| Tuesday, 9th July 2024, 9:35 am

അപ്പാനി രവിയായി ശ്രീനാഥ് ഭാസി, യൂ ക്ലാമ്പ് രാജനായി സൗബിന്‍, ഭീമനായി ടൊവിനോ, അങ്കമാലി ഡയറീസിന്റെ ആദ്യ കാസ്റ്റ് ഇങ്ങനെയായിരുന്നു: സഞ്ജു ശിവറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീ.കൊ.ഞാ.ച എന്ന ചിത്രത്തിലൂടെ സിനിമാമേഖലയിലേക്കെത്തിയ താരമാണ് സഞ്ജു ശിവറാം. 11 വര്‍ഷത്തെ കരിയറില്‍ 30ഓളം സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. കോമഡി വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന താരമാണ് സഞ്ജു ശിവറാം. മമ്മൂട്ടി നായകനായ റോഷാക്കിലെ വില്ലന്‍ വേഷവും ശ്രദ്ധേയമായ കഥാപാത്രമാണ്.

മലയാളസിനിമക്ക് ഒരുപിടി പുതുമുഖങ്ങളെ സമ്മാനിച്ച സിനിമയായിരുന്നു അങ്കമാലി ഡയറീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം കട്ട ലോക്കല്‍ പടം എന്ന ലേബലില്‍ വന്ന സിനിമ വലിയ ഹിറ്റായിരുന്നു. എന്നാല്‍ ആ സിനിമ ആദ്യം പരിചയസമ്പന്നരായ താരങ്ങളെ വെച്ച് ചെയ്യാനിരുന്നതായിരുന്നുവെന്ന് പറയുകയാണ് സഞ്ജു ശിവറാം. 2015 മുതല്‍ ആ സിനിമയുടെ ചര്‍ച്ചയില്‍ താന്‍ പങ്കാളിയായിരുന്നുവെന്നും സഞ്ജു പറഞ്ഞു.

ലിജോയ്ക്ക് പകരം ചെമ്പന്‍ വിനോദായിരുന്നു ആ സിനിമ ചെയ്യാനിരുന്നതെന്നും പെപ്പെ ചെയ്ത വേഷത്തിലേക്ക് തന്നെയായിരുന്നു പരിഗണിച്ചതെന്നും സഞ്ജു പറഞ്ഞു. ഭീമനായി ടൊവിനോയും, അപ്പാനി രവിയായി ശ്രീനാഥ് ഭാസിയും, യൂ ക്ലാമ്പ് രാജനായി സൗബിനും, തോമസ് എന്ന കഥാപാത്രമായി ജോജുവുമായിരുന്നുവെന്നും സഞ്ജു പറഞ്ഞു.

പിന്നീട് ലിജോ ഈ പ്രൊജക്ട് സംവിധാനം ചെയ്യാമെന്ന് പറയുകയും എന്നാല്‍ ലിജോ ആയതുകൊണ്ട് പല നിര്‍മാതാക്കളും പിന്മാറിയെന്നും അതിന് ശേഷമാണ് പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. പുതിയ സിനിമയായ പാര്‍ട്‌ണേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘അങ്കമാലി ഡയറീസില്‍ നായകവേഷം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു. 2015 മുതല്‍ ഞാനാ പ്രോജക്ടിന്റെ കൂടെയുണ്ടായിരുന്നു. ഈ സമയത്ത് ചെമ്പന്‍ ചേട്ടനായിരുന്നു ആ സിനിമ സംവിധാനം ചെയ്യാന്‍ ഇരുന്നത്. അന്ന് ഇപ്പോള്‍ കാണുന്നതുപോലെ മൊത്തം പുതുമുഖങ്ങളല്ലായിരുന്നു. ഭീമനായി ടൊവിയും, അപ്പാനി രവിയായി ശ്രീനാഥ് ഭാസി, യൂ ക്ലാമ്പ് രാജനായി സൗബിന്‍, തോമസേട്ടനായി ജോജു, ഇങ്ങനെയായിരുന്നു കാസ്റ്റ്.

പിന്നീടാണ് ലിജോ ഈ സിനിമ സംവിധാനം ചെയ്യാമെന്ന് പറഞ്ഞ് വരുന്നത്. ലിജോയാണെന്നറിയുമ്പോള്‍ പല നിര്‍മാതാക്കളും ആ സമയത്ത് പിന്മാറിയിരുന്നു. കാരണം, പുള്ളി അതിന് മുമ്പ് ചെയ്ത ഡബിള്‍ ബാരല്‍ വലിയ പരാജയമായിരുന്നു. 70 ദിവസം ഷൂട്ട് ചെയ്യേണ്ട സിനിമയായിരുന്നു അത്. പിന്നീടാണ് അത്രയും സ്റ്റാര്‍ കാസ്റ്റ് വേണ്ടെന്ന് വെച്ച് എല്ലാ കഥാപാത്രങ്ങളും പുതുമുഖങ്ങള്‍ ചെയ്താല്‍ മതിയെന്ന തീരുമാനത്തിലേക്കെത്തിയത്,’ സഞ്ജു ശിവറാം പറഞ്ഞു.

Content Highlight: Sanju Sivaram saying that he was the hero in Angamaly diaries in its initial plan

We use cookies to give you the best possible experience. Learn more