| Tuesday, 27th August 2024, 8:09 am

ആദ്യമായി അദ്ദേഹത്തെ കാണാന്‍ പോകുമ്പോള്‍ താടി വടിച്ചു; ജൂണിലെ എന്റെ റോള് പോയെന്ന് കേട്ട് പേടിച്ചു: സഞ്ജു സാനിച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഹമ്മദ് ഖബീര്‍ സഹ-രചനയും സംവിധാനവും നിര്‍വഹിച്ച് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജൂണ്‍. സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ ചിത്രത്തില്‍ രജിഷ വിജയനാണ് ടൈറ്റില്‍ റോളില്‍ എത്തിയത്. സര്‍ജാനോ ഖാലിദ്, അര്‍ജുന്‍ അശോകന്‍, സണ്ണി വെയ്ന്‍, ജോജു ജോര്‍ജ്, അശ്വതി മേനോന്‍ എന്നിവരും ജൂണില്‍ ഒന്നിച്ചിരുന്നു.

ഇവര്‍ക്ക് പുറമെ സിനിമയില്‍ പതിനഞ്ചോളം പുതുമുഖങ്ങളും ഉണ്ടായിരുന്നു. ജൂണ്‍ റിലീസായിട്ട് 5 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഈ സിനിമയിലേക്ക് വന്നതിനെ കുറിച്ച് പറയുകയാണ് നടന്‍ സഞ്ജു സാനിച്ചന്‍. ജൂണില്‍ അര്‍ജുന്‍ എന്ന കഥാപാത്രമായിട്ടാണ് സഞ്ജു എത്തിയത്. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ക്കെല്ലാം ശരിക്കും ഒരു പിടിവള്ളി പോലെയായിരുന്നു ജൂണ്‍ എന്ന സിനിമ. അതായത് പരമാവധി എഫേര്‍ട്ടിട്ട് ഈ സിനിമയിലൂടെ എങ്ങനെയെങ്കിലും കയറി രക്ഷപ്പെടുക എന്നതായിരുന്നു ലക്ഷ്യം. കുറേ ഓഡീഷനൊക്കെ പോയിട്ട് കിട്ടിയ അവസരമായിരുന്നു ഇത്.

ഞങ്ങള്‍ക്ക് സിദ്ധാര്‍ത്ഥ് ശിവ സാറിന്റെ ഒരു ക്യാമ്പ് ഉണ്ടായിരുന്നു. അത് കഴിഞ്ഞിട്ട് ഡയറക്ടേഴ്‌സിന്റെ ഒരു ക്യാമ്പ് കൂടെയുണ്ടായിരുന്നു. അപ്പോള്‍ കുറേ പ്രോസസ് കഴിഞ്ഞിട്ടാണ് ഈ സിനിമയിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ഞങ്ങള്‍ പെട്ടെന്ന് മിങ്കിളായിരുന്നു. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പരസ്പരം നന്നായി പരിചയമായി.

സിനിമക്ക് വേണ്ടി മാക്‌സിമം ട്രാന്‍സ്‌ഫോര്‍മേഷന്‍ ചെയ്യുക എന്നതായിരുന്നു ഞങ്ങള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നത്. അതിന്റെ ഭാഗമായിട്ട് ജൂണിന്റെ മീറ്റിന് വേണ്ടി വരുന്ന സമയത്ത് എന്നോട് താടി എടുക്കരുതെന്ന് പറഞ്ഞിരുന്നു. ഞാന്‍ പക്ഷെ ആദ്യമായി ഡയറക്ടറിനെ കാണാന്‍ പോകുകയല്ലേ എന്നോര്‍ത്ത് താടി വടിച്ചാണ് പോയത്.

ട്രിമ്മ് ചെയ്ത് വന്ന എന്നെ കണ്ടിട്ട് ‘നിന്നോട് ആരാടാ ട്രിമ്മ് ചെയ്യാന്‍ പറഞ്ഞത്. നിന്റെ റോള് പോയി’ എന്ന് പറഞ്ഞു. അത് കേട്ടതും ഞാന്‍ വലിയ രീതിയില്‍ പേടിച്ചു. പക്ഷെ ദൈവം അനുഗ്രഹിച്ച് എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ഷൂട്ട് നീണ്ടു പോയി. അപ്പോഴേക്കും താടിയൊക്കെ വളര്‍ന്നു,’ സഞ്ജു സാനിച്ചന്‍ പറഞ്ഞു.


Content Highlight: Sanju Sanichen Talks About June Movie

We use cookies to give you the best possible experience. Learn more