ഹോട്‌സ്റ്റാറില്‍ റിലീസായ ഏറ്റവും പുതിയ വെബ് സീരീസാണ് 1000 ബേബീസ്. നജീം കോയ അണിയിച്ചൊരുക്കിയ സീരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് നീന ഗുപ്ത, റഹ്‌മാന്‍, സഞ്ജു ശിവറാം എന്നിവരാണ്. മലയാളത്തില്‍ വന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച വെബ് സീരീസ് എന്നാണ് 1000 ബേബീസിനെക്കുറിച്ച് പലരും അഭിപ്രായപ്പെടുന്നത്. സീരീസിലെ സഞ്ജു ശിവറാമിന്റെ പ്രകടനത്തെ പലരും പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
സൈക്കോ കഥാപാത്രമായി അഭിനയിക്കാന്‍ ആരുടെയെങ്കിലും റഫറന്‍സ് എടുത്തിട്ടുണ്ടായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സഞ്ജു ശിവറാം. യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരം സൈക്കോ കഥാപാത്രങ്ങള്‍ നമ്മുടെ കണ്മുന്നില്‍ വന്ന് പെടാറില്ലെന്നും അതുകൊണ്ട് ആരെയും റഫറന്‍സായി എടുത്തിട്ടില്ലെന്നും സഞ്ജു പറഞ്ഞു. അത്തരം ആളുകളുടെ ഏറ്റവും വലിയ പ്രത്യേകത അവര്‍ മറ്റുള്ളവരുടെ മുന്നില്‍ സാധാരണക്കാരെപ്പോലെ പെരുമാറുന്നതാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
മറ്റുള്ളവരെ കണ്‍വിന്‍സ് ചെയ്യുന്നതിലാണ് അത്തരം ആളുകള്‍ മുന്നിട്ടു നില്‍ക്കുന്നതെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണം മുന്നറിയിപ്പ് എന്ന സിനിമയിലെ സി.കെ. രാഘവന്‍ എന്ന കഥാപാത്രമാണെന്നും സഞ്ജു ശിവറാം പറഞ്ഞു. ആ കഥാപാത്രം എല്ലാവരുടെയും മുന്നില്‍ പാവമായി നില്‍ക്കുന്ന ഒരാളാണെന്നും എന്നാല്‍ ആ സിനിമയുടെ അവസാനം അയാളിലെ സൈക്കോ ഉണരുകയാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സഞ്ജു ശിവറാം.
‘ഈ സീരീസിന് വേണ്ടി ആരെയും റഫറന്‍സായി എടുക്കാന്‍ പറ്റാത്ത അവസ്ഥയാണല്ലോ. കാരണം, നമ്മളാരും ഒരു സൈക്കോ കില്ലറിനെ നേരിട്ട് കണ്ടിട്ടുണ്ടാവില്ല. അവരെല്ലാം സൊസൈറ്റിയുടെ മുന്നില്‍ സാധാരണക്കാരായിട്ടായിരിക്കും നടക്കുക. അതുമാത്രമല്ല, എനിക്ക് ഈ ക്യാരക്ടറിനെക്കുറിച്ച് ആരോടും പറയാനും പറ്റില്ല. പറഞ്ഞാല്‍ സ്‌പോയിലറായിപ്പോകും. അതുകൊണ്ട് നമ്മളുടേതായ രീതിയില്‍ ബിബിന്‍ എന്ന ക്യാരക്ടറിനെ പ്രസന്റ് ചെയ്തുവെന്ന് മാത്രം.
അതുപോലെ ഇത്തരം സൈക്കോയായിട്ടുള്ള ആളുകളുടെ പ്രധാന പോയിന്റ് അവര്‍ മറ്റുള്ളവരുടെ മുന്നില്‍ പാവത്താനെപ്പോലെ പെരുമാറി അവരെ കണ്‍വിന്‍സ് ചെയ്യിക്കുന്നതാണ്. അതിലാണ് അവരുടെ വിജയം. അതിന്റെ ഏറ്റവും വലിയ ഉദാഹരണം മുന്നറിയിപ്പ് എന്ന സിനിമയിലേതാണ്. അതിലെ സി.കെ. രാഘവന്‍ എന്ന ക്യാരക്ടര്‍ എല്ലാവരുടെയും മുന്നില്‍ പാവമായിട്ടാണ് നടക്കുന്നത്. അയാളുടെ സ്വാതന്ത്ര്യം ഇല്ലാതാകുന്നിടത്താണ് ആ ക്യാരക്ടറിന്റെ ഉള്ളിലെ സൈക്കോ ഓണ്‍ ആകുന്നത്,’ സഞ്ജു ശിവറാം പറഞ്ഞു.
Content Highlight: Sanju Sivaram saying Mammooty’s character in Munnariyippu movie is the convincing psycho in Malayalam cinema