|

മോശം ഫോമിലാണെങ്കിലും ആറ്റിട്യൂഡ് മാറ്റില്ല! സഞ്ജു സാംസണ്‍ ഫോര്‍ യൂ!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-അയര്‍ലന്‍ഡ് രണ്ടാം ടി-20 മത്സരത്തില്‍ ഇന്ത്യക്ക് വിജയം. 33 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇതോടെ ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലുയിസ് നിയമപ്രകാരം ഇന്ത്യ വിജയിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടിയിരുന്നു. 43 പന്തില്‍ 58 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്വാദാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ 40 റണ്‍സ് നേടിയിരുന്നു. വെറും 26 പന്തിലായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

അഞ്ച് ഫോറും ഒരു സിക്‌സും സഞ്ജുവിന്റെ ഇന്നിങിലുണ്ടായിരുന്നു. താരത്തിനെതിരെ ഒരുപാട് വിമര്‍ശനങ്ങളും ട്രോളുകളും നിരന്തരമായി കേട്ടുകോണ്ടിരിക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള ഇന്നിങ്‌സ്.

എന്നത്തെയും പോലും ഇമ്പാക്ടുള്ള ഇന്നിങ്‌സാണ് താരം അടിച്ചുകൂട്ടിയത്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ മോശം ഫോമിലായിരുന്നു സഞ്ജു കളിച്ചത്.

അതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും താരം തന്റെ ശൈലി മാറ്റാന്‍ തയ്യാറല്ലായിരുന്നു. തുടക്കം മുതല്‍ അറ്റാക്ക് ചെയ്യുന്ന ഇന്നിങ്‌സ് തന്നെയായിരുന്നു സഞ്ജു ഈ മത്സരത്തിലും കളിച്ചത്.

അഞ്ചാം ഓവറില്‍ 34/2 എന്ന നിലയിലായിരുന്നു സഞ്ജു ക്രീസില്‍ എത്തുന്നത്. പിന്നീട് റിതുരാജിനെ കൂട്ടുപിടിച്ചുകൊണ്ട് സഞ്ജു സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. ഇരുവരും തകര്‍ത്ത് കളിച്ചപ്പോള്‍ മൂന്നാം വിക്കറ്റില്‍ പിറന്നത് 71 റണ്‍സാണ്. 105ല്‍ നില്‍ക്കെയാണ് കൂട്ടുക്കെട്ട് പിരിഞ്ഞത്.

പിന്നീടെത്തിയ റിങ്കും സിങ്ങും ശിവം ദുബെയും തകര്‍ത്തടിച്ചപ്പോള്‍ ടീം സ്‌കോര്‍ 185ല്‍ എത്തുകയായിരുന്നു. റിങ്കു സിങ് 21 പന്തില്‍ 38 റണ്‍സും ദുബെ 16 പന്തില്‍ 22 റണ്‍സും സ്വന്തമാക്കി.

സഞ്ജുവിനെ ഏഷ്യാ കപ്പിലും ലോകകപ്പിലും പരിഗണിക്കില്ല എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ സഞ്ജു ഇതൊന്നും വിലവെക്കുന്നില്ല.

Content Highlight: Sanju Samson wont change his attitude even if he is not in good form