Advertisement
Entertainment news
'മുഹമ്മദ് അലിക്കൊപ്പമെടുത്ത ഫോട്ടോയിലെ ഷര്‍ട്ട് കഴിഞ്ഞ മാസവും ഇട്ടുവെന്നാണ് മമ്മൂക്ക പറഞ്ഞത്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 24, 03:58 pm
Monday, 24th July 2023, 9:28 pm

മലയാളം സെലിബ്രിറ്റികളുടെ ഡ്രെസിങ് സ്റ്റൈല്‍ നോക്കിയാല്‍ അതില്‍ മുന്നില്‍ നില്‍ക്കുന്നത് മമ്മൂട്ടിയായിരിക്കും. ഏത് പൊതുപരിപാടിക്കും മമ്മൂട്ടി അണിയുന്ന വസ്ത്രങ്ങള്‍ ശ്രദ്ധ നേടാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ധരിച്ച വസ്ത്രത്തിന്റെ വരെ കളക്ഷന്‍ മമ്മൂട്ടിയുടെ കയ്യിലുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിക്കൊപ്പം 1993ല്‍ എടുത്ത ഫോട്ടോയില്‍ അണിഞ്ഞിരുന്ന ഷര്‍ട്ട് ഇന്നും മമ്മൂട്ടിയുടെ കയ്യിലുണ്ടെന്ന് സഞ്ജു ശിവറാം പറയുന്ന വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. റോഷാക്കിന്റെ പ്രമോഷന്റെ ഭാഗമായി ഓണ്‍ലൈന്‍ മാധ്യമങ്ങളോട് സഞ്ജു സംസാരിക്കുമ്പോള്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു.

‘മുഹമ്മദ് അലിക്കൊപ്പം നില്‍ക്കുന്ന അദ്ദേഹത്തിന്റെ ഒരു ഫോട്ടോ മമ്മൂക്കയെ കാണിച്ചു. ഇത് എപ്പോള്‍ എടുത്തതാണെന്ന് ചോദിച്ചു. 1993യിലുള്ള ഫോട്ടോയായിരുന്നു അത്. ആ ഫോട്ടോയില്‍ കാണുന്ന ഷര്‍ട്ട് ഞാന്‍ കഴിഞ്ഞ മാസം ഇട്ടിരുന്നുവെന്ന് അപ്പോള്‍ മമ്മൂക്ക പറഞ്ഞു.

അപ്പോള്‍ ചോദിച്ചപ്പോഴാണ് അന്ന് ഉപയോഗിച്ചിരുന്ന കണ്ണാടിയും മമ്മൂക്കയുടെ കയ്യിലുണ്ടെന്ന് അറിയുന്നത്. ലാലേട്ടന്റെ കല്യാണത്തിന് പോയപ്പോഴും ആ കണ്ണാടി ഉപയോഗിച്ചിരുന്നു,’ സഞ്ജു പറഞ്ഞു.

ആ കണ്ണാടി തന്നെയാണ് പിന്നീട് പുള്ളീടെ പടത്തിന്റെ ലോഞ്ചിന് ഇട്ടതെന്ന് മമ്മൂട്ടിയും കൂട്ടിച്ചേര്‍ത്തു. ബറോസിന്റെ ലോഞ്ചിന് വെച്ച കണ്ണാടി തന്നെയാണ് പുള്ളീടെ കല്യാണത്തിന് വെച്ചത്, മമ്മൂട്ടി പറഞ്ഞു.

ജിയോ ബേബിയുടെ കാതല്‍, റോബി വര്‍ഗീസ് രാജിന്റെ കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.

Content Highlight: sanju sivarama talks about mammootty’s dress collection