ഇനി ഇതുപോലൊരു സിനിമ ചെയ്യരുതെന്ന് ഞാൻ അന്ന് ടൊവിനോയോട് പറഞ്ഞു: സഞ്ജു ശിവറാം
Entertainment
ഇനി ഇതുപോലൊരു സിനിമ ചെയ്യരുതെന്ന് ഞാൻ അന്ന് ടൊവിനോയോട് പറഞ്ഞു: സഞ്ജു ശിവറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd September 2024, 10:45 pm

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ സംവിധാനം ചെയ്യുന്ന മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം അഥവാ എ.ആര്‍.എം. മൂന്നുകാലഘട്ടങ്ങളിലൂടെ കഥപറയുന്ന ചിത്രത്തില്‍ അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളില്‍ ടൊവിനോ എത്തുന്നു.

ഈ ഓണത്തിന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിൽ മൂന്ന് ഗെറ്റപ്പിലാണ് ടൊവിനോ എത്തുന്നത്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് തുടങ്ങി വമ്പൻ താരനിര ഒന്നിക്കുന്ന ചിത്രം ത്രീ.ഡിയിലാണ് പുറത്തിറങ്ങുന്നത്.

സഞ്ജു ശിവറാമും ഒരു പ്രധാന വേഷത്തിൽ സിനിമയിൽ എത്തുന്നുണ്ട്. അജയന്റെ രണ്ടാം മോഷണത്തിന്റെ ഷൂട്ട്‌ കഴിഞ്ഞപ്പോൾ ഇതുപോലൊരു സിനിമ ഇനിയൊരിക്കലും ചെയ്യരുതെന്നാണ് താൻ പറഞ്ഞതെന്ന് സഞ്ജു പറയുന്നു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റിനോട് സംസാരിക്കുകയായിരുന്നു സഞ്ജു.

‘അജയന്റെ രണ്ടാം മോഷണത്തിന്റെ ഷൂട്ട്‌ കഴിഞ്ഞപ്പോൾ ഞാൻ ടൊവിയോട് പറഞ്ഞ കാര്യം എനിക്കിപ്പോഴും ഓർമയുണ്ട്. ഇനി ഇതുപോലൊരു സിനിമ ചെയ്യരുത് എന്നാണ് ഞാൻ അവനോട് പറഞ്ഞത്.

ഇങ്ങനെയൊരു സിനിമ ചെയ്യാൻ പാടില്ലായെന്നാണ് ഞാൻ പറഞ്ഞത്. കാരണം അവനവനെ അത്രത്തോളം കഷ്ടപ്പെടുത്തിയ ഒരു സിനിമയാണ്. ഷൂട്ടിന്റെ സമയത്ത് ഞാൻ കണ്ടതാണ്.

രാത്രി ഞങ്ങൾ ഫുൾ നൈറ്റ്‌ ഷൂട്ട്‌ ചെയ്യും. ഷൂട്ടിന്റെ പ്രൊസസ് തന്നെ വളരെ വലുതാണ്. മേക്കപ്പ് ഒക്കെ അഴിക്കാൻ തന്നെ ഒരു സമയം വേണം. അതെല്ലാം കഴിഞ്ഞിട്ട് രാവിലെ കുതിര സവാരിക്ക് പോവും.

അവനോട് ഉറങ്ങുന്നില്ലേയെന്ന് ചോദിച്ചാൽ, കളരി പരിശീലിക്കാനുണ്ടെന്ന് പറയും. ഇതെല്ലാം കഴിഞ്ഞിട്ട് ടൊവി വീണ്ടും വൈകുന്നേരം ഷൂട്ടിന് വരും. അപ്പോഴും അവൻ നല്ല പ്ലസെന്റായിട്ടാവും ഇരിക്കുക. ഞങ്ങളൊക്കെ നൈറ്റ്‌ ഷൂട്ട്‌ കഴിഞ്ഞ് കിളി പോയി ഇരിക്കുകയായിരിക്കും. അപ്പോഴായിരിക്കും അവൻ നല്ല ഫ്രഷ് ആയിട്ട് വരുക,’സഞ്ജു ശിവറാം പറയുന്നു.

 

Content Highlight: Sanju Shivaram Talk About Tovino’s Effect In Ajayante Randam Moshanam Film