| Saturday, 26th October 2024, 4:08 pm

ഒരുപാട് സിനിമകളിൽ ടൊവിക്ക് അടി കിട്ടിയിട്ടുണ്ട്, അവനത് ശീലമാണ്: സഞ്ജു ശിവറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നല്‍ മുരളിയുടെ വിജയത്തിന് ശേഷം റിലീസായ ടൊവിനോയുടെ പാന്‍ ഇന്ത്യന്‍ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. മൂന്ന് വ്യത്യസ്ത കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തില്‍ അജയന്‍, കുഞ്ഞിക്കേളു, മണിയന്‍ എന്നിങ്ങനെ മൂന്ന് കഥാപാത്രമായാണ് ടൊവിനോ എത്തിയത്. നവാഗതനായ ജിതിന്‍ ലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ സഞ്ജു ശിവറാമും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ചിത്രത്തിൽ ടൊവിനോയോടൊപ്പം അഭിനയിച്ച അനുഭവങ്ങൾ പങ്കുവെക്കുകയാണ് സഞ്ജു ശിവറാം. ഒരു സീനിൽ തനിക്ക് ടൊവിനോയെ ശരിക്കും അടിക്കേണ്ടി വന്നെന്നും എന്നാൽ ടൊവിനോക്ക് അത് ഒരുപാട് സിനിമകളിൽ ശീലമാണെന്നും സഞ്ജു ശിവറാം പറയുന്നു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ടൊവിയുടെ ഗ്രോത്ത് ടൊവി ഒരുപാട് ആഗ്രഹിച്ചിട്ടുള്ളതാണ്. അതുപോലെ മുന്നോട്ട് വരണം, അങ്ങനെയുള്ള സിനിമകൾ ചെയ്യണമെന്നൊക്കെ കുറെകാലമായി ടൊവി ആഗ്രഹിക്കുന്നുണ്ട്.

അതുപോലെയുള്ള സിനിമകൾ ഇന്ന് ടൊവി ചെയ്യുന്നു. അത് വലിയ കാര്യമാണ്. ഫിസിക്കലിയും ഇമോഷണലിയുമെല്ലാം അതിന് വേണ്ടി ടൊവി ഒരുപാട് ഹാർഡ് വർക്ക്‌ ചെയ്തിട്ടുണ്ട്. ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ട്. അജയന്റെ രണ്ടാം മോഷണത്തിലാണെങ്കിലും മൂന്ന് ഭാവത്തിലാണ് അവൻ ആ കഥാപാത്രങ്ങളെ പിടിച്ചിട്ടുള്ളത്.

ടൊവിയുടെ പോരായ്മ അവൻ തിരിച്ചറിഞ്ഞ് അതനുസരിച്ചാണ് അവൻ വർക്ക്‌ ചെയ്യാറുള്ളത്. അജയന്റെ രണ്ടാം മോഷണത്തിൽ ഫസ്റ്റ് ഡേ ഉണ്ടായിരുന്ന ഷൂട്ട് ഞാൻ ടൊവിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് അടിക്കുന്ന ഒരു സീനാണ്.

ടൊവിയുടെ കരണത്ത് അടിക്കുന്നതാണ്. അന്നെന്റെ കൈയൊന്ന് മുറിഞ്ഞിട്ട് കയ്യിലൊരു വലിയ സ്റ്റിച്ചുണ്ട്. ഞാൻ ആദ്യം ലെഫ്റ്റ് കൈ കൊണ്ട് അടിക്കാമെന്ന് വിചാരിച്ചു. പക്ഷെ ക്യാമറ അപ്പുറത്തെ സൈഡിൽ നിന്നായത് കൊണ്ട് വലംകൈ കൊണ്ട് തന്നെ അടിക്കുന്നതാവും നന്നാവുകയെന്ന് ക്യാമറമാൻ പറഞ്ഞു.

ഷോട്ട് വന്നപ്പോൾ ടൊവി ഞാൻ കൈമാറ്റുമെന്ന് കരുതി അതനുസരിച്ചായിരുന്നു നിന്നത്. പക്ഷെ നല്ലൊരു അടി ടൊവിക്ക് കിട്ടി. പക്ഷെ ടൊവിക്ക് അത് ശീലമാണെന്ന് എനിക്ക് തോന്നുന്നു. കാരണം തല്ലുമാലയിലും വാശിയിലുമെല്ലാം ടൊവിക്ക് അങ്ങനെ അടി കിട്ടിയിട്ടുണ്ട്. അവനത് നല്ല കൂളായിട്ടാണ് എടുക്കാറുള്ളത്,’സഞ്ജു ശിവറാം പറയുന്നു

Content Highlight: Sanju Shivaram About Tovino Thomas

We use cookies to give you the best possible experience. Learn more