ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ട്വന്റി-20 മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. നാല് മത്സരം കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും രണ്ട് മത്സരം വെച്ച് വിജയിച്ചിട്ടുണ്ട്. അവസാന മത്സരത്തില്‍ ജയിക്കുന്ന ടീമിന് പരമ്പര നേടാം.
മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും പരാജിതനാകുന്ന കാഴ്ചയാണ് അഞ്ചാം മത്സരത്തിലും കാണാന്‍ സാധിച്ചത്. ഒമ്പത് പന്ത് നേരിട്ട സഞ്ജു 13 റണ്‍സ് മാത്രമാണ് നേടിയത്. രണ്ട് ബൗണ്ടറി താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ലോകകപ്പ്, ഏഷ്യാ കപ്പ് ടീമുകളില്‍ താരം ഇടം നേടുമെന്ന് വിശ്വസിക്കുന്ന ആരാധകരുടെയും ക്രിക്കറ്റ് പ്രേമികളുടെയും സകല പ്രതീക്ഷകളും കളയുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. ഈ പരമ്പരയില്‍ ആദ്യ രണ്ട് മത്സരത്തിലും സഞ്ജുവിന് ബാറ്റിങ് അവസരം ലഭിച്ചിരുന്നു. ആദ്യ മത്സരത്തില്‍ 12 പന്ത് നേരിട്ട് 12 റണ്‍സ് നേടി സഞ്ജു റണ്ണൗട്ടായപ്പോള്‍ രണ്ടാം മത്സരത്തില്‍ വെറും ഏഴ് റണ്‍സെടുത്ത് പുറത്തായി.
ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് വേണ്ടി വാദിക്കുന്ന ഒരുപാട് പേരുണ്ട് എന്നാല്‍ സഞ്ജുവിന് അതിനുളള ആഗ്രഹമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം അഞ്ചാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യ തുടക്കം തന്നെ പതറിയിരുന്നു. വെറും 17 റണ്‍സെടുക്കുന്നതിനിടയില്‍ രണ്ട് ഓപ്പണര്‍മാരെയും ഇന്ത്യക്ക് നഷ്ടമായിരുന്നു. പിന്നീടെത്തിയ തിലക് വര്‍മ-സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇന്ത്യയെ പിടിച്ചുനിര്‍ത്തുകയായിരുന്നു.
അതിവേഗത്തില്‍ 27 റണ്‍സെടുത്ത് പുറത്തായ തിലകിന് ശേഷമായിരുന്നു സഞ്ജു ക്രീസിലെത്തിയത് എന്നാല്‍ താരത്തിന് തിളങ്ങനായില്ല. അടുത്ത ആഴ്ച ആരംഭിക്കുന്ന അയര്‍ലന്‍ഡ് പരമ്പരക്കുള്ള ടീമിലും സഞ്ജുവുണ്ട് എന്നാല്‍ ഈ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയാലും അദ്ദേഹത്തിന് ഏഷ്യാ കപ്പിലും ലോകകപ്പിലും അവസരം ലഭിക്കുമോ എന്ന് കണ്ടറിയണം.
Content Highlight: Sanju Samson yet again dissappoints the fans