ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ വിജയിച്ചെങ്കിലും ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാനായിരുന്നില്ല. മുംബൈ, ബെംഗളൂരു എന്നീ ടീമുകളുടെ അവസാന മത്സരത്തിലെ വിജയ പരാജയങ്ങള്‍ കൂടി രാജസ്ഥാന്റെ സാധ്യതയെ സ്വാധീനിക്കും.
പ്രാഥമിക ഘട്ടത്തിലെ 14 മത്സരങ്ങളും പൂര്‍ത്തിയാക്കിയ രാജസ്ഥാനിപ്പോള്‍ ഏഴ് വിജയവും ഏഴ് തോല്‍വിയുമായി ടേബിളില്‍ അഞ്ചാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ 14 പോയിന്റുള്ള മുംബൈയും 13 മത്സരങ്ങളിള്‍ 13 പോയിന്റുള്ള ബെംഗളൂരുവുമാണ് രാജസ്ഥാന് വെല്ലുവിളിയുണ്ടാക്കാന്‍ പോകുന്ന ടീമുകള്‍.
ഇതിനിടയില്‍ തന്റെ ഇന്‍സ്റ്റ ഗ്രാം അക്കൗണ്ടില്‍ സഞ്ജു സാംസണ്‍ പോസ്റ്റ് ചെയ്ത ചിത്രവും അതിന് നല്‍കിയ ക്യാപ്ഷനുമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.
താനും യുസ്വേന്ദ്ര ചാഹലും ജോസ് ബട്‌ലറും ഒരുമിച്ച് ഗ്രൗണ്ടില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ച് ‘ യുസി, ജോസേട്ടാ, കുറച്ചുനേരം ഇരുന്നുനോക്കാം. ചെലപ്പൊ ബിരിയാണി കിട്ടിയാലോ’ എന്ന വണ്‍ മാന്‍ ഷോ സിനിമയിലെ സലീം കുമാറിന്റെ ഡയലോഗാണ് സഞ്ജു ക്യാപ്ഷ്യനായി നല്‍കിയിട്ടുള്ളത്.
ഇത് കൂടാതെ ഇതിന് ജോസ് ബട്‌ലര്‍ നല്‍കിയ കമന്റും വളരെയധികം ചര്‍ച്ചയാകുന്നുണ്ട്. ‘നോ ബിരിയാണി. ഡക്ക് പാന്‍കേക്ക്(താറാവ് പാന്‍കേക്ക്)’ എന്നാണ് ജോസ് ബട്‌ലര്‍ ഇതിന് നല്‍കിയിരിക്കുന്ന കമന്റ്. ഈ സീസണില്‍ ഡക്കുകളുടെ കണക്കില്‍ മോശം റെക്കോഡുള്ള ബട്‌ലര്‍ തന്നെ സ്വയം കളിയാക്കിയിട്ട കമന്റാണിതെന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ നാല് വിക്കറ്റിനാണ്
രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ രണ്ട് പന്തും നാല് വിക്കറ്റും ബാക്കി നില്‍ക്കെയാണ് വിജയം നേടിയത്.