ആ അന്യഭാഷ ചിത്രങ്ങൾക്കൊപ്പം ചേർത്ത് വെക്കാവുന്ന ഒരു സിനിമയാണ് അജയന്റെ രണ്ടാം മോഷണം: സഞ്ജു ശിവറാം
Entertainment
ആ അന്യഭാഷ ചിത്രങ്ങൾക്കൊപ്പം ചേർത്ത് വെക്കാവുന്ന ഒരു സിനിമയാണ് അജയന്റെ രണ്ടാം മോഷണം: സഞ്ജു ശിവറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th September 2024, 4:21 pm

ഈ വർഷം മലയാളത്തിൽ ഏറെ പ്രതീക്ഷയുള്ള ചിത്രങ്ങളിൽ ഒന്നാണ് അജയന്റെ രണ്ടാം മോഷണം. ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത കഥാപാത്രമായി എത്തുന്ന ചിത്രം ത്രീ.ഡിയിലാണ് ഒരുക്കിയിരിക്കുന്നത്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥപറയുന്ന ചിത്രത്തില്‍ അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളിലാണ് ടൊവിനോ എത്തുന്നത്.

നവാഗതനായ ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോദ എന്ന ചിത്രത്തിന്റെ സഹ സംവിധായകനായിരുന്നു ജിതിൻ. അന്ന് ഇതുപോലൊരു വലിയ ചിത്രത്തെ കുറിച്ച് ജിതിൻ പറഞ്ഞാൽ ആരും വിശ്വസിക്കില്ലായിരുന്നുവെന്ന് പറയുകയാണ് നടൻ സഞ്ജു ശിവറാം.

അന്യഭാഷകളിൽ വലിയ സിനിമ കണ്ടാസ്വദിക്കുന്ന മലയാളികൾ മലയാളത്തിൽ അങ്ങനെ ഒരു സിനിമ അംഗീകരിക്കുന്നതിൽ മടി കാണിക്കാറുണ്ടെന്നും അജയന്റെ രണ്ടാം മോഷണം ഒരു വലിയ സിനിമയാണെന്നും സഞ്ജു പറയുന്നു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റിനോട് സംസാരിക്കുകയായിരുന്നു താരം.

‘അന്യഭാഷയിലെ വലിയ സിനിമകൾ നമ്മൾ കാണുകയും വലിയ സംഭവമാണെന്ന് പറയുകയും ചെയ്യും. പക്ഷെ മലയാളത്തിൽ നിന്ന് ഒന്ന് വരുമ്പോൾ പലപ്പോഴും അത് അംഗീകരിക്കാൻ നമ്മൾ ഒരു വിമുഖത കാണിക്കാറുണ്ട്.

മലയാളത്തിൽ നിന്നൊന്നും അങ്ങനെ വന്നാൽ ശരിയാവില്ല, മറ്റ് ഭാഷയിൽ നിന്ന് വന്നാൽ അത് ഓക്കെയാണ് എന്നൊരു ധാരണയാണ്. എന്നാൽ അങ്ങനെ മലയാളത്തിൽ നിന്ന് നമുക്ക് പറയാവുന്ന ഒരു സിനിമയാണ് അജയന്റെ രണ്ടാം മോഷണം.

കാരണം അതിനുവേണ്ടിയെടുത്ത എഫേർട്ട് അതുപോലെയാണ്. അവർ കാണിച്ച വിശ്വാസവും അതുപോലെയാണ്. തുടക്കം മുതലേ അജയന്റെ രണ്ടാം മോഷണത്തെ കുറിച്ചാണ് പറയുന്നത്. ത്രീ. ഡിയിൽ ഇറക്കണമെന്നെല്ലാം അന്നേ പറയുന്നുണ്ട്. വലിയ വലിയ പ്രതീക്ഷയായിരുന്നു അന്ന് മുതലേ.

ഗോദയിൽ അസോസിയേറ്റ് ആയിരുന്ന ഒരാൾ ഭാവിയിൽ ഇത്ര വലിയ പടമൊക്കെ ചെയ്യുമെന്ന് പറഞ്ഞ് കഴിഞ്ഞാൽ കള്ളമാണെന്ന് വിചാരിക്കും. അതൊരു നിർമാതാവും അഗീകരിക്കുകയുമില്ല,’സഞ്ജു ശിവറാം പറയുന്നു.

 

Content Highlight: Sanju Shivaram Talk About Ajayante Randam Moshanam Movie