ചിരഞ്ജീവിയും ഞാനും ഒരുമിച്ചു പഠിച്ചതാണ്, ഇപ്പോഴും ആ സൗഹൃദം തുടരുന്നുണ്ട്: ശങ്കർ
Entertainment
ചിരഞ്ജീവിയും ഞാനും ഒരുമിച്ചു പഠിച്ചതാണ്, ഇപ്പോഴും ആ സൗഹൃദം തുടരുന്നുണ്ട്: ശങ്കർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd May 2023, 6:40 pm

തെലുങ്ക് സിനിമാ മേഖലയിലെ സൂപ്പർ സ്റ്റാർ ചിരഞ്ജീവി തന്റെ സഹപാഠിയാണെന്ന് പറയുകയാണ് നടൻ ശങ്കർ. ഇപ്പോഴും ആ സൗഹൃദം തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചിരഞ്ജീവിയും ഞാനും ഒരുമിച്ചു പഠിച്ചതാണ്, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു. അദ്ദേഹം തെലുങ്ക്‌ ബാച്ചും ഞാൻ മലയാളം ബാച്ചും ആയിരുന്നു. ഞങ്ങൾക്ക് രണ്ട് ക്ലാസുകൾ ഒരുമിച്ചുണ്ടായിരുന്നു.

എന്റെ ഒരു തലൈ രാഗം എന്ന ചിത്രം ഇത്രയും ഹിറ്റാകുമെന്നും ഞാൻ ഒട്ടും വിചാരിച്ചില്ല. ചിരഞ്ജീവി തമിഴ്- തെലുങ്ക്‌ ഇൻഡസ്ട്രിയിൽ വലിയ സൂപ്പർ സ്റ്റാർ ആകുമെന്നൊന്നും ആർക്കും അറിയില്ല. കൂടെ പഠിച്ചപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഇന്നും ആ സൗഹൃദം നിലനിർത്തുന്നുണ്ട്.

ചിരഞ്ജീവി ഇടക്ക് തന്നെ വിളിക്കാറുണ്ടെന്നും, താരങ്ങൾക്ക് എൺപതുകളുടെ ഒരു ഗാങ് ഉണ്ടെന്നും താരം പറഞ്ഞു.

‘ഞങ്ങൾ ഇപ്പോഴും ഫോണിൽ സംസാരിക്കാറുണ്ട്. ഞങ്ങൾക്ക് എൺപതുകളിലെ താരങ്ങൾക്ക് ഒരു ഗാങ് ഉണ്ട്. ഞാൻ അതിന്റെ ഒന്നുരണ്ട് പരിപാടികൾക്ക് പോയിട്ടുണ്ട്. പിന്നീട് ഞാൻ പുറത്തായിരുന്നതുകൊണ്ട് എനിക്ക് പലപ്പോഴും പോകാൻ സാധിച്ചിട്ടില്ല’ ശങ്കർ പറഞ്ഞു.

Content Highlights: Sankar on Chiranjeevi