| Thursday, 5th January 2023, 5:47 pm

'മമ്മൂക്കക്ക് ഈ സിനിമ ചെയ്യേണ്ട ഒരു കാര്യവുമില്ല, അതും ഭീഷ്മ പര്‍വ്വം പോലെയൊരു ഹിറ്റിന് ശേഷം'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീറിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് റോഷാക്ക്. പ്രതികാരത്തിനായി വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ലൂക്ക് ആന്റണിയേയും സീതയേയും ശശാങ്കനേയുമൊക്കെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായി സഞ്ജു ശിവറാമും എത്തിയിരുന്നു. ബിന്ദു പണിക്കരുടെ മകനായിട്ടായിരുന്നു സഞ്ജു ചിത്രത്തില്‍ വേഷമിട്ടത്. ബിന്ദു പണിക്കരുടെ കൂടെ അഭിനയിച്ചപ്പോളുണ്ടായ അനുഭവം പറയുകയാണ് സഞ്ജു. കുടുംബത്തില്‍ ഒരു മരണമുണ്ടായ സാഹചര്യത്തിലും ബിന്ദു പണിക്കരും ജഗദീഷും ഷൂട്ടില്‍ ജോയിന്‍ ചെയ്‌തെന്നും അത്രയും സമര്‍പ്പണബോധമായിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നതെന്നും സഞ്ജു പറഞ്ഞു. റോഷാക്കില്‍ അഭിനയിക്കാനും ചിത്രം നിര്‍മിക്കാനും മമ്മൂട്ടി തീരുമാനിച്ചതിനെ പറ്റിയും സഞ്ജു ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.

‘ബിന്ദു ചേച്ചി ഭയങ്കര ചിയര്‍ ഫുള്‍ ആയിട്ടുള്ള ഒരു വ്യക്തി ആയിരുന്നു ലൊക്കേഷനില്‍. ബിന്ദു ചേച്ചിയുടെ സഹോദരന്‍ മരിച്ച സമയമായിരുന്നു. അതിനു ശേഷമാണ് ചേച്ചി ലൊക്കേഷനില്‍ വന്ന് ജോയിന്‍ ചെയ്യുന്നത്. അത് കൊണ്ട് ഷൂട്ട് കുറച്ച് കാലതാമസം എടുത്തിരുന്നു. സൂപ്പര്‍ സ്റ്റാര്‍സ് വരെ സിനിമക്ക് വേണ്ടി ഡേറ്റ് മാറ്റി വെച്ചിരുന്നു.

ബിന്ദു ചേച്ചിയുടെ പേഴ്‌സണല്‍ ജീവിതത്തില്‍ ഇങ്ങനെ ഒരു പ്രശ്‌നം വന്നപ്പോള്‍ അത് കഴിഞ്ഞിട്ട് ഷൂട്ട് തുടങ്ങാം എന്ന് തീരുമാനിച്ചു. അതേസമയം ജഗദീഷേട്ടന്റെ ഭാര്യ മരിച്ച സമയത്തും ഒരു ഗ്യാപ്പ് കൊടുത്തിരുന്നു. അതാണ് ഞാന്‍ പറയുന്നത് ഓരോരുത്തരേയും അത്രയും റെസ്പെക്ട് ചെയ്തിട്ടുണ്ട് ആ സിനിമയില്‍.

ഞാന്‍ മനസിലാക്കിയിടത്തോളം ആദ്യം നിസാം തന്നെ സിനിമ പ്രൊഡ്യൂസ് ചെയ്യാമെന്ന തീരുമാനത്തിലായിരുന്നു. കഥ പറഞ്ഞപ്പോള്‍ മമ്മൂക്ക അങ്ങോട്ട് പ്രൊഡ്യൂസ് ചെയ്‌തോളാം എന്ന് പറയുകയായിരുന്നു. കാരണം ഇത് അത്രയും കോംപ്ലിക്കേറ്റഡ് ആയ സിനിമയാണ്. ഭീഷ്മ പര്‍വ്വത്തിനു ശേഷം ഇങ്ങനെ ഒരു സിനിമ എടുക്കേണ്ട കാര്യമില്ല. കാരണം ഇനിയും അത് പോലെ ഒരു മാസ് പടം വന്നാല്‍ ഭയങ്കരമായിട്ട് കളക്റ്റ് ചെയ്യും. ആ സമയത്ത് ഇത് പോലെ ഒരു റിസ്‌ക്കി ആയിട്ടുള്ള പ്രൊജക്റ്റ് എടുത്ത് എക്‌സിക്യൂട്ട് ചെയ്യേണ്ട ആവശ്യമില്ല’ സഞ്ജു പറഞ്ഞു.

തേര് ആണ് ഇനി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന സഞ്ജുവിന്റെ ചിത്രം. അമിത് ചക്കാലക്കല്‍ നായകനാവുന്ന ചിത്രം എസ്.ജെ സിനുവാണ് സംവിധാനം ചെയ്യുന്നത്. കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, ബാബുരാജ്, സ്മിനു സിജോ, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: sanju sivaram talks mammootty and rorschach

Latest Stories

We use cookies to give you the best possible experience. Learn more