| Sunday, 29th April 2018, 11:48 pm

സഞ്ജുവിന്റെ കുതിപ്പ് തുടരുന്നു; നീലകുപ്പായത്തില്‍ പുതിയൊരു നേട്ടം കൊയ്ത് മലയാളിതാരം

സ്പോര്‍ട്സ് ഡെസ്‌ക്
ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളി പ്രതീക്ഷയാണ് വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ സഞ്ജു വി സാംസണ്‍. രണ്ട് വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ലീഗില്‍ തിരികെയെത്തിയ രാജസ്ഥാന്‍ എട്ട് കോടി രൂപയ്ക്കാണ് വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെ സ്വന്തമാക്കിയത്. ഇപ്പോഴിതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ കുപ്പായത്തില്‍ 1000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് താരം. ഹൈദരാബാദുമായുള്ള മത്സരത്തില്‍ 40 റണ്‍സ്് നേടിയതിലൂടെയാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത്.
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 1000 റണ്‍സ് നേടുന്ന ആറാം താരമായി ഇതോടെ സഞ്ജു മാറി. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഐപിഎല്ലില്‍ അരങ്ങേറ്റം നടത്തിയ സഞ്ജു 206 റണ്‍സാണ് ആ എഡിഷനില്‍ സ്വന്തമാക്കിയത്. 2014 ല്‍ 339 റണ്‍സെടുത്ത സഞ്ജു ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസയേറ്റുവാങ്ങിയിരുന്നു.
 
താരത്തിന്റെ പേരില്‍ 1,665 റണ്‍സാണ് ഐ.പി.എല്ലിലുള്ളത്. ഒരു സെഞ്ച്വറിയും ഒന്‍പത് അര്‍ധ സെഞ്ച്വറിയും ഇതിനിടയില്‍ സഞ്ജു സ്വന്തമാക്കിയിരുന്നു.
 
കോഴ വിവാദത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിന് പുറത്തിരിക്കേണ്ടി വന്ന കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടിയാണ് സജ്ഞു കളിച്ചത്. കഴിഞ്ഞ കൊല്ലം തന്റെ ആദ്യ ഐ.പി.എല്‍ സെഞ്ചുറിയും താരം സ്വന്തമാക്കിയിരുന്നു. മികച്ച ടെക്നിക്കും ഉയര്‍ന്ന ടാലന്റുമുള്ള സഞ്ജു വിക്കറ്റിന് പിന്നിലും മികച്ച പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നത്.
We use cookies to give you the best possible experience. Learn more