തോല്‍വിക്ക് പുറകെ സഞ്ജുവിന് എട്ടിന്റെ പണി
Sports News
തോല്‍വിക്ക് പുറകെ സഞ്ജുവിന് എട്ടിന്റെ പണി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th April 2024, 11:16 am

ഐ.പി.എല്ലില്‍ ഇന്നലെ ജയ്പൂരില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ഇറങ്ങിയ രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

രാജസ്ഥാന്‍ ജയ്പൂരിലെ സ്വന്തം തട്ടകത്തില്‍ പരാജയം ഏറ്റുവാങ്ങിയതിന് പുറകെ ക്യാപ്റ്റന്‍ സഞ്ജു സാംസണിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കുറഞ്ഞ ഓവര്‍ നിരക്ക് നിലനിര്‍ത്തിയതിനാല്‍ ക്യാപ്റ്റന്‍ സഞ്ജുവിന് 12 ലക്ഷം രൂപയാണ് പിഴ നല്‍കിയിരിക്കുന്നത്.

മിനിമം ഓവര്‍ റേറ്റ് കൃത്യമായി പാലിക്കാത്തതിനാല്‍ ഐ.പി.എല്ലിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് ടീമിനും സഞ്ജുവിനും ഈ അവസ്ഥ ഉണ്ടായത്. പുതിയ സീസണില്‍ ആദ്യമായാണ് സഞ്ജുവിന് പിഴ ലഭിക്കുന്നത്.

മത്സരത്തില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടതിന്റെ മറ്റൊരു കാരണം കുറഞ്ഞ ഓവര്‍ റേറ്റില്‍ പെനാല്‍റ്റി ഏറ്റുവാങ്ങിയതുമാണ്. 20-ാം ഓവറിന് മുമ്പ് രാജസ്ഥാന്‍ നിശ്ചിത സമയത്തിന് പുറമെ പന്തെറിയാന്‍ ചെലവഴിച്ചു, പെനാല്‍റ്റി കാരണം 30-യാര്‍ഡ് സര്‍ക്കിളിന് പുറത്ത് അഞ്ച് ഫീല്‍ഡര്‍മാര്‍ക്ക് പകരം നാല് പേരെ അനുവദിച്ചു. കളി മാറ്റിമറിച്ചു.

അവസാന 12 ബോളില്‍ 28 റണ്‍സ് വിജയിക്കാനിരിക്കെ ആണ് രാജസ്ഥാന് കളി വിട്ടുകൊടുക്കേണ്ടി വന്നത്. ട്രെന്റ് ബോള്‍ട്ടിനെയും കേശവ് മഹാരാജിനെയും കൃത്യമായി ഉപയോഗിക്കുന്നതില്‍ സഞ്ജുവിന് പിഴവും ഉണ്ടായിരുന്നു. രണ്ട് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രമായിരുന്നു ബോള്‍ട്ട് വിട്ടുകൊടുത്തത്.

അവസാന ഘട്ടത്തില്‍ ഗുജറാത്തിനെ വിജയത്തില്‍ എത്തിച്ചത് 11 പന്തില്‍ നിന്ന് നാല് ഫോര്‍ ഉല്‍പ്പെടെ 24 റണ്‍സ് നേടിയ അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ റാഷിദ് ഖാന്‍ ആണ്. പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതും താരമാണ്. റാഷിദിന് പുറമെ രാഹുല്‍ തെവാട്ടിയ 11 പന്തില്‍ 22 റണ്‍സ് നേടി.

 

Content highlight: Sanju was fined Rs 12 lakh