കുമ്പോള്‍ വാത്മീകി തന്നെയല്ലേ രാമനെ അപമാനിച്ചത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

We use cookies to give you the best possible experience. Learn more