| Thursday, 5th December 2024, 3:45 pm

ടൊവിയോട് ഏറ്റവും ബഹുമാനമുള്ള കാര്യം അവന്‍ 2011ല്‍ ഇട്ടൊരു പോസ്റ്റ്, എനിക്കന്ന് അതിനുള്ള ധൈര്യം പോലും ഇല്ലായിരുന്നു: സഞ്ജു ശിവറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാജീവിതം തുടങ്ങി പിന്നീട് വില്ലനായും സഹനടനായും അഭിനയം തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. ഗപ്പിയിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചു. കരിയറിലെ രണ്ടാമത്തെ പാന്‍ ഇന്ത്യന്‍ ചിത്രമായ അജയന്റെ രണ്ടാം മോഷണം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്. സോളോ ഹീറോയായി 100 കോടി ക്ലബ്ബില്‍ ഇടം നേടാനും ഈ ചിത്രത്തിലൂടെ ടൊവിനോക്ക് സാധിച്ചു.

ഒരുപാട് കഠിന പ്രയത്‌നത്തിലൂടെ സിനിമയിലേക്ക് എത്തിയ ആളാണ് ടോവിനോ തോമസ്. ടൊവിനോയുടെ ധൈര്യത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ സഞ്ജു ശിവറാം. ടൊവിനോയ്ക്ക് സ്വപ്നങ്ങള്‍ കൃത്യമായി പറയാനുള്ള ധൈര്യമുണ്ടെന്നും ആ ഒരു ധൈര്യം പോലും ഇല്ലാത്ത ആളാണ് താനെന്നും സഞ്ജു പറയുന്നു.

ടൊവിനോയോട് എനിക്ക് ഏറ്റവും ബഹുമാനമുള്ള കാര്യം 2011ല്‍ ടൊവിനോ ഇട്ടൊരു പോസ്റ്റാണെന്നും എന്നത് എഴുതിയിടാന്‍ നല്ലൊരു ധൈര്യവും ആത്മവിശ്വാസവും വേണമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ടൊവിനോയ്ക്ക് അവന്റെ സ്വപ്നങ്ങള്‍ കൃത്യമായി പറയാനുള്ള ധൈര്യമുണ്ട്. ആ ഒരു ധൈര്യം പോലും ഇല്ലാത്ത ആളാണ് ഞാന്‍. ടൊവിനോയോട് എനിക്ക് ഏറ്റവും ബഹുമാനമുള്ള കാര്യം അവന്‍ 2011ല്‍ ഇട്ടൊരു പോസ്റ്റാണ്.

‘ഇന്ന് നിങ്ങള്‍ എന്നെ വേണമെങ്കില്‍ വിഡ്ഢിയെന്ന് വിളിച്ചോളൂ, കഴിവില്ലാത്തവര്‍ എന്ന് മുദ്ര കുത്തിക്കോളൂ, അഹങ്കാരി എന്ന് പറഞ്ഞോളൂ, ഇതൊരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്’ എന്നൊക്കെ പറഞ്ഞ് അവന്‍ ഫേസ്ബുക്കില്‍ എഴുതിയിട്ടിരുന്നല്ലോ. എഴുതിയിടാന്‍ നല്ലൊരു ധൈര്യവും ആത്മവിശ്വാസവും വേണം. എനിക്കത് അന്ന് ഇല്ലായിരുന്നു,’ സഞ്ജു ശിവറാം പറയുന്നു.

അതേസമയം നജീം കോയ സംവിധാനം ചെയ്ത് റഹ്‌മാന്‍ നായകനായി പുറത്തിറങ്ങിയ വെബ് സീരീസാണ് ‘1000 ബേബീസ്’. ഈ സീരീസില്‍ നടന്‍ സഞ്ജു ശിവറാമും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ബിബിന്‍ എന്ന കഥാപാത്രമായാണ് സഞ്ജു എത്തിയത്. സീരീസിലെ അദ്ദേഹത്തിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

Content Highlight: Sanju Sivram Talks  About Tovino Thomas

Latest Stories

We use cookies to give you the best possible experience. Learn more