സ്‌ക്രിപ്റ്റും സ്റ്റോറിലൈനും എനിക്ക് അവകാശപ്പെട്ടത്; ആരെയും സ്‌ക്രിപ്റ്റ് എഴുതാന്‍ ചുമതലപ്പെടുത്തിയിട്ടില്ല: അന്യന്‍ റീമേക്കില്‍ നിര്‍മ്മാതാവിനോട് ശങ്കര്‍
Film News
സ്‌ക്രിപ്റ്റും സ്റ്റോറിലൈനും എനിക്ക് അവകാശപ്പെട്ടത്; ആരെയും സ്‌ക്രിപ്റ്റ് എഴുതാന്‍ ചുമതലപ്പെടുത്തിയിട്ടില്ല: അന്യന്‍ റീമേക്കില്‍ നിര്‍മ്മാതാവിനോട് ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th April 2021, 12:05 pm

ചെന്നൈ:  വിക്രമിന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം അന്യന്‍ റീമേക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍മ്മാതാവ് ആസ്‌കര്‍ വി. രവിചന്ദ്രന് മറുപടി കത്തുമായി സംവിധായകന്‍ ശങ്കര്‍. ചിത്രത്തിന്റെ സ്‌ക്രിപ്റ്റും സ്റ്റോറിലൈനും തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും ആരെയും സ്‌ക്രിപ്റ്റ് എഴുതാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ശങ്കര്‍ പറഞ്ഞു.

നേരത്തെ ചിത്രം റീമേക്ക് ചെയ്യാനുള്ള ശങ്കറിന്റെ തീരുമാനത്തിനെതിരെ നിര്‍മ്മാതാവായ ആസ്‌കര്‍ വി. രവിചന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

അന്യന്‍ സിനിമയുടെ പകര്‍പ്പവകാശം തന്നില്‍ മാത്രം നിക്ഷിപ്തമാണെന്നും ശങ്കറിന് ഒരു അവകാശവുമില്ലെന്നും നിര്‍മാതാവ് ആസ്‌കര്‍ വി. രവിചന്ദ്രന്‍ തുറന്നടിച്ചിരുന്നു.

അന്യന്‍ താന്‍ ആര്‍ക്കും വിറ്റിട്ടില്ലെന്നും ശങ്കറിന്റെ നീക്കം നിയമവിരുദ്ധമാണെന്നും രവിചന്ദ്രന്‍ പറഞ്ഞു. ശങ്കറിന് ലീഗല്‍ നോട്ടീസ് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. രവിചന്ദ്രന്റെ ആസ്‌കര്‍ പ്രൊഡക്ഷന്‍സാണ് 2005 ല്‍ അന്യന്‍ നിര്‍മ്മിച്ചത്.

നടന്‍ വിക്രമിന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രം ബോക്സോഫീസില്‍ വലിയ വിജയമായിരുന്നു. ‘മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസോഡര്‍’ ബാധിച്ച വ്യക്തിയുടെ വേഷമായിരുന്നു വിക്രം കൈകാര്യം ചെയ്തിരുന്നത്. അമ്പി, റെമോ, അന്യന്‍ എന്നിങ്ങനെ മൂന്ന് വേഷ-ഭാവ പകര്‍ച്ച കൊണ്ട് വിക്രം ഏവരെയും ഞെട്ടിച്ചു.

സദ, നെടുമുടി വേണു, പ്രകാശ് രാജ്, വിവേക്, നാസര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ അന്യന്‍ 53ാമത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ (സൗത്ത്) മികച്ച സിനിമ, മികച്ച നടന്‍, മികച്ച സംവിധായകന്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി.

ഹിന്ദി റീമേക്കില്‍ രണ്‍വീര്‍ സിംഗ് കേന്ദ്രകഥാപാത്രമാകുമെന്നാണ് ശങ്കര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ റീമേക്ക് എന്നതിനു പകരം ‘ഒഫിഷ്യല്‍ അഡാപ്റ്റേഷന്‍’ എന്നാണ് പ്രോജക്റ്റ് പ്രഖ്യാപന വേളയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ശങ്കര്‍ അന്യന്റെ ബോളിവുഡ് പതിപ്പിനെ വിശേഷിപ്പിച്ചിരുന്നത്.

പെന്‍ മൂവീസിന്റെ ബാനറില്‍ ജയന്തിലാല്‍ ഗാഡയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മിക്കുന്നത്.

ശങ്കറിന്റെ മറുപടി;

നിങ്ങളുടെ മെയില്‍ ലഭിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, അന്യന്‍ സിനിമയുടെ സ്റ്റോറിലൈന്‍ നിങ്ങളുടേതാണെന്ന്. ഈ സന്ദര്‍ഭത്തില്‍, 2005 ലാണ് സിനിമ റിലീസ് ചെയ്തതെന്നും തിരക്കഥയും കഥയും എനിക്കുള്ളതാണെന്ന് സിനിമയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും അറിയാമെന്നും ശങ്കര്‍ എഴുതിയ കഥ, തിരക്കഥ, സംവിധാനം എന്ന ടാഗ് ഉപയോഗിച്ചാണ് സിനിമ പുറത്തിറങ്ങിയതെന്നും ഞാന്‍ അറിയിക്കുന്നു.

സ്‌ക്രിപ്റ്റ് എഴുതാന്‍ ആരെയും ചുമതലപെടുത്തിയിട്ടില്ല, കൂടാതെ എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയില്‍ സ്‌ക്രിപ്റ്റ് ഉപയോഗപ്പെടുത്താനുള്ള അവകാശം എനിക്കുണ്ട്. സാഹിത്യകൃതിയുടെ അഡ്മിറ്റ് രചയിതാവ് എന്ന നിലയില്‍, എന്റെ അവകാശങ്ങളില്‍ ഒരു സാഹചര്യത്തിലും ഇടപെടാന്‍ കഴിയില്ല. അന്തരിച്ച ശ്രീ സുജാതയെക്കുറിച്ചുള്ള പരാമര്‍ശം കണ്ട് ഞാന്‍ അതിശയിക്കുന്നു, കാരണം സിനിമയ്ക്ക് ഡയലോഗ് എഴുതാന്‍ മാത്രമാണ് അദ്ദേഹത്തെ ഞാന്‍ നിയോഗിച്ചത്, അതിനനുസരിച്ച് അതിന്റെ ബഹുമതിയും കൊടുത്തിരുന്നു.

തിരക്കഥയിലോ തിരക്കഥ രൂപീകരണത്തിലോ അദ്ദേഹം ഒരു തരത്തിലും ഇടപെട്ടിരുന്നില്ല, സംഭാഷണ രചയിതാവെന്ന നിലയില്‍ അല്ലാതെ അദ്ദേഹത്തിന് മറ്റൊന്നും തന്നെ ചെയ്യുവാന്‍ ഇല്ലായിരുന്നു. സ്‌ക്രിപ്റ്റ് എന്റെ പക്കലുണ്ടെന്നതിനാല്‍, ഞാന്‍ ഉചിതമെന്ന് കരുതുന്ന ഏത് രീതിയിലും അത് ഉപയോഗപ്പെടുത്താന്‍ എനിക്ക് അര്‍ഹതയുണ്ട്.

രേഖാമൂലം പറഞ്ഞ അവകാശങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയിട്ടില്ലാത്തതിനാല്‍, ‘അന്യന്‍’ റീമേക്ക് ചെയ്യാന്‍ നിങ്ങളുടെ എന്റിറ്റിയുടെ ആവശ്യമില്ല. ”സ്റ്റോറിലൈന്‍” നിങ്ങളുടെ പക്കലുണ്ടെന്ന് വാദിക്കാന്‍ പോലും യാതൊരു അടിസ്ഥാനവുമില്ല.

‘അന്യന്‍’ എന്ന സിനിമയുടെ വിജയത്തില്‍ നിന്ന് നിര്‍മ്മാതാവ് എന്ന നിലയില്‍ നിങ്ങള്‍ മികച്ച നേട്ടം തന്നെ കൈവരിച്ചു. നിങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്ത എന്റെ ഭാവി വര്‍ക്കുകളില്‍ ഇങ്ങള് ഇടപെടരുത്.

അടിസ്ഥാനരഹിതമായ അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് നിങ്ങള്‍ അവസാനിപ്പിക്കുക. മുന്‍വിധികളില്ലാതെയാണ് ഈ മറുപടി നല്‍കുന്നത്, എന്റെ ഭാവി പ്രോജക്റ്റുകള്‍ അപകടത്തിലാകാതിരിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഈ മറുപടി നല്‍കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Sankar Replies On Annyan Remake Controversy