| Sunday, 29th January 2023, 3:10 pm

മുന്നൂറ് കോടി കടന്ന തേരോട്ടം; ഷാരൂഖും യഷ് രാജ് ഫിലിംസും നന്ദി പറയേണ്ടത് ഇവരോട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ കാരണങ്ങളാല്‍ ശ്രദ്ധ നേടിയ ചിത്രമാണ് ഷാരൂഖ് ഖാന്റെ പത്താന്‍. നഷ്ടപ്രതാപത്തില്‍ ഉഴറുന്ന ബോളിവുഡിന് പത്താന്‍ വിജയിക്കേണ്ടത് അനിവാര്യമായിരുന്നു. മൂന്നാം ദിനം മുന്നൂറ് കോടി നേടി പത്താന്‍ തിളങ്ങുമ്പോള്‍ ചിത്രം കണ്ട പ്രേക്ഷകരോട് മാത്രമല്ല, ബോയ്‌കോട്ട് ഗ്യാങ്ങിനോടും സംഘപരിവാറിനോടും ഷാരൂഖും യഷ് രാജ് ഫിലിംസും നന്ദി പറയണം.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി സ്‌പോണ്‍സര്‍ഷിപ്പില്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ ചിത്രത്തിന് മാര്‍ക്കറ്റിങ് ലഭിക്കുന്നതില്‍ ബോയ്‌കോട്ടുകാരും സംഘപരിവാറും അത്രത്തോളം നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.

ബേഷരം രംഗ് എന്ന ഗാനം പുറത്ത് വന്നതോടെയാണ് എല്ലാത്തിനും തുടക്കമായത്. നായികയായ ദീപിക പദുക്കോണ്‍ അണിഞ്ഞ കാവി ബിക്കിനി സംഘപരിവാറിനെ പ്രകോപിപ്പിച്ചു. ദൈവത്തിന്റെ നിറമായ കാവിയെ അപമാനിച്ചുവെന്നും ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്നുമാരോപിച്ചായിരുന്നു സംഘപരിവാര്‍ അതിക്രമങ്ങള്‍. സോഷ്യല്‍ മീഡിയയിലെ ബോയ്‌കോട്ട് ആഹ്വാനങ്ങളില്‍ തുടങ്ങിയ പ്രതിഷേധം ഷാരൂഖിന്റെ ചിത്രം കത്തിക്കുന്നതിലേക്കും ഫ്‌ളക്‌സുകള്‍ നശിപ്പിക്കുന്നതിലേക്കും തിയേറ്ററുകളിലേക്ക് അതിക്രമിച്ചു കയറുന്നതിലേക്കും തിയേറ്റര്‍ ഉടമകളെ ഭീഷണപ്പെടുത്തുന്നതിലേക്കും വരെയെത്തി.

മുമ്പും പല ബോളിവുഡ് ചിത്രങ്ങള്‍ക്ക് നേരെയും ബോയ്‌കോട്ട് ആഹ്വാനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഷാരൂഖും പത്താനും സമാനതകളില്ലാത്ത ആക്രമണമാണ് നേരിട്ടത്. സമാനകാലത്തായി ബോളിവുഡിന് സംഭവിച്ച ക്ഷയത്തിന് ഒരു പ്രധാനകാരണം ബോയ്‌കോട്ട് ട്രെന്‍ഡാണ്. വിദേശ രാജ്യങ്ങളില്‍ മികച്ച പ്രതികരണം നേടിയ ആമീര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ ഇന്ത്യയില്‍ പരാജയപ്പെട്ടതിന് ഒരു കാരണം ബോയ്‌കോട്ട് ഗ്യാങ്ങിന്റെ ശക്തമായ ക്യാമ്പെയ്‌നുകള്‍ കൂടിയാണ്. എന്നാല്‍ ബോയ്‌കോട്ട് പത്താനെ എങ്ങനെയാണ് സ്വാധീനിച്ചത്. ഒന്നാലോചിച്ചാല്‍ ദോഷത്തെക്കാളേറെ ഗുണമാണ് വിദ്വേഷ ക്യാമ്പെയ്ന്‍ പത്താന് സമ്മാനിച്ചത്.

ഒരു വിഭാഗം പ്രേക്ഷകരിലേക്ക് മാത്രം എത്തേണ്ടിയിരുന്ന ബേഷരം രംഗ് എന്ന ഗാനം ഇന്ത്യയില്‍ ഇനി ആരും കാണാന്‍ ബാക്കിയില്ല എന്ന സാഹചര്യം വന്നു. കേന്ദ്രമന്ത്രിമാരുടെ പേജുകളില്‍ പോലും പത്താന്‍ നിറഞ്ഞുനിന്നു. ബുര്‍ജ് ഖലീഫയിലെ ട്രെയ്‌ലര്‍ പ്രദര്‍ശനത്തിനും യഷ് രാജ് ഫിലിംസിന്റെ ഏതാനും വീഡിയോകളുമൊഴിച്ചാല്‍ കാര്യമായി ഒരു പ്രൊമോഷന്‍ പരിപാടികളും പത്താന് വേണ്ടി അണിയറപ്രവര്‍ത്തകര്‍ നടത്തിയിട്ടില്ല. എന്നിട്ടും പത്താന്‍ ഇങ്ങനെയൊരു പടുകൂറ്റന്‍ വിജയം നേടിയിട്ടുണ്ടെങ്കില്‍ ബോയ്‌കോട്ടുകാരോടല്ലാതെ മറ്റാരോടാണ് നന്ദി പറയേണ്ടത്.

പത്താന്‍ വളരെ മികച്ചതോ വ്യത്യസ്തതയുള്ളതോ ആയ ആക്ഷന്‍ സ്‌പൈ ചിത്രമല്ല. ആക്ഷനും ഗ്ലാമറും മാസുമെല്ലം സ്ഥിരം ഫോര്‍മുലയില്‍ ചേര്‍ത്ത ഒരു ടിപ്പിക്കല്‍ ബോളിവുഡ് ചിത്രമാണ്. പറയാനാണെങ്കില്‍ ആക്ഷന്‍ രംഗങ്ങളിലുള്‍പ്പെടെ നിരവധി പിഴവുകള്‍ ചൂണ്ടിക്കാണിക്കാനാവും. എന്നിട്ടും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കാന്‍ പത്താനായി. തന്നെയുമല്ല ചിത്രത്തിനെതിരെ ഇത്ര വലിയ ആക്രമണം നടന്നപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ തന്നെ ഒരു അനുകൂല തരംഗം ഷാരൂഖിനും പത്താനും ലഭിച്ചു.

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഒരുപക്ഷേ ഷാരൂഖ് ആരാധകര്‍ മാത്രം കേറേണ്ടിയിരുന്ന ചിത്രം കാണാന്‍ തിയേറ്ററുകളില്‍ ആളുകള്‍ നിറഞ്ഞു. ഷാരൂഖ് ആരാധകര്‍ക്ക് പുറമേയുള്ള ഒരു കൂട്ടം പ്രേക്ഷകരെ തിയേറ്ററിലേക്ക് കയറ്റുന്നതില്‍ ബോയ്‌കോട്ട്കാരും സംഘപരിവാറും വഹിച്ച പങ്ക് ചെറുതല്ല.

Content Highlight: sankhaparivar influence in the victory of pathaan movie

We use cookies to give you the best possible experience. Learn more