ബ്ലെസി സാറിന്റെ ആ ചിത്രത്തിലേക്ക് സെലക്ടായിട്ടും എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ല: സഞ്ജു ശിവറാം
Entertainment
ബ്ലെസി സാറിന്റെ ആ ചിത്രത്തിലേക്ക് സെലക്ടായിട്ടും എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ല: സഞ്ജു ശിവറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 31st December 2024, 7:57 am

നീ കൊ ഞാ ചാ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് സഞ്ജു ശിവറാം. പിന്നീട് 1983 , മൺസൂൺ മാംഗോസ് തുടങ്ങിയ സിനിമകളിലും സഞ്ജു പ്രത്യക്ഷപ്പെട്ടിരുന്നു. ഈയിടെ ഇറങ്ങി വലിയ ശ്രദ്ധ നേടിയ 1000 ബേബീസ് എന്ന വെബ് സീരീസിലും ശ്രദ്ധേയമായ കഥാപാത്രത്തെ സഞ്ജു അവതരിപ്പിച്ചു.

സിനിമയിലേക്ക് വരുന്നതിന് മുമ്പ് ഒരുപാട് ഓഡിഷനിൽ പങ്കെടുത്തിട്ടുണ്ടെന്നും കൽക്കട്ടയിലെ ഡിഗ്രി പഠനകാലത്ത് ബ്ലെസി സംവിധാനം ചെയ്ത കൽക്കട്ട ന്യൂസ് എന്ന ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും അതിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും സഞ്ജു പറയുന്നു.

പിന്നീട് മറ്റൊരു സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അവസരം ലഭിച്ചെന്നും എന്നാൽ സംവിധായകൻ തന്നെ മാറ്റിയപ്പോൾ അന്നാശ്വസിപ്പിച്ചത് നടൻ ജഗതി ശ്രീകുമാറാണെന്നും സഞ്ജു കൂട്ടിച്ചേർത്തു. സ്റ്റാർ ആൻഡ് സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു സഞ്ജു.

‘കൽക്കട്ടയിലാണ് ഞാൻ ഡിഗ്രി ചെയ്‌തത്. എം.ബി.എ ബാംഗ്ലൂരിലും പക്ഷേ വീട്ടുകാരെല്ലാം കൽക്കട്ടയിൽ തന്നെയായിരുന്നു. അവിടെവെച്ചാണ് അശ്വതിയെ പരിചയപ്പെടുന്നത്. അശ്വതിയുടെ അച്ഛൻ അവിടത്തെ മലയാളിസമാജത്തിൽ സജീവമാണ്. അതുകൊണ്ട് സിനിമയിലുള്ള ആരെങ്കിലും കൽക്കട്ടയിലേക്ക് വരുന്നുണ്ടെങ്കിൽ, അത് അശ്വതിക്ക് അറിയാൻ പറ്റും.

അതൊക്കെ എന്നോട് പറയുകയും ചെയ്യും. ഒരിക്കൽ ബ്ലെസി സാർ കൽക്കട്ടയ്ക്ക് വന്നു. അദ്ദേഹത്തിന്റെ ‘കൽക്കട്ട ന്യൂസി’ൻ്റെ ഓഡിഷനിൽ ഞാൻ പങ്കെടുക്കുകയും ചെയ്തു. തിരിച്ച് ബാംഗ്ലൂരിലെത്തിയപ്പോഴാണ് സെലക്ടായെന്നു പറഞ്ഞ് വിളിവന്നത്. അതിൽ അഭിനയിക്കാൻ പറ്റിയില്ല.

അതിനിടയിലാണ് മറ്റൊരു സിനിമയിൽ അവസരമുണ്ടെന്ന് ഒരു സുഹൃത്ത് പറയുന്നത്. അങ്ങനെ പോയി. ജൂനിയർ ആർട്ടിസ്റ്റായിട്ടാണെങ്കിലും സന്തോഷമായിരുന്നു. കാരണം അത് ജഗതി ശ്രീകുമാറുള്ള ഒരു സീനാണ്. മേക്കപ്പിട്ട് ജഗതിച്ചേട്ടന്റെ കാലിൽ തൊട്ടുതൊഴുതു. പക്ഷേ, സെറ്റിൽ ചെന്നപ്പോഴാണറിയുന്നത്, സംവിധായകൻ വേറെയാരെയോ അവിടെ നിർത്തിയെന്ന്. ഭയങ്കര വിഷമമായി.

ഞാൻ മേക്കപ്പ് അഴിക്കുമ്പോൾ ജഗതിച്ചേട്ടൻ ചോദിച്ചു, ‘എന്തുപറ്റി, കഴിഞ്ഞോ?’ ‘അല്ല, സംവിധായകൻ മാറ്റി’ എന്ന് ഞാൻ പറഞ്ഞു. അതു സാരമില്ല മോനേ, സിനിമ അങ്ങനെ യാണെന്ന്, അദ്ദേഹം പറഞ്ഞു,’സഞ്ജു പറയുന്നു.

 

Content Highlight: Sanju Shivaram About Blessy’s Kalkatta News Movie