ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തിലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് തോല്‍വി. 36 റണ്‍സിനാണ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയത്. ടോസ് നേടിയ രാജസ്ഥാന്‍ ഹൈദരാബാദിനെ ആദ്യം ബാറ്റിങ്ങിന് അയച്ചപ്പോള്‍ നിശ്ചിത ഓവറില്‍ 175 റണ്‍സ് ആണ് ടീം നേടിയത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മത്സരത്തിന് ശേഷം തോല്‍വിയേക്കുറിച്ച് സഞ്ജു സംസാരിച്ചിരുന്നു.
‘ഇതൊരു വലിയ കളിയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഞങ്ങള്‍ ബൗള്‍ ചെയ്ത രീതിയില്‍ എനിക്ക് അഭിമാനമുണ്ട്. അവരുടെ സ്പിന്നിനെതിരെ മധ്യ ഓവറുകളില്‍ ഞങ്ങള്‍ക്ക് ഓപ്ഷനുകള്‍ കുറവായിരുന്നു, അവിടെയാണ് ഞങ്ങള്‍ കളി തോറ്റത്. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ കുറച്ച് മഞ്ഞ് പ്രതീക്ഷിച്ചിരുന്നു, പക്ഷെ അത് എപ്പോഴാണെന്ന് ഊഹിക്കാന്‍ വളരെ പ്രയാസമാണ്. രണ്ടാം ഇന്നിങ്സില്‍ വിക്കറ്റ് വ്യത്യസ്തമായി തുടങ്ങിയിരുന്നു, പന്ത് അല്‍പം തിരിയാന്‍ തുടങ്ങി, അവര്‍ അത് നന്നായി ഉപയോഗിച്ചു,’ സാംസണ്‍ പറഞ്ഞു.
മത്സരത്തില്‍ സണ്‍റൈസേഴ്‌സ് തകര്‍പ്പന്‍ സ്പിന്‍ ബൗളിങ്ങിലാണ് രാജസ്ഥാന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത്. ടീമിലെ നാല് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. അഭിഷേക് ശര്‍മയുടെയും ഷഹബാസ് അഹമ്മദിന്റെയും നിര്‍ണായ ഓവറുകളാണ് രാജസ്ഥാനെ അടിമുടി തകര്‍ത്തത്. ക്യാപ്റ്റന്‍ കമ്മിന്‍സ് കോളര്‍ കാഡ്‌മോറിന്റെ വിക്കറ്റ് നേടിയതോടെയാണ് ഹൈദരാബാദ് വേട്ട ആരംഭിച്ചത്.
തുടര്‍ന്ന് ഷഹബാസ് അഹമ്മദ് ജെയ്‌സ്വാളിനെയും പറഞ്ഞയക്കുകയായിരുന്നു. റിയാന്‍ പാരാഗ്, ആര്‍. അശ്വിന്‍ എന്നിവരുടെ നിര്‍ണായക വിക്കറ്റുകളും താരം നേടി. ക്യാപ്റ്റന്‍ സഞ്ജുവിന്റെയും ഹിറ്റര്‍ ഹെറ്റിയുടെയും നിര്‍ണായക വിറ്റുകള്‍ അഭിഷേക് ശര്‍മയും നേടി. റോവ്മാന്‍ പവലിന്റെ വിക്കറ്റ് ടി. നടരാജനും സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ഹെന്റിച്ച് ക്ലാസനാണ്. നിര്‍ണായകഘട്ടത്തില്‍ 34 പന്തില്‍ നിന്ന് 50 റണ്‍സാണ് താരം നേടിയത്. അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചത് രാഹുല്‍ ത്രിപാതിയാണ് വെറും 15 പന്തില്‍ നിന്ന് രണ്ട് സിക്‌സറും 5 ഫോറും ഉള്‍പ്പെടെ 37 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ ട്രാവല്‍സ് ഹെഡ് 28 പന്തില്‍ നിന്ന് 34 റണ്‍സ് നേടി.