| Monday, 5th February 2024, 11:59 am

ശങ്കരാചര്യന്മാർ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഒ.ബി.സിക്കാരനായ മോദി പങ്കെടുത്തതിനാൽ: ഉദയനിധി സ്റ്റാലിൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ശങ്കരാചാര്യന്മാർ പങ്കെടുക്കാതിരുന്നത് പിന്നാക്ക സമുദായത്തിൽ നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് കൊണ്ടാണെന്ന് തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ.

ഈസ്റ്റ്‌ ചെന്നൈ ഡി.എം.കെ ജില്ലാ യൂണിറ്റ് സംഘടിപ്പിച്ച ബൂത്ത് ഏജന്റുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സനാതന ധർമത്തിലെ ഭിന്നതകളെ കുറിച്ച് താൻ സംസാരിച്ചിട്ടുണ്ടെന്നും സന്യാസിമാരുടെ ഈ പ്രവർത്തി അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ അത് നാല് മാസം മുമ്പ് പറഞ്ഞതാണ്. ഞാൻ നിങ്ങൾക്ക് വേണ്ടി സംസാരിച്ചു. ഞാൻ പറഞ്ഞു നമ്മളെല്ലാവരും തുല്യരാണെന്ന്,’ സനാതന ധർമത്തെ കുറിച്ചുള്ള തന്റെ പ്രസംഗത്തെ ഓർമപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി ദ്രൗപതി മുർമു ഒരു വിധവയും ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആളായതുകൊണ്ടും ബി.ജെ.പി സർക്കാർ അവരെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

ഡി.എം.കെ ഏതെങ്കിലും മതത്തിനോ രാമക്ഷേത്ര നിർമാണത്തിന് എതിരല്ലെന്നും പക്ഷേ രാഷ്ട്രപതി പോലും ക്ഷണിക്കപ്പെട്ടിട്ടില്ല എന്ന കാര്യം ഓർമപ്പെടുത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

2023 സെപ്റ്റംബറിൽ ഉദയനിധി സ്റ്റാലിൻ എഴുത്തുകാരുടെ ഫോറത്തിൽ സനാതന ധർമത്തിനെതിരെ നടത്തിയ പരാമർശത്തിന് പിന്നാലെ ഹിന്ദുത്വ ഗ്രൂപ്പുകൾ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.

സനാതന ധർമം കൊറോണ വൈറസ്, മലേറിയ, ഡെങ്കി പോലുള്ള പകർച്ചവ്യാധികൾക്ക് സമമാണെന്നും ഉന്മൂലനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content highlight: Sankaracharyas skipped Ram temple event over PM Modi’s OBC status: Udhayanidhi Stalin

We use cookies to give you the best possible experience. Learn more