| Sunday, 24th January 2016, 11:40 am

ഐ.പി.എല്‍ ലേലം: രണ്ടു കോടി പട്ടികയില്‍ യുവരാജും സഞ്ജു സാംസണും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഐ.പി.എല്‍ ക്രിക്കറ്റ് താര ലേലത്തിനുള്ള ആദ്യ പട്ടിക ബി.സി.സി.ഐ തയാറാക്കി.

താര ലേലത്തിനുള്ള ആദ്യ പട്ടികയില്‍ ഏറ്റവും കൂടിയ അടിസ്ഥനവിലയായ രണ്ട് കോടി രൂപയുടെ പട്ടികയില്‍ മലയാളി താരം സഞ്ജു വി സാംസണും യുവരാജ് സിങ്ങും ഇടംപിടിച്ചു. 12 കളിക്കാരാണ് ഈ പട്ടികയിലുള്ളത്.

ഫെബ്രുവരി ആറിന് ബാംഗ്ലൂരിലാണ് ഐ.പി.എല്‍ താരലേലം നടക്കുക.

യുവരാജിനും സഞ്ജുവിനും പുറമെ കെവിന്‍ പിറ്റേഴ്‌സണ്‍, ഷെയ്ന്‍ വാട്‌സന്‍, ഇഷാന്ത് ശര്‍മ, മിച്ചല്‍ മാര്‍ഷ്, മൈക്ക് ഹസി, വെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ദിനേശ് കാര്‍ത്തിക്, ആശിഷ് നെഹ്‌റ, ദവാല്‍ കുല്‍ക്കര്‍ണി, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരാണ് പട്ടികയിലുള്ളത്.

രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു സഞ്ജു വി സാംസണ്‍. ട്വന്റി20 ഫോര്‍മാറ്റിലെ മികച്ച പ്രകടനങ്ങള്‍ കണക്കിലെടുത്താണ് ബി.സി.സി.ഐ സഞ്ജുവിന് മികച്ച അടിസ്ഥാന വിലയിട്ടത്.

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് സഞ്ജു വി സാംസണ്‍ കളിച്ചിരുന്നത്. എന്നാല്‍, ഐ.പി.എല്ലില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സിനെ പുറത്താക്കിയതോടെ സഞ്ജു പുതിയ ടീമിലേക്ക് പോകേണ്ടിവരും.

ആകെ 714 കളിക്കാരുടെ പട്ടികയാണ് ബി.സി.സി.ഐ തയാറാക്കിയത്.

ഡെയ്ന്‍ സ്റ്റെയ്ന്‍, മോഹിത് ശര്‍മ, ജോസ് ബട്ട്‌ലര്‍ എന്നിവര്‍ 1.5 കോടി പട്ടികയിലും ഇര്‍ഫാന്‍ പത്താന്‍, ടിം സോത്തി എന്നിവര്‍ ഒരു കോടി പട്ടികയിലും ഇടംപിടിച്ചു.

50 ലക്ഷം രൂപ വിലയുള്ളവരുടെ പട്ടികയില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ജാസന്‍ ഹോള്‍ഡര്‍, ബരിന്ദര്‍ സ്രാന്‍ എന്നീ താരങ്ങളും ഉള്‍പ്പെടുന്നു.

We use cookies to give you the best possible experience. Learn more